കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

✍🏻 ജയകുമാരി വിജയൻ

“കേരള റ്റു കശ്മീർ… ഇത്തനാ ദൂർ സെ… വാഹ്! മാഡം, വെൽക്കം ടു കാശ്മീർ.” ശ്രീനഗറിലെ ഒരു കൊച്ചു ആപ്പിൾ തോട്ടത്തിന് നടുവിലുള്ള, ഇനിയും പണി തീരാത്ത ഹോട്ടലിലേക്ക് അജാസ് ഭായ് ഞങ്ങളെ വളരെ നാടകീയമായിട്ടാണ് സ്വീകരിച്ചത്. ട്രെക്കിങ്ങ് ബാഗുകൾ കണ്ടിട്ടാകും അയാൾ ചോദിച്ചു. “Which Trek?”
“Kashmir Great Lakes (KGL)”
കുറച്ച വർഷങ്ങളായി ഒരു ഹിമാലയൻ ട്രെക്ക് കൊതിക്കുന്നു. ഒന്ന് രണ്ടു തവണ രജിസ്റ്റർ ചെയ്‌തെങ്കിലും കോവിഡ് കാരണം പണനഷ്ടം മാത്രമായിരുന്നു ബാക്കി. അക്കാരണം കൊണ്ട് തന്നെ ആദ്യമൊന്നു മടിച്ചെങ്കിലും സൂഹൃത്തുക്കൾ തന്ന ധൈര്യത്തിൽ രണ്ടും കല്പിച്ചു ‘അപ്പൂപ്പൻതാടി’ (Traveling company) യുടെ പാക്കേജിൽ രജിസ്റ്റർ ചെയ്തു. സൈക്ലിങും, നടത്തവും, ഓട്ടവുമൊക്കെയായി മാസങ്ങൾ നീണ്ട ഗംഭീര തയ്യാറെടുപ്പുകൾ നടത്തി. ദൈർഘ്യമേറിയ ട്രെക്കാണ്. ഏഴു ദിവസത്തെ നടത്തം, 72 കിലോമീറ്റർ, 13,750 അടി ഉയരം. ആദ്യമായാണ് ഇത്രയും ദൂരെ, ഇത്ര ദീർഘമായ ഒരു യാത്രക്ക് പോകുന്നത്. സാഹചര്യങ്ങൾ എല്ലാം അനുകൂലം. ട്രെക്കിനു ശേഷം കാശ്മീർ കൂടി ചുറ്റിയടിക്കാൻ ഉള്ള പ്ലാൻ ഞങ്ങൾ തയ്യാറാക്കി. രണ്ടാഴ്ചത്തെ യാത്രയാണ്. പ്ലാൻ ചെയ്ത പോലെ ട്രെക്കിനു രണ്ടു ദിവസം മുൻപേ ഞങ്ങൾ ശ്രീനഗർ എത്തിച്ചേർന്നു.

നേരെത്തെ സൂചിപ്പിച്ച അജാസ് ഭായിയുടെ ഹോട്ടലിൽ ആയിരുന്നു താമസം ഉറപ്പിച്ചിരുന്നത്. ബാഗൊക്കെ വച്ചിട്ട് ഞങ്ങൾ മൂന്നു പേര് ചേർന്ന് കശ്മീരിലെ ഓൾഡ് ടൗണും, ചില ദർഗകളും കാണാൻ പോയി. തിരിച്ചു എത്തുമ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ താമസസ്ഥലം മാറ്റിയിരുന്നു. അടുത്തു തന്നെയുള്ള പുതിയ സ്ഥലത്ത് രാത്രിയോടെ സംഘത്തിലെ ബാക്കി ആളുകളും എത്തിച്ചേർന്നു. ഒരു ഒഡിഷക്കാരിയൊഴിച്ചാൽ ബാക്കി എല്ലാവരും മലയാളികൾ. ചിലരാകട്ടെ മുൻയാത്രകളിൽ കണ്ടു പരിചിതരും!

