മഴയ്ക്കു ശമനം; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

കൊച്ചി. കേരളത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടവേളയോടുകൂടിയുള്ള മഴ തുടരുമെങ്കിലും ശക്തിയേറിയ മഴയ്ക്ക് ഇന്നത്തോടെ ശമനം ഉണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ മെറ്റ്ബീറ്റ് വെതർ അറിയിച്ചു. രണ്ടു ദിവസത്തിനകം പൂർണമായും വെയിൽ ഉദിക്കും. കാലവർഷ കാറ്റിന്റെ ശക്തിയിൽ ഗണ്യമായ കുറവുണ്ട്. മറ്റു അന്തരീക്ഷ ഘടകങ്ങളും മഴ കൂടാൻ ഇപ്പോൾ അനുകൂലമല്ല. കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലും ഇപ്പോൾ കനത്ത മഴയുണ്ട്. ഇവ വൈകാതെ പെയ്തു തോരും. എറണാകുളം, ആലപ്പുഴ ജില്ലകളിലും ചെറിയ മഴ സാധ്യതയുണ്ട്. കടലിൽ ധാരാളം മേഘങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം കരയിൽ മഴ പെയ്യിക്കില്ലെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞും മരംവീണും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രധാന പാതയായ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞുവീണ് ദേശീയ പാത 85ൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈകീട്ടോടെ മണ്ണും പാറയും പൂർണമായും നീക്കം ചെയ്തെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഗ്യാപ് റോഡിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും കലക്ടർ പറഞ്ഞു.

മോശം കാലാവസ്ഥ കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് യാത്രകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. താമരശ്ശേരി ചുരത്തിൽ ലക്കിടി ചങ്ങല മരത്തിനു സമീപം റോഡിലേക്ക് മരം വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാസർകോട് വീരമലക്കുന്നിലും ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.

കേരള തീരത്ത് ഉയർന്ന തിരമാലകൾ അടിച്ചുവീശാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ബീച്ചുകളിലേക്കുള്ള വിനോദ യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറയിപ്പ് നൽകിയിട്ടുണ്ട്.

Legal permission needed