Kashmir Great Lakes 5: ഗഡ്‌സറിൽ നിന്ന് സത്സറിലേക്ക്

✍🏻 ജയകുമാരി വിജയൻ

ഹിമാലയൻ ട്രെക്ക്/ 2022 August 25/ ഗഡ്‌സർ റ്റു സത്സർ/ ഉയരം: 12,000 അടി to 12,000 അടി/ ദൂരം: 9 കിലോമീറ്റർ

പതിവ് പോലെ ലെമൺ ടീ കുടിക്കാൻ ആയി ടെന്റ് തുറന്നത് കട്ടപിടിച്ച കോടയിലേക്കാണ്. കട്ടികൂടിയ വെള്ള മേഘങ്ങൾ ക്യാമ്പിനെ വിഴുങ്ങി നിൽക്കുന്നു. നല്ല മഴക്കോളും. ഇന്നത്ര കഠിനമായ യാത്ര അല്ലാത്തതിനാൽ വലിയ ടെൻഷൻ ഒന്നും തോന്നിയില്ല. എല്ലാവരും ഒരു അലസമട്ടിൽ ആണ്.

കുതിരകൾ എല്ലാം മേഞ്ഞു നടക്കുന്നു. അവയെ കെട്ടിയിടാറില്ല. ക്യാമ്പ് വിട്ടു അധികദൂരത്തേയ്ക്ക് അവ പോകാറുമില്ല. രാവിലെ ചൂളമടിച്ചു കുതിരക്കാരൻ വിളിക്കും. ചിലവ വരാൻ കൂട്ടാക്കില്ല. ഓടിച്ചിട്ട് പിടിച്ചും മറ്റും എല്ലാവരെയും ക്യാമ്പിൽ കൊണ്ട് വരിക ഒരു പണിതന്നെയാണ്. എല്ലാം ഒരുക്കി ഞങ്ങൾ എട്ടരയോടെ യാത്ര ആരംഭിച്ചു.

ഒരു അരുവിക്ക് കുറുകെ ഉള്ള പാലം കടന്നാണ് മലകയറ്റം തുടങ്ങിയത്. ഇന്നലത്തെ ഗദ്‌സറിനെ ഓർമിപ്പിക്കും വിധം കുഴഞ്ഞ മണ്ണിലൂടെ ഉള്ള കയറ്റം ആണ് ആദ്യം. ഗദ്‌സറിന്റെ അത്ര ഭയപ്പെടുത്തിയില്ലെങ്കിലും, അല്പം ആയാസകരം ആയിരുന്നു ആദ്യ കുറച്ചു നേരം.

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ അലോരസം ഉണ്ടാക്കുന്നുണ്ടെങ്കിലും, പർവ്വതനിരകളുടെ ഭംഗി മനസ്സിനെ ഉണർത്തിതന്നെ ഇരുത്തി. മലഞ്ചെരുവിൽ കാലിടറാതെ നിൽക്കുന്ന ആടുകൾ. ‘ജനവാസം’ ഉള്ള ഇടമായതിനാൽ ഇടയന്മാർ ചെമ്മരിയാടുകളുടെ വൻ കൂട്ടങ്ങളെയും കൊണ്ട് മേയ്ക്കാൻ ഇറങ്ങിയതും അതേ സമയത്താണ്. എല്ലാം കൊണ്ടും ‘ആളനക്കവും, ആടനക്കവും’ ഉള്ള അന്തരീക്ഷം.