ബാഗ് ചുമന്നുകൊണ്ട് തന്നെ ട്രെക്ക് ചെയ്യാം എന്നായിരുന്നു ഞങ്ങൾ അഞ്ചാറു പേർ തീരുമാനിച്ചത്. ഭാരം ഒന്നുകൂടി കുറയ്ക്കാം എന്നുകരുതി ഏറ്റവും അത്യാവശ്യം സാധനങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഹോട്ടലിൽ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചു. ട്രെക്ക് കഴിഞ്ഞു ഇതേ ഹോട്ടലിലേക്ക് തന്നെയാണ് വരുന്നത്. എല്ലാവരും എത്തിച്ചേർന്നതിനാൽ പരസ്പരം പരിചയപ്പെടലും മറ്റുമായി ആകെ ഉല്ലാസമൂഡിലാണ് എല്ലാവരും. പിറ്റേന്ന് സോനാമാർലേക്ക് പോകും. അവിടെ ക്യാമ്പ് ചെയ്തിട്ട് പിറ്റേന്ന് മുതൽ ആണ് ട്രെക്ക്.

യാത്രാക്ഷീണം നല്ലതുപോലെ ഉണ്ട്. ഡൽഹി എയർപോർട്ടിൽ കണക്ഷൻ ഫ്ലൈറ്റിനു എട്ടു മണിക്കൂർ താമസം ഉണ്ടായിരുന്നതിനാൽ ഉറക്കം ഒരു കസേരയിൽ ആയിരുന്നു. ജാക്കറ്റുകൾ ഒന്നും കയ്യിലുണ്ടായിരുന്നില്ല. ഇട്ടിരുന്ന സ്വെറ്റർ തുളച്ചു തണുപ്പടിച്ചതിനാൽ കിടു കിടാ വിറച്ചാണ് കിടന്നിരുന്നത്. ഇതിന്റെ ഒക്കെ ബാക്കി കിടന്നിരുന്ന ഉറക്കം ഇന്ന് തീർക്കേണ്ടതുണ്ട്. അധികം താമസിക്കാതെ കമ്പളിപുതപ്പിനുള്ളിൽ ഞാൻ താത്കാലികചരമമടഞ്ഞു.

August 21
ശ്രീനഗർ
റ്റു സോനാമാർഗ്

രാവിലെ തന്നെ ഞങ്ങൾ രണ്ടു വണ്ടികളിലായി സോനാമാർഗിലേക്ക് യാത്ര തിരിച്ചു. ഞങ്ങൾ നാലുപേർ ഒരു ഇന്നോവയിലും, ബാക്കിയുള്ളവർ ടെമ്പോയിലും. ശ്രീനഗറിൽ നിന്ന് ലഡാകിലേക്ക് പോകുന്ന സുപ്രധാന പാതയാണ് ഹൈവേ നമ്പർ 1. അതിലൂടെ ഏകദേശം 81 കിലോമീറ്റർ യാത്രയുണ്ട് ക്യാമ്പിലേക്ക്. പട്ടാളവണ്ടികളും, ചരക്കു ലോറികളും, സഞ്ചാരികളും കൂടുതലായി പായുന്ന ഒന്നാം ഹൈവേ!

വണ്ടിയിലിരുന്നു ഞാൻ കാണുന്ന ഓരോ കാഴ്ചയും, മരങ്ങളും, നദിയും, ആപ്പിൾ തോട്ടവും അങ്ങനെ ഓരോ കാഴ്ചകളും എനിക്ക് പുതിയതായിരുന്നു. സുന്ദരരായ മനുഷ്യരും! കണ്ടു ശീലമായ അതിരുകൾക്കപ്പുറം ആകാശത്തേക്ക് തുളഞ്ഞു കയറി നിൽക്കുന്ന പടു കൂറ്റൻ പാറക്കെട്ടുകളും, പർവ്വതങ്ങളും രാക്ഷസന്മാരെ പോലെ തോന്നിച്ചു. സഹ്യന്റെ മലകൾ കാഴ്ചയിൽ എത്രയോ സൗമ്യരാണ്!.

