✍🏻 ജയകുമാരി വിജയൻ
ഹിമാലയൻ ട്രെക്ക്/ 2022 August 23 / നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം /ഉയരം: 11,500ft – 13,100ft – 12,000ft/ ദൂരം: 12 കിലോമീറ്റർ
പാചകസംഘത്തിലെ പയ്യൻ എന്നും രാവിലെ ആറു മണിക്ക് ഓരോ ടെന്റിനു മുൻപിലും ലെമൺ ടി പകർന്നു വച്ചിട്ട് ഉറക്കെ വിളിച്ചുണർത്തും. അവനാണ് ഞങ്ങളുടെ wakeup caller. മിക്കവാറും അരുവികൾക്കടുത്ത് തന്നെ ആകും ക്യാമ്പ് ഒരുക്കിയിട്ടുണ്ടാകുക. അരുവി എന്ന് പറഞ്ഞാൽ പർവതങ്ങളുടെ ഉച്ചിയിൽ നിന്നും മഞ്ഞുപാളി ഉരുകി ഒഴുകി വരുന്ന ഐസ് വെള്ളം. വേനലിലെ പ്രധാന ജലസ്രോതസ്സ് മഞ്ഞുപാളികൾ തന്നെ. അധികനേരം ആ വെള്ളത്തിൽ തൊട്ടു കളിക്കാൻ പറ്റില്ല. മുഖമൊന്നു കഴുകുമ്പോൾ തന്നെ മരവിച്ചുപോകുന്ന അവസ്ഥ.
ടോയ്ലറ്റുകൾ എല്ലാം പിറ്റ് ഹോൾ സമ്പ്രദായത്തിൽ ആയിരുന്നു. എല്ലാവരും കിടക്കുന്ന ടെന്റുകളിൽ നിന്നും ദൂരെ, താൽക്കാലികം ആയി കെട്ടുന്ന ചെറിയ ടെന്റിൽ കുഴികുത്തിയാണ് അവ ഒരുക്കിയിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ ശേഷം കോരിക പോലൊരു ഉപകരണം കൊണ്ട് മണ്ണിട്ട് മൂടണം. വെള്ളം ഉപയോഗിക്കാൻ പാടില്ല. ടിഷ്യു, വെറ്റ് വൈപ്സ്, സാനിറ്റീസർ തന്നെ ശരണം. ആ താഴ്വാരത്ത് നിൽക്കുമ്പോൾ ഇത്രയും സൗകര്യം തന്നെ വളരെ ലക്ഷുറി ആയിട്ട് തോന്നുകയേ ഉള്ളു.
Also Read: Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്
പകൽ നടത്തത്തിലെ ശങ്കകൾ എല്ലാം നിറവേറിയിരുന്നത് പാറകൾക്കോ, മരങ്ങൾക്കോ പിന്നലാണ്. “If you want to pee, go behind a rock or tree and just mark your territory” എന്നാണ് മാനേജർ തമാശ രൂപേണ നിർദ്ദേശിച്ചത്. കടുത്ത തണുപ്പ് കുളിയെപ്പറ്റിയുള്ള നമ്മളുടെ വികാരവിചാരങ്ങളെ ഇല്ലാതാക്കും. അത് തീർത്തും ഒഴിവാക്കാൻ മാനസിക ബുദ്ധിമുട്ട് ഉള്ളവർക്ക് bath wipes വച്ച് ദേഹം തുടച്ചെടുക്കാം.