Also Read Kashmir Great Lakes 4: വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം

അപ്പുറത്തെ മലനിരകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. നീളത്തിൽ വര വീണു കിടക്കുന്ന മലനിര. രണ്ടു മലനിരയ്ക്കും ഇടയിലുള്ള താഴ്വാരത്തിലൂടെ മേഘങ്ങൾ പാറിനടക്കുകയാണ്. താഴ്വാരത്തിനു തീ പിടിച്ച പോലെ കോട പുക പോലെ ഉയരുന്നുണ്ട്. അപ്പുറമുള്ള മലയിലൂടെ വെറുതെ കണ്ണോടിച്ചപ്പോ ദൂരെ മുകളിലായി എന്തോ കണ്ടതുപോലെ തോന്നി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കൂര ആണ്. ഒറ്റപെട്ടു നിൽക്കുന്ന ഒരു കൊച്ചു കൂര. ഇടയന്മാരുടെയോ, പട്ടാളക്കാരുടേതോ.. ആർക്കറിയാം. എനിക്ക് കൗതുകം തോന്നിയിട്ടുള്ള കാര്യമാണ് ഇവിടുത്തെ ആളുകളുടെ ജീവിതം. എന്താണ്..എങ്ങനെ ആണ്.. പട്ടാളത്തോടുള്ള ബന്ധം.. മൊത്തത്തിൽ എന്തൊക്കെയോ നിഗൂഢതകൾ ആണെങ്ങും. തദ്ദേശീയർ പോയിട്ട് അടുത്ത ക്യാമ്പിൽ പോലും പോകരുത് എന്ന് വിലക്കുണ്ട്. തത്കാലം അതിൽ അധികം താല്പര്യം കൊടുക്കാതെ പ്രകൃതി മാത്രം കണ്ടുമടങ്ങുക ആണ് തടിക്ക് പൊതുവെ നല്ലത്.

ആശയക്കുഴപ്പത്തിലെന്ന പോലെ മഴ മടിച്ചു മടിച്ചു ചാറുന്നുണ്ട്. ഒട്ടുന്ന നടവഴികളിലൂടെ മല കയറിയും ഇറങ്ങിയും, ഇടയ്ക്കിടെ കുതിരകൾക്ക് കടന്നു പോകാൻ ഇടം നൽകിയും, കോടമേഘങ്ങൾക്കും മീതെ ഞങ്ങൾ നടന്നെത്തിച്ചേർന്നത് മറ്റൊരു മലനിരയുടെ അടിവാരത്തിലാണ്! “The top of one mountain is always the bottom of another.” ( Marianne Williamson) എന്ന് എവിടെയോ വായിച്ചത് അനുഭവത്തിൽ വന്നിരിക്കുന്നു. പച്ച നിറത്തിൽ അന്തമില്ലാതെ കിടക്കുന്ന ഒരു താഴ്വാരം. അവിടെ നിന്ന ദൂരെ പാകിസ്താനിലെ ഏതോ പർവ്വതനിര കാണാമെന്നു ദേവി സിംഗ് പറഞ്ഞെങ്കിലും കോട കാരണം എന്നും ദൃശ്യമായില്ല. തിട്ട കെട്ടിയ പോലെ പരന്ന അവിടെ കുറച്ചു നേരം ഞങ്ങൾ നിന്നു. എല്ലാവരും എത്താനായി ഉള്ള കാത്തിരിപ്പിൽ ചെറിയ സ്നാക്ക്സ് ഒക്കെ കഴിച്ചു നിൽക്കുക ആണ് ഞങ്ങൾ.

പെട്ടെന്നാണ് കഥ മാറിയത്. ഇടതടവില്ലാതെ മഴ പെയ്തു തുടങ്ങി. ഒരു നിവർത്തിയുമില്ല. ഒരു പാറയുടെ മറവു പോലുമില്ല. കാത്തിരിപ്പു അവസാനിപ്പിച്ചു ഞങ്ങൾ വേഗം നടന്നു. മഴ എങ്കിൽ മഴ, വെയിൽ എങ്കിൽ വെയിൽ, മഞ്ഞ് എങ്കിൽ മഞ്ഞ്. ഇതൊക്കെ കൊള്ളാനും, അനുഭവിക്കാനും ആണെല്ലോ ഇതുവരെ വന്നത്.