റോഡരികിലെ തരക്കേടില്ലാത്ത ഒരു ദാബയിൽ നിന്ന് നല്ല കട്ടതൈരും, ആലൂ പറാട്ടയും ആയിരുന്നു ഉച്ചഭക്ഷണം. യാത്ര തുടർന്നു. പർവതങ്ങളുടെ ഒക്കെ സ്വഭാവം മാറിത്തുടങ്ങിയിരുന്നു. തണുപ്പും കൂടിക്കൂടി വരുന്നുണ്ടായിരുന്നു. മലകൾക്കു മുകളിൽ ചെറിയ മഞ്ഞുപാളികൾ കണ്ടുതുടങ്ങി. പുതിയ കാഴ്ചയിലേക്ക് രസം പിടിച്ചു നോക്കിയിരിക്കുമ്പോൾ ആണ് ഡ്രൈവർ ഇർഷാദ് വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി ആരെയോ തിരക്കിയിറങ്ങി പോയത്. ഞങ്ങൾ പതിയെ പുറത്തേക്കിറങ്ങി.

ഇടതു വശത്തു Z morph തുരങ്കനിർമ്മാണം നടക്കുന്നു. വലതു വശത്തു മാനം തൊട്ടു നിൽക്കുന്ന പർവ്വതനിര. മഞ്ഞുപാളികൾ. അതിൽനിന്നു ഉരുകി ഒലിച്ചു വരുന്ന തെളിനീര്. അതൊഴുകി വന്നു ചേരുന്ന ഒരു നദി. നദിക്കു കുറുകെ പച്ച പെയിന്റ് അടിച്ച ഒരു ഇരുമ്പു പാലം കാണാം. Welcome to Sonamarg എന്ന വെളുത്ത ലിപികൾ കണ്ടപ്പോൾ ആണ് ഞങ്ങൾ ക്യാമ്പ് പരിസരത്ത് എത്തിച്ചേർന്നിരിക്കുന്നു എന്ന് മനസിലായത്.

ഡ്രൈവർ അവിടെ കുറെ തിരക്കി നടന്ന ശേഷം ഒരു ചെറുപ്പക്കാരനെയും കൂട്ടി തിരികെ എത്തി. വളരെ മെലിഞ്ഞു, തോളിൽ ട്രെക്കിങ്ങ് ബാഗും തൂക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു മനുഷ്യൻ. ഗൈഡ് ആണ് പേര് ജഹാംഗീർ. ഇവിടം മുതൽ മൗണ്ടൈൻ ട്രെക്കേഴ്സ് എന്ന ട്രെക്കിങ്ങ് കമ്പനി ഞങ്ങളെ ഏറ്റെടുക്കുകയാണ്. ഇർഷാദിനോട് യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഗൈഡിന് പിറകെ വച്ച് പിടിച്ചു. അര കിലോമീറ്ററോളം നടക്കണമായിരുന്നു ഞങ്ങളുടെ ക്യാമ്പ് സൈറ്റിൽ എത്താൻ. സിന്ധ് എന്നാണ് നമ്മൾ നേരെത്തെ കണ്ട നദിയുടെ പേര്. ഈ നദിക്കരയിൽ ആണ് ടെന്റുകൾ. മറുകരയിൽ ഷീറ്റ് മേഞ്ഞ കുറെ വീടുകൾ കാണാം. ഷിറ്റ്കടി എന്ന ചെറു ഗ്രാമം ആണത്. അതിനും അപ്പുറം ലാഡാഖിലേക്ക് നീണ്ടു പോകുന്ന നേരെത്തെ ഞങ്ങൾ വന്ന ഹൈവേ.