ട്രെക്കിങ്ങിന്റെ രണ്ടാം ദിനം ആയപ്പോ സാഹചര്യങ്ങളോട് എന്റെ മനസ്സ് ഇണങ്ങിത്തുടങ്ങിയെങ്കിലും ഉറക്കക്കുറവ് കാരണം മുഖം അല്പം നീര് വച്ചിരുന്നു. കണ്ണ് കൃത്യമായി ഒന്ന് വിരിയാൻ തന്നെ സമയമെടുത്തിരുന്നു. ജലദോഷം ആണോ എന്ന് പലരും ചോദിച്ചു തുടങ്ങി. നടന്നു തുടങ്ങി ശരീരം ചൂടുപിടിച്ചു തുടങ്ങുമ്പോൾ അതൊക്കെ സാധാരണ അവസ്ഥയിലേക്ക് ആകുമായിരുന്നത് കൊണ്ട് ഞാനത് അത്ര കാര്യമായി എടുത്തില്ല.
ബാഗ് ഒന്നുകൂടി പാക്ക് ചെയ്തു. കൂട്ടത്തിൽ ഒരാൾ നിന്നും കടം വാങ്ങിയ ഒരു drawstring സഞ്ചിയിൽ അത്യാവശ്യ സാധനങ്ങളെല്ലാം തിരുകിക്കയറ്റി. പകൽ നടത്തത്തിനു അത്യാവശ്യമായത് വെള്ളം, ഭക്ഷണം, സ്നാക്ക്സ്, ഡൌൺ ജാക്കറ്റ്, മഴ പെയ്താൽ ഇടാനുള്ള പോഞ്ചോ, സൺസ്‌ക്രീൻ ഒക്കെയാണ്. ബാക്കി വന്ന സാധനങ്ങൾ എല്ലാം ട്രെക്കിങ്ങ് ബാഗിൽ തന്നെ സൂക്ഷിച്ചു.
ഭക്ഷണശേഷം മറ്റുള്ളവർക്കൊപ്പം എന്റെ ട്രെക്ക് ബാഗ് കൊണ്ടിട്ടപ്പോൾ ദേവി സിംഗ് ചോദ്യഭാവത്തിൽ ഒന്ന് നോക്കി. ഞാൻ നിസ്സഹായതയോടെ പറഞ്ഞു: “Difficult ഹെ ഭയ്യാ..” അങ്ങേരെന്തെങ്കിലും മറുപടി പറയും മുൻപ് ഞാൻ അവിടുന്ന് തടിയൂരി. അധിക ഭാരമൊഴിഞ്ഞതിനാൽ ഇന്നത്തെ നടത്തം കുറേകൂടി ആസ്വാദ്യകരമാകും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ. ഏഴു ഏഴരയോടെ യാത്ര തുടങ്ങി.
നിച്ചനായി നദി മുറിച്ചു കടന്നിട് വേണം മലകയറി നിച്ചനായി പാസിൽ എത്താൻ. ഒരു പർവ്വതനിരയെ മറികടക്കാനുള്ള ഏറ്റവും നിരപ്പായ ഇടത്തെ ആണ് മൗണ്ടൈൻ പാസ് എന്ന് പറയുക. ഏകദേശം 13100 അടി ഉയരമുള്ള നിച്ഛനായി പാസ് ആണ് ഇന്നത്തെ വെല്ലുവിളികളിൽ ഒന്ന്. ഞങ്ങളുടെ ട്രെക്കിലെ ആദ്യത്തെ തടാകവും ഇന്ന് കാണാം എന്നുള്ള ആഹ്ലാദവും ഉണ്ട്.
നദി എന്ന് പറഞ്ഞെങ്കിലും വെള്ളം തീരെ കുറവാണ്. ഒരു അരുവിയുടെ അത്രയുമേ ഉള്ളു. പക്ഷെ ഒരു നദിയുടെ വീതിയിൽ പാറകൾ കിടപ്പുണ്ട്. ആ പാറകളിലൂടെ നടന്നു വേണം നിച്ചനായി മുറിച്ചു കടക്കാൻ. ചെറിയ വഴുക്കലുള്ള ഇടമാണ്. ഗൈഡ് സംഘം സൂക്ഷ്മതയോടെ ഓരോ ആളെയും മുന്നോട്ട് നയിക്കുന്നുണ്ട്. പാറകളിൽ നിന്ന് പാറകളിലേക്ക് ചാടി ചാടി നീങ്ങുന്നത് പലർക്കും ഹരമുള്ള ഒരു കാര്യമായിരുന്നു. എനിക്കും. അതുകൊണ്ട് നദി കടക്കൽ ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!
