തിരുവനന്തപുരം. പൊതുമരാമത്ത് വകുപ്പിന്റെ People’s Rest Houseകൾ ചുരുങ്ങിയ കാലയളവിൽ ബജറ്റ് വിനോദ സഞ്ചാരികളുടെ പ്രിയ താമസ കേന്ദ്രമായി മാറിയിരിക്കുയാണ്. ഒരു കാലത്ത് സർക്കാർ ഉന്നതർക്കും നേതാക്കൾക്കും മാത്രം പ്രാപ്യമായിരുന്ന പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ 2021 നവംബറിലാണ് പീപ്പിൾസ് റസ്റ്റ്ഹൗസുകൾ എന്ന പേരിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഇത് വളരെ പ്രതീക്ഷയോടെയാണ് സഞ്ചാരികൾ വരവേറ്റത്. താങ്ങാവുന്ന ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഇടങ്ങളാണ് പീപ്പിൾസ് റസ്റ്റ്ഹൗസുകൾ.
രണ്ടു വർഷം പിന്നിടുമ്പോൾ 1.97 ലക്ഷം ബുക്കിങ്ങാണ് ഈ റസ്റ്റ്ഹൗസുകൾക്ക് ലഭിച്ചത്. ഇതുവഴി 11.68 കോടി രൂപയുടെ വരുമാനവും നേടി. 14 ജില്ലകളിലായി 156 സർക്കാർ അതിഥി മന്ദിരങ്ങളിലാണ് പൊതുജനങ്ങൾക്ക് മുറി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനായി ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കിയത് വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമായി. മികച്ച പ്രതികരണമാണ് ലഭിച്ചത്.
താങ്ങാവുന്ന നിരക്കാണ് പീപ്പിൾസ് റസ്റ്റ്ഹൗസുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇതോടൊപ്പം വിശാലമായ സൗകര്യങ്ങളും, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കു സമീപത്തെ മികച്ച ലൊക്കേഷനുമെല്ലാം ഈ സർക്കാർ അതിഥി മന്ദിരങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നു.
നോൺ എസി, എസി, സ്വീറ്റ് എന്നീ വിഭാഗങ്ങളിലായി 1,166 മുറികളാണ് ആകെ ബുക്കിങ്ങിനായി ലഭ്യമായിട്ടുള്ളത്. ക്ലാസ് I നോൺ എസി 600 രൂപ, എസി 1000 രൂപ, ക്ലാസ് II നോൺ എസി 400 രൂപ, എസിക്ക് 750 രൂപ, നോൺ എസി സ്വീറ്റ് 1500 രൂപ, എസി സ്വീറ്റ് 2000 രൂപ എന്നിങ്ങനെയാണ് മുറികളുടെ നിരക്കുകൾ.