നദിക്കരയിൽ ടെന്റുകൾ എല്ലാം നേരെത്തെ തന്നെ ഒരുക്കിയിരുന്നു. ചെന്നയുടനെ വെൽക്കം ഡ്രിങ്ക് ഒക്കെ തന്നു അവർ ഞങ്ങളെ സ്വീകരിച്ചു. വഴിയിൽ ചെറിയ ഒരു അപകടം ഉണ്ടായതിനാൽ ബാക്കി സംഘാംഗങ്ങൾ അല്പം വൈകിയാണ് എത്തിച്ചേർന്നത്. ആ ദിവസം ഇനി മറ്റൊന്നും ചെയ്യാനില്ല. ഞങ്ങൾ പതുക്കെ റോഡിലൂടെ നടന്നു. മറുവശത്ത് മലയിറങ്ങി വരുന്ന ചെമ്മരിയാടുകളുടെ ഒരു വലിയ കൂട്ടം. രസമുള്ള ഒരു കാഴ്ച. കൂടെ നീട്ടി ചൂളമടിച്ചു മൂന്നോ നാലോ ഇടയന്മാരും.

ട്രെക്കിങ്ങ് സീസൺ ആണ്. താഴ്‌വാരത്ത്, ഞങ്ങളെ കൂടാതെ വേറെയും ഒരുപാട് ക്യാമ്പുകൾ കണ്ടു. ചെറിയ മഴച്ചാറ്റൽ ഒഴിച്ചാൽ ശാന്തമായ ഒരു സായാഹ്നം. പുറമെ ആഹ്ലാദം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും എന്റെ ഉള്ളിൽ പലവിധ ആശങ്കകൾ കുഴഞ്ഞുമറിയുക ആയിരുന്നു. ഈ ട്രെക്കിലേക്ക് എന്നെ ആകർഷിച്ച ഘടകങ്ങൾ തന്നെയാണ് എന്നെ ഇപ്പോൾ ആശങ്കയിൽ ആക്കുന്നതും. ഹിമാലയം നിസ്സാരക്കാരനല്ല. കൂടെയുള്ളവരെല്ലാം മഞ്ഞ് ട്രെക്ക് ചെയ്ത പരിചയം ഉള്ളവരാണ്. തയ്യാറെടുപ്പുകൾ എല്ലാം നടത്തിയിരുന്നു എങ്കിലും, പുതിയതായി എത്തുന്ന എനിക്ക് ഉയരങ്ങളിലെ കാലാവസ്ഥ ഏവിധം ബാധിക്കുമെന്ന് ഒരു ധാരണയുമില്ല. എല്ലാം വരുന്നിടത് വച്ച് കാണാം എന്ന് സ്വയം സമാധാനിപ്പിച്ചു കാഴ്ചകളിലേക്ക് ഞാൻ എന്നെ തന്നെ തിരിച്ചുവിട്ടുകൊണ്ടേയിരുന്നു.