കൊണ്ടു… നന്നായി കൊണ്ടു കൊഞ്ച് കണക്കു കൂനിക്കൂടി ആ അന്തമില്ലാത്ത താഴ്വാരത്തിലൂടെ നടന്നു. പോഞ്ചോ ഉണ്ടെങ്കിലും ചെരിഞ്ഞു പെയ്യുന്ന മഴയിൽ മുഖവും, കൈകാലുകളും നനഞ്ഞു വിറച്ചു. വാട്ടർപ്രൂഫ് ഷൂകളിൽ നിന്നു വെള്ളം ഞെങ്ങി അമർന്നു പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു. സ്വതവേ നീര് വച്ച എന്റെ മുഖം ഒന്നുകൂടി കനത്തു.

Also Read: Kashmir Great Lakes 3: നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം

ട്രെക്കിങ്ങ് ഒരിക്കലും സുഖമുള്ള കാര്യമല്ല. അത് സുഖങ്ങളിൽ നിന്നുള്ള മടങ്ങിപോക്കോ, ഒരു ഓർമ്മപെടുത്തലോ, സ്വയം ബോധിപ്പിക്കലോ അങ്ങനെ എന്തൊക്കെയോ ആണ്. ട്രെക്കിങ്ങ് പോകാൻ തീരുമാനിച്ചത് മുതലുള്ള ഒരുക്കങ്ങൾ തന്നെ അല്പം കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. എന്തിനിത്ര കഷ്‌പാടുകൾ എന്ന ചോദ്യം പലരും, ഞാനും എന്നോട് പല തവണ ചോദിച്ചിട്ടുണ്ട്. പൊതുവായ കാരണങ്ങൾ അറിയില്ലെങ്കിലും എന്റേതായ കാരണങ്ങൾ അല്പം വൈകാരികവും, വ്യക്തിപരവുമാണ്.

അരക്ഷിതാവസ്ഥ വളർത്തിയ ജീവിതം ആയതുകൊണ്ട് തന്നെ അപരിചിതത്വം എന്നും എന്റൊപ്പം ഉള്ള പേടികളിൽ ഒന്നാണ്. ഇന്നീ പുതിയ വഴികളിലൂടെ ഓരോ അടി പിന്നിടുമ്പോഴും അന്ന് കതകിനു മറവിൽ ഒളിച്ച എന്നിൽ നിന്നും, ഇന്നിലെ എന്നിലേക്കുള്ള ദൂരം കൂടുന്നത് ഗൂഢമായ ആനന്ദത്തോടെ ഞാൻ ആസ്വദിക്കാറുണ്ട്. ഉള്ളിൽ എന്നോ ആഴത്തിൽ പതിഞ്ഞു പോയ കറുത്ത കോംപ്ളെക്സുകളെ പുതിയ ഇടങ്ങളും, ആളുകളും തരുന്ന ചിന്തകളും, അനുഭവങ്ങളും കൊണ്ട് മൂടുക മാത്രമേ വഴിയുള്ളു. അതിനു വേണ്ടി ഇനിയും എത്രയോ കാടുകളും, മലകളും കയറണമോ അതെല്ലാം ജീവിതം അനുവദിക്കും വരെ കയറണം..

തല ഉയർത്തി ചുറ്റിനും നോക്കി. ഇടമുറിയാതെ പെയ്യുന്ന ആയിരമായിരം മഴത്തുള്ളികളുടെ കോലാഹലമല്ലാതെ മറ്റൊന്നും പുറമെ കേൾക്കാനില്ല. ഏകദേശം അര മണിക്കൂർ ആയിക്കാണും മഴയ്ക്ക് കീഴെ നടക്കുന്നു. വളരെ മുൻപിൽ നടക്കുന്ന ഗൈഡ് ജഹാന്ഗീർ ഇടയ്ക്കിടെ തിരിഞ്ഞു ഞങ്ങൾ പിന്നിൽത്തന്നെ ഉണ്ടോ എന്നുറപ്പു വരുത്തുന്നുണ്ട്.

ദൂരെ ഒരു നദി കൂടി കടക്കണം. അതിനുമപ്പുറം കുന്നുകൾക്ക് പിറകിൽ ഗറില്ലാ പോരാളികളെ പോലെ കോട മറഞ്ഞു നിൽക്കുന്നു. കാണാതെ പോയ കാഴ്ചകൾ തന്നെ ആണ് കൂടുതൽ. കണ്ട കാഴ്ചകളെ മാത്രം ചേർത്തുപിടിക്കുക, മുന്നോട്ട് പോകുക.

ചെറിയ ഉരുളൻ കല്ലുകളിലൂടെ പതിവ് പോലെ ചാടി ചാടി അപ്പുറമെത്തി. മഴ ലേശം കുറഞ്ഞിട്ടുണ്ട്. ഭൂപ്രകൃതി പഴയതുപോലെ തന്നെ. അത്യാകർഷകമായ ഒന്നും തോന്നാത്തതിനാൽ മൊബൈൽ പോക്കറ്റിൽ തന്നെ കിടന്നു.

അകലെ ആയി ഒരു ജലപ്പരപ്പ് കണ്ടുതുടങ്ങി. ഒരു തടാകമാണ്. പക്ഷെ സത്സറിന്റെ ഭാഗമല്ല എന്നാണ് കേട്ടത്. മഴ കുറഞ്ഞെങ്കിലും കോട കൂടിക്കൂടി വരുന്നത് ശ്രദ്ധിച്ചു. തടാകം എത്തിയപ്പോൾ മുൻപേ പോയവരൊക്കെ രണ്ടു വശങ്ങളിലേക്ക് തിരിഞ്ഞു പോകുന്നത് കണ്ടു. എങ്ങോട്ട് പോകണമെന്ന ആശയകുഴപ്പത്തിൽ നിന്ന ഞങ്ങളോട് ഇതേ വശത്തുകൂടി തന്നെ പൊയ്ക്കോളാൻ ഗൈഡ് പറഞ്ഞു. രണ്ടും അവസാനം ഒരിടത്തു തന്നെ ആണ് എത്തിച്ചേരുക. അതനുസരിച്ചു ഞാനും കൂടെയുള്ള മൂന്നാലു പേരും നീങ്ങി.

Also Read: Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്

വെള്ളവും, പാറയും, ചെളിയും കൂടി കലർന്ന് ആരെയും തെന്നി വീഴിക്കാൻ തയ്യാറായി കിടക്കുന്ന കായൽപരിസരം. പാറകളിലൂടെ തെന്നാതെ നടക്കുക ആയാസകരമാണ്. അന്തരീക്ഷം കൂടുതൽ കൂടുതൽ ഇരുണ്ടു തുടങ്ങിയിരിക്കുന്നു. നിറങ്ങളെല്ലാം കെട്ടുപോയി. ഇപ്പോ പ്രകൃതി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ ആയിരിക്കുന്നു. തുടക്കത്തിൽ എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളൊക്കെ എവിടെയാണോ ആവോ. സംഘാംഗങ്ങളിൽ ചിലരെയും, ഗൈഡുകളെയും മാറിമാറി കാണുന്നുണ്ട്.

മുന്നോട്ട് പോകുംതോറും കോട കനത്തു കാഴ്ച മറച്ചു തുടങ്ങി. കോട ആക്രമിക്കുക ആണ്. നടക്കുന്നത് ഏറെയും വലിയ പാറകളിലൂടെ ആയതിനാൽ എന്റെ ഉള്ളിൽ അപകടം മണത്തു തുടങ്ങി. ഒരു അമ്പതു അടിയ്ക്കപ്പുറം മുൻപിൻ കാഴ്ചകളില്ലാതെ, ദിശ അറിയാതെ, തൊട്ടു