അതിനു ശേഷം സാമാന്യം ദൂരമുള്ള ഒരു കയറ്റമാണ്. തരിശായ പ്രദേശം. കയറ്റം കയറുംതോറും ശ്വാസഗതി വർദ്ധിക്കുന്നുണ്ട്. ഏതു കയറ്റവും എളുപ്പം കയറാൻ ഉള്ള മാർഗ്ഗം ചെറിയ കാലടികൾ വച്ച് പതുക്കെ നടക്കുക എന്നതാണ്. വിരോധാഭാസം എന്ന് തോന്നുമെങ്കിലും അത് മാത്രമാണ് അധികം കിതക്കാതെ നടക്കാനുള്ള ഒരേ ഒരു വഴി. ഭൂപ്രകൃതി അത്ര ആകർഷകമായി തോന്നിയില്ല എനിക്ക്. കനമുള്ള ഒരു നിശ്ശബ്ദതത വലയം ചെയ്തുകിടക്കുന്ന ഒരു താഴ്വരമാണത്. മഞ്ഞിലോ, മഴയത്തോ മല ഇടിഞ്ഞതിന്റെ അടയാളങ്ങൾ ആണെങ്ങും. വെള്ളം കുത്തിയൊലിച്ചു പിളർന്ന നിലം. കുമിഞ്ഞു കൂടി കിടക്കുന്ന പാറകൾ. നിറയെ ചാലുകളും, ദുർഘടമായ മൺപാതയും ഒക്കെ കാണുമ്പോ പ്രകൃതിക്ഷോഭത്തിൽ തരിപ്പണമായ ഒരു താഴ്വാരം പോലെ തോന്നി. വിരസത തരുന്ന അന്തരീക്ഷം. അത് കയറ്റത്തിന്റെ ആക്കം കൂട്ടിയതേ ഉള്ളു. എത്തിച്ചേരാനുള്ള ആ ഉയരത്തിലേക്ക് നോക്കി ഊർജ്ജം ചോർന്നെന്ന പോലെ നിൽക്കുന്ന ഞങ്ങളെ കാണുമ്പോൾ ദേവി സിങിന് കലി കയറും. “നിങ്ങളെന്തിനാണ് മുന്നിലേക്ക് നോക്കി ഇങ്ങനെ വിഷമിക്കുന്നത്, പിറകിലേക്ക് നോക്ക്, വന്ന വഴി കാണു. ഇത്രയും ഉയരത്തിൽ എത്തിക്കഴിഞ്ഞില്ലേ നിങ്ങൾ! ഇത്രേം കയറാമെങ്കി പിന്നെ ഇനി എന്തിനാണ് മടുപ്പ്?”
13100 അടി ഉയരത്തിലാണ് നിച്ചനായി പാസ്. അവിടെ എത്തുമ്പോൾ ഒരു കട കടയും ചുറ്റും മാഗ്ഗിയോ മറ്റോ കഴിച്ചു കൊണ്ടിരിക്കുന്ന ട്രെക്കിങ്ങ് സംഘങ്ങളെയും കണ്ടു. ഷേഖ്ദുർ കഴിഞ്ഞാൽ മറ്റൊരു മാഗി പോയിന്റ് ആണിത്. അപൂർവമായി റേഞ്ച് കിട്ടാറുണ്ട്. ഏറ്റവും വിലപിടിച്ച മാഗിയാണ് ഇവിടെ നിന്നും കിട്ടുക. ഒരു കപ്പ് മാഗിക്ക് 160 രൂപയോ മറ്റോ. പ്രത്യേകിച്ചൊരു ഞെട്ടൽ ആർക്കും തോന്നില്ല. ഇത്രയും ദൂരെ പാചകസാധനങ്ങൾ ഒക്കെ കൊണ്ടുവന്നു ഇതൊക്കെ ചെയ്തെടുക്കാനുള്ള കഷ്ട്ടപാട് എന്താണെന്നു എല്ലാവര്ക്കും നല്ലവണ്ണം ബോധ്യമുള്ളതാണ്.
നിച്ചനായ് പാസ് കടന്നിരിക്കുന്നു. ഇനി മുന്നോട്ട് ഇറക്കവും, സമതലവുമാണ്. ക്യാമ്പ് വരെ യാത്ര സുഗമം എന്ന് സാരം. ഒരു മലനിരയ്ക്കിപ്പുറം ലോകം മാറി. വിരസത തങ്ങിയ താഴ്വാരം മെല്ലെ കാഴ്ചകളുടെ താഴ്വാരമായി മാറിത്തുടങ്ങി.
തരിശായ പ്രദേശങ്ങൾ പതിയെ പച്ചപ്പ് പുതച്ചു. ഇടത് വശത്ത് ചെറു മഞ്ഞു പാളികൾ അരികിലായി കാണാം. ഉരുകി ഒലിക്കുന്ന വെള്ളം ചാലുകൾ ആയി ഒഴുകുന്നുണ്ട്. പിങ്ക് പൂക്കളുടെ സമൃദ്ധി. പാറകളിൽ പടർന്നു ജീവിക്കുന്ന പൂപ്പൽ കാഴ്ചക്കാർക്ക് ഒന്നാതരമൊരു അബ്സ്ട്രാക്ട് ആര്ട്ട് ആയിട്ടാണ് തോന്നുക. മേഞ്ഞു നടക്കുന്ന ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ കൂടി ആയപ്പോൾ ചിത്രം പൂർണ്ണം. മനസ്സ് നിറഞ്ഞു.
അതിവിസ്തൃതിയിൽ കിടക്കുന്ന ഇളം പച്ച താഴ്‌വാരം. കുത്തുകൾ പോലെ ദൂരെ മനുഷ്യർ നീങ്ങുന്നത് കാണാം. ചെറിയൊരു ആശങ്ക തോന്നിയത് അധികം ദൂരെയല്ലാതെ മഴക്കാറ് കണ്ടപ്പോൾ ആണ്. ഞങ്ങൾ നടന്നടുക്കുന്നത് മഴയ്ക്കുള്ളിലേക്കു തന്നെയാണ് എന്ന് ഏതാണ്ട് ഉറപ്പായി.
അധികം താമസിക്കാതെ അലസമായൊരു മഴച്ചാറ്റൽ ആരംഭിച്ചു. എല്ലാവരും പോഞ്ചോ(ട്രെക്കിങ്ങ് നു ഉപയോഗിക്കുന്ന, ബാഗ് കൂടി മൂടാൻ പാകത്തിലുള്ള, ലോഹ പോലെത്തെ മഴക്കോട്ട്)യ്ക്കുള്ളിൽ ആയി. കറുപ്പോ നീലയോ നിറങ്ങളിലുള്ള പോഞ്ചോകൾ പലയിടത്തു കൂടി നടന്നു നീങ്ങുന്നു! അതോടെ ആളുകളെ തിരിച്ചറിയാനും ബുദ്ധിമുട്ടായി. ഒറ്റയ്ക്കും, കൂട്ടമായും നടക്കുന്നവരിൽ ആരാണ് തങ്ങളുടെ ആളുകൾ എന്നറിയാതെ ഗൈഡുകൾ ചുറ്റി.