ടെന്റുകൾ എല്ലാം ഈരണ്ടു പേർക്ക് മാത്രം തങ്ങാവുന്ന രീതിയിലുള്ളവ ആണ്. എല്ലാവര്ക്കും ഇരുന്നു ഭക്ഷണം കഴിക്കേണ്ട ടെന്റ് മാത്രമാണ് അല്പം വലുത്. സന്ധ്യയോടെ കമ്പനി മാനേജർ വന്നു ഞങ്ങളെ അവിടെ വിളിച്ചു കൂട്ടി. പൊതുവായ ചില കാര്യങ്ങൾ സംഗ്രഹിച്ചു തന്നു. ട്രെക്കിൽ ഓരോ ദിവസവും കാണാൻ പോകുന്ന സ്ഥലങ്ങൾ, ഭൂപ്രകൃതി, വെല്ലുവിളികൾ, എന്തൊക്കെ ശ്രദ്ധിക്കണം, അങ്ങനെ മൊത്തത്തിൽ ഒരു ഏകദേശ ധാരണ തരാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളരെ വിലപ്പെട്ട ഒരു വിവരണം ആയിരുന്നു എനിക്കത്. കാരണം, സാധാരണ ഒരു യാത്ര ഉറപ്പിച്ച ശേഷമുള്ള പ്രധാന പരിപാടികളിൽ ഒന്നാണെല്ലോ സോഷ്യൽ മീഡിയയിൽ നിന്നും, ഗൂഗിളിൽ നിന്നും കിട്ടാവുന്ന അത്ര വിവരങ്ങൾ ശേഖരിക്കുക എന്നത്? കാശ്മീർ ഗ്രേറ്റ് ലേക്‌സ്‌ ട്രെക്കിനെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവൊന്നും ലഭിച്ചിരുന്നില്ല. മുൻപേ പോയവരാരും അറിവിലുമുണ്ടായില്ല. മാനേജരുടെ സത്യസന്ധമായ ആ വിവരണത്തിന് ശേഷം എനിക്ക് മാത്രമെന്ന് ഞാൻ കരുതിയിരുന്ന ആശങ്ക പലരുടെയും മുഖത്ത് നിഴലിക്കുന്നത് കണ്ടു.

രാത്രി ആയതോടെ തണുപ്പേറി. മൊബൈൽ റേഞ്ച്, വൈദ്യുതി അങ്ങനെ ഒന്നും തന്നെ ഇല്ല. മാത്രമല്ല വരും ദിവസങ്ങളിലേക്ക് വേണ്ടി ഇതെല്ലം സൂക്ഷിച്ചുപയോഗിക്കുകയും വേണം. ഭക്ഷണ ശേഷം ഞങ്ങൾ പുറത്തിറങ്ങി. മങ്ങിയ വെട്ടത്തിൽ വട്ടം കൂടി സംസാരിച്ചു നിന്നു. പുതിയ ഭൂമിയും, പുതിയ ആകാശവും. ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളും, അവയ്‌ക്കൊക്കെ ഒരുപാട് തിളക്കവും ഉണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങൾ പരസ്പരം കളിയാക്കിയും, തമാശ പറഞ്ഞും ഉറക്കെ ചിരിച്ചു. രാത്രി വെറും എട്ടര ആയിട്ടേ ഉള്ളു. മറ്റൊന്നും ചെയ്യാനില്ല. തണുപ്പടിച്ചു ചെറിയ വിറയൽ തുടങ്ങിയതോടെ എല്ലാവരും പിരിഞ്ഞു ടെന്റുകളിലേക്ക് പോയി.

എന്നത്തേയും പോലെ സുഖമായി ഉറങ്ങാമെന്നു നിനച്ചിരുന്ന എനിക്ക് തെറ്റി. ഇതുവരെ കണ്ടിട്ടില്ലാത്തെ എന്തോ ഒന്നാണ് ഉറക്കം എന്നുപോലും തോന്നിപോയി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ഏഴായിരം അടിയിലേറെ ഉയരത്തിലാണ് ഇപ്പോൾ. ആദ്യമായി എത്തിപ്പെട്ട ഉയരങ്ങൾ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ ആണോ അതോ മനസ്സിനെ അലട്ടുന്ന ആശങ്കകളാണോ എന്ന് എനിക്ക് വ്യക്തമായില്ല. സ്ലീപ്പിങ് ബാഗോ, ക്യാമ്പുകളോ ഒന്നും ആദ്യാനുഭവങ്ങളല്ല. എന്നിട്ടും, വല്ലാത്തൊരു ശ്വാസം മുട്ടലോടെ സ്ലീപ്പിങ് ബാഗിനുള്ളിൽ കൂടെക്കൂടെ എണീറ്റ്, തിരിഞ്ഞും, മറിഞ്ഞും കിടന്ന്, പാതിമയക്കത്തിൽ ഒരു വിധം നേരം വെളുപ്പിക്കേണ്ടി വന്നു. (തുടരും)

Also Read Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്

2 thoughts on “കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed