ഏതു രാജ്യത്ത് നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും വിസ ഇല്ലാതെ (Visa free entry) രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച് ആഫ്രിക്കന്‍ രാജ്യമായ കെനിയ (Kenya). ജനുവരി മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരും. ലോകത്തിലെ ഏറ്റവും പ്രശസ്ത വന്യജീവി സങ്കേതങ്ങളിലൊന്നായ മസായ് മാരയും (MASAI MARA) അവിടെ മസായ് ഗോത്രക്കാരേയും ലോകത്തെ ഏറ്റവും വലിയ 9 വന്യജീവികളെ അവയുടെ സ്വന്തം ആവാസ വ്യവസ്ഥയില്‍ ഒന്നിച്ചു കാണാനുള്ള സുവര്‍ണാവസരവുമാണ് സഞ്ചാരികളെ പ്രധാനമായും കെനിയയിലേക്ക് ആകര്‍ഷിക്കുന്നത്.
രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആഗോള ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് എല്ലാ രാജ്യക്കാര്‍ക്കും വിസയില്ലാതെ കെനിയയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയാണ് കഴിഞ്ഞ ദിവസം ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കെനിയയുടെ 60ാം സ്വാതന്ത്ര്യദിന പരിപാടിയിലായിരുന്നു ഇത്.
രാജ്യം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കെനിയ ഒരുക്കിയിട്ടുണ്ട്. ഇതുവഴി സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കുമെന്ന് പ്രസിഡന്റ് റൂട്ടോ പറഞ്ഞു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുവര്‍ക്കും കെനിയയിലേക്ക് ഇനി വിസ അപേക്ഷ നല്‍കേണ്ടതില്ലെന്ന് ഈ പ്രക്രിയ ഈ മാസം അവസാനത്തോടെ നിര്‍ത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ കെനിയയിലേക്ക് വരാവുന്ന സംവിധാനം ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് പ്രസിഡന്റ് റൂട്ടോ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഇളവ് ലോകത്തെ എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കുമെന്ന പ്രഖ്യാപനം വിനോദ സഞ്ചാരികളെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ത്രില്ലടിപ്പിക്കുന്ന സഫാരിയും സാംസ്‌കാരിക വൈവിധ്യവും മനോഹര ബീച്ചുകളുമാണ് കെനിയയില്‍ വിനോദ സഞ്ചാരികള്‍ക്കായുള്ളത്. ഏറ്റവും കൂടുതല്‍ വിദേസ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് മസായ് മാര. ഇതൊരു നാഷനല്‍ പാര്‍ക്കല്ല. വിശാലമായ നാഷനല്‍ റിസര്‍വ് ആണ്. വിശാലമായ വനമേഖലയും അവിടുത്തെ പ്രധാന ഗോത്രക്കാരായ മസായികളുടെ ആവാസ മേഖലയുമാണ്. മസായ് ഗോത്രക്കാരുടെ സംസ്‌കാരവും ജീവിത രീതികളും അടുത്തറിയാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.