മഴ കടുത്തില്ല. ഉച്ച ആയതിനാൽ ഭക്ഷണം കഴിക്കാൻ ഒരു പാറക്കൂട്ടത്തിൽ ഇരുപ്പായി എല്ലാവരും. ചപ്പാത്തി, മഞ്ഞൾ റൈസ്, ഫ്രൈഡ് റൈസ്, അങ്ങനെ എന്തെങ്കിലും ആകും ഉച്ചഭക്ഷണം. തണുത്തുറഞ്ഞ ഫുഡ് കഴിക്കാൻ മാത്രം വിശപ്പ് പലപ്പോഴും ഉണ്ടാകാറില്ല എനിക്ക്. എങ്കിലും കഴിക്കാതിരിക്കുക വെറും ബുദ്ധിശൂന്യത ആണ്. കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും എങ്ങനെയെങ്കിലും കുത്തിയിറക്കി വയർ നിറച്ചിരുന്നു. ആരോഗ്യത്തിന്റെ കാര്യമാണ്!
കഴിച്ചുകൊണ്ടിരിക്കെ പാത്രത്തിലും ചുറ്റിലും കടുകുമണിയോളം വലുപ്പത്തിൽ ആലിപ്പഴങ്ങൾ വീണു തുടങ്ങി. ഒരു മിനുട് പോലും അത് നീണ്ടു നിന്നില്ല എങ്കിലും ഭക്ഷണം മതിയാക്കി അതിനു പിറകെ ആയി ഞങ്ങൾ. മഴ കൂടി പെയ്തതോടെ നല്ല തണുപ്പുണ്ട് അന്തരീക്ഷത്തിൽ. അധികം വിശ്രമിക്കാതെ നടന്നുകൊണ്ടേ ഇരുന്നാൽ ശരീരത്തിന്റെ ചൂട് നിലനിർത്താം. ഞങ്ങളെഴുന്നേറ്റു നടന്നു തുടങ്ങി.
പോഞ്ചോയ്ക്കുള്ളിൽ എല്ലാവരും നടന്നു നീങ്ങുന്നത് കണ്ടാൽ വവ്വാലുകൾ ഭൂമിയിലേക്കിറങ്ങി തലകുത്തി നടക്കുന്നത് പോലെയാണ് തോന്നുക. പിന്നീട് അധിക ദൂരമുണ്ടായില്ല ക്യാമ്പിലേക്ക്. വളരെ നേരെത്തെ, ഏകദേശം രണ്ടു രണ്ടരയോടെ ഞങ്ങൾ ക്യാമ്പിൽ എത്തിച്ചേർന്നു. ബാഗിന്റെ കനമില്ലാതെ ഈ ദിവസം എനിക്കത്ര ആശ്വാസകരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഏകദേശം 12000 അടി മുകളിൽ, വിഷൻസർ തടാകത്തിനു കുറച്ചകലെ ആയി, ഒരു പട്ടാള ക്യാമ്പിന് സമീപമായിരുന്നു ഇത്തവണ തങ്ങേണ്ടിയിരുന്നത്. കുറച്ചു ‘വീടു’കളും, തദ്ദേശവാസികളും, നിറയെ ചെമ്മരിയാടുകളും കുതിരകളും ചേർന്ന് ‘ആളനക്ക’മുള്ള ഒരു ഇടമായിരുന്നു അത്. രണ്ടരയോടെ എത്തിച്ചേർന്നതിനാൽ ധാരാളം സമയം ബാക്കിയുണ്ട്. വിഷൻസർ തടാകം ക്യാമ്പിൽ നിന്നാൽ കാണാൻ സാധിക്കില്ല. നാളെ അതിന്റെ സമീപത്തുകൂടിയാണ് പോകുന്നത്. പക്ഷെ, അപ്പോൾ വിശദമായി കാണാൻ കഴിയില്ല എന്നതിനാൽ ഇന്നുതന്നെ ഞങ്ങൾ ഗൈഡുകളിൽ ഒരാളായ മുസ്താഖിനെയും കൂടി വിഷൻസർ തടാകത്തിലേക്ക് നടന്നു.
രണ്ടു ദിവസത്തെ യാത്രയിൽ ആദ്യമായി തടാകം കാണാൻ പോകുക ആണ്. (‘വിഷ്ണുവിന്റെ തടാകം’ = വിഷൻസർ) മങ്ങി നിന്ന ആകാശത്തിന്റെ നിഴലിൽ ആയിരുന്നു വിഷൻസറിന്റെ ആദ്യ ദർശനം. ഏകദേശം ഒരു കിലോമീറ്റർ എങ്കിലും വിസ്തീർണ്ണമുള്ള വലിയ ഒരു തടാകം ആണത്. അതിരിട്ടു പർവ്വതങ്ങളും, മഞ്ഞുപാളികളും, പച്ചപ്പും. ഓരോ കൊച്ചു കല്ലുകൾ പോലും എണ്ണിയെടുക്കാൻ പാകത്തിൽ ഉള്ളു തുറന്നു കിടക്കുന്ന തടാകം. ആകാശവും, പച്ചപ്പും എല്ലാം കൂടി വീണലിഞ്ഞ മാതിരി നീലയും പച്ചയും കലർന്ന തടാകം. ധാരാളം മീനുകൾ ഉണ്ടാകണം. ഞങ്ങൾ ഏറെ നേരം അവിടെ ചിലവിട്ടു.
നേരം വൈകിത്തുടങ്ങിയതോടെ ആളുകൾ കൂട്ടമായി വരാൻ തുടങ്ങി. പതിയെ ഞങ്ങൾ തിരികെ ടെന്റുകളിലേക്ക് നടന്നു. ആകാശം അല്പംപോലും തെളിയാത്തതിനാൽ നല്ലൊരു സൂര്യാസ്തമന കാഴ്ചയാണ് നഷ്ടമായതെന്ന് തോന്നി.
ആ ക്യാമ്പ് പരിസരം ഒരു ‘shit land’ ആണെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം, നടക്കുന്നത് മണ്ണിലൂടെ അല്ല. ആട്ടിൻകാഷ്ടവും, ചാണകവും ചെളിയും കൂടി ചേർന്ന കറുത്ത, ചതുപ്പ് പോലത്തെ പ്രതലത്തിലൂടെയാണ്. ചുറ്റിനും നൂറു കണക്കിന് ചെമ്മരിയാടുകളും, കുതിരകളും. ചിലയിടത്ത് എല്ലാംകൂടി കൂട്ടിയിട്ട കറുത്ത കുന്നുകൾ വരെ കണ്ടു. അതിലൂടെ നടക്കാൻ പ്രത്യേകിച്ചൊരു മാനസിക ബുദ്ധിമുട്ടും ആ സമയത്ത് തോന്നിയില്ല എന്നതാണ് സത്യം.
ഞങ്ങൾ ആ പരിസരത്തൊക്കെ ചുറ്റിപറ്റി സൊറ പറഞ്ഞു നിന്നു. ഞങ്ങളുടെ ടെന്റിനു തൊട്ടടുത്തായി ഒരു സ്കീയിങ് ടീം തമ്പടിച്ചിരുന്നു. അവരോടൊപ്പം പോയിരുന്നു തീകാഞ്ഞു. മഞ്ഞുകാലത്ത് ഗുൽമാർഗ്ഗിൽ നടക്കുന്ന സ്കീയിങ് ന്റെ വിശേഷങ്ങൾ ഒക്കെ കേട്ടിരിക്കുമ്പോൾ ആണ് രണ്ടു മൂന്നു പട്ടാളക്കാർ അങ്ങോട്ടേക്ക് വന്നത്.
വീണ്ടും എല്ലാവരുടെയും രേഖകളും, id കളും പരിശോധിച്ചു കുറച്ചു നിർദ്ദേശങ്ങൾ തന്നു. യാതൊരു കാരണവശാലും അവിടെത്തെ നാട്ടുകാരുമായി അധികം ഇടപെടരുതെന്നും, അവരുടെ വാക്കു കേട്ട് മലകളിലേക്കൊന്നും കറങ്ങി നടക്കരുതെന്നും, പട്ടാളക്കാരുടെ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ അത്തരം വിവരങ്ങളൊന്നും തദ്ദേശീയരോട് പങ്കുവയ്ക്കരുതെന്നും, ട്രെക്കിങ്ങ് ഗിയറുകൾ എല്ലാം ടെന്റിനുള്ളിൽ സൂക്ഷിക്കുവാനും പറഞ്ഞു. പട്ടാളക്കാരുടെയോ, അവരുമായി ബന്ധപ്പെട്ട ഒന്നിന്റെയും ഫോട്ടോകൾ എടുക്കരുതെന്നു നേരെത്തെ തന്നെ നിർദ്ദേശം കിട്ടിയിരുന്നു.
ഈ ക്യാമ്പിലെ ടോയ്ലറ്റ് സൗകര്യം ഏതാണ്ട് മുന്നൂറു മീറ്ററെങ്കിലും ദൂരെയായിരുന്നു. അതെന്തിനാണ് അത്രയും ദൂരെ സ്ഥാപിച്ചത് എന്ന് ആരും കൃത്യമായി മറുപടി ഒന്നും പറഞ്ഞില്ല. രാത്രി അത്രയും ദൂരെ ആർക്കെങ്കിലും പോകേണ്ടി വരിക ആണെങ്കിൽ ഗൈഡുകളെ അറിയിക്കണമെന്ന് പട്ടാളക്കാർ പറഞ്ഞു. ചുവന്ന ലൈറ്റ് തെളിയിച്ചു കൊണ്ട് ഗൈഡുകൾ ആരെങ്കിലും കൂടെ പോകണമെന്നു മറ്റോ കൂടി പറയുന്നത് കേട്ടു. എന്തായാലും ഇന്നത്തെ ടോയ്ലറ്റ് പോക്ക് ജീവന് തന്നെ ആപത്തുള്ള ഒരു കൊച്ചു ട്രെക്ക് ആണെന്ന് മനസിലാക്കിയ ഞങ്ങൾ രാത്രിയിൽ അനാവശ്യ മുട്ടുകൾ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പരസ്പരം ആശംസിച്ചു.
എല്ലാ ദിവസത്തെയും ഡിന്നർ ടൈം ഞങ്ങളുടെ ആഘോഷ വേളകൾ ആയിരുന്നു. ഏവരും യാതൊരു മടിയുമില്ലാത്ത തമാശ പറഞ്ഞും, കളിയാക്കിയും വല്ലാത്തൊരു ഊർജ്ജം നിറച്ചിരുന്നു ഭക്ഷണസമയങ്ങളിൽ. ചെറിയ തമാശകൾ പോലും പൊട്ടിച്ചിരിയുണർത്തുന്ന അന്തരീക്ഷം. മോശമില്ലാത്ത കാശ്മീരി ഭക്ഷണം ആവോളം കിട്ടിയിരുന്നു എന്നും.
ദിവസങ്ങൾക്ക് ശേഷം മാംസാഹാരത്തിന്റെ മണമടിച്ചത് അന്നാണ്. സമീപ ക്യാമ്പിലെ ‘ഷീപ് കെബാബ്’ രുചിച്ചു നോക്കാൻ ഞങ്ങളിൽ ചിലർക്ക് അവസരം കിട്ടി. രാത്രി ഭക്ഷണത്തിനു മാംസാഹാരികൾക്ക് ഹിമാലയൻ ട്രൗട് പൊരിച്ചതായിരുന്നു ‘സ്പെഷ്യൽ.’
പാക്കേജ് പ്രകാരം പിറ്റേന്ന് Acclimatization Day ആണ്. ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാലും, കാലാവസ്ഥ അല്പം മോശം ആണെന്നതിനാലും ഒരു ദിവസം വെറുതെ പാഴാക്കണ്ട എന്ന് കരുതി പിറ്റേന്ന് അടുത്ത ക്യാമ്പിലേക്ക് പോകാൻ തീരുമാനിച്ചിട്ടായിരുന്നു ഞങ്ങൾ പിരിഞ്ഞത്. ഈ ട്രെക്കിലെ ഏറ്റവും ദൈർഖ്യമേറിയതും, ഉയരമേറിയ ഗദ്സർ പാസ് കടക്കേണ്ടതും, ബുദ്ധിമുട്ടുള്ളതുമായ ദിനം ആണ് അടുത്തത്.
രാത്രി ടെന്റിലേക്ക് മടങ്ങി. സ്ലീപ്പിങ് ബാഗിൽ കയറി കണ്ണടച്ചു. ക്ഷീണമുണ്ടെങ്കിലും വൃത്തിയായി ഉറങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കം കാരണം ഉഷാറില്ലാതെ ആണ് ഓരോ ദിവസവും ഉണരുക. ഇന്ന് എന്തായാലും ഉറങ്ങാൻ പറ്റില്ല എന്ന് ഏകദേശം ഉറപ്പായിരുന്നു. കാരണം ക്യാമ്പിലും പരിസരത്തും മേഞ്ഞു നടക്കുന്ന ആട്ടിന്കൂട്ടത്തിന്റെ ബഹളം തന്നെ. അടുത്ത ടെന്റിൽ നിന്ന് കൂർക്കംവലികൾ ഉയരുന്നുണ്ട്. അസൂയ തോന്നാതിരുന്നില്ല. എങ്ങനെ എങ്കിലും ഒന്ന് ബോധം കേട്ടിരുന്നെങ്കിൽ എന്നാശിച്ചു ഒന്ന് കണ്ണടച്ചപ്പോൾ ആണ് ആദ്യത്തെ വെടിയൊച്ച മുഴങ്ങിയത്!!
ഞെട്ടലോടെ എണീറ്റിരുന്നപ്പോഴേക്കും രണ്ടാമത്തെ വെടിയും കേട്ടു. തീർന്നു.. ആരോ മരിച്ചു.. ടോയ്‌ലെറ്റിൽ പോയ ആർക്കെങ്കിലും വെടി കിട്ടിയോ അതോ ആരെങ്കിലും അതിർത്തി ഇറങ്ങി വന്നോ, യുദ്ധമാണോ എന്നൊക്കെ പാതിബോധത്തിൽ ചിന്തിച്ചു കൂട്ടി, മിണ്ടാതെ കിടക്കണോ അതോ ഇറങ്ങി ഓടണോ എന്നറിയാതെ ഇരിക്കുമ്പോ ആണ് ആരോ പുറത്ത് നിന്ന് വിളിച്ചു പറയുന്നത് കേട്ടത്. ‘പേടിക്കണ്ട, ഇതിവിടെ പതിവ് ആണ്. നിങ്ങൾ ഉറങ്ങിക്കോളൂ’ എന്ന് പറഞ്ഞു. അയാൾ ഓരോ ടെന്റിനു സമീപം പോയി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
‘ഇതൊക്കെ നേരെത്തെ പറയണ്ടേ മോനെ, ഉയിര് അതിർത്തി കടന്നു പോയെല്ലോ?!’ എന്ന് പറയാതെ പറഞ്ഞു ഞാൻ സ്ലീപ്പിങ് ബാഗിലേക്കു വീണ്ടും നൂണ്ടു കയറി. ഉറക്കം ഏവിധം ആയിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. (തുടരും)
2 thoughts on “Kashmir Great Lakes 3: നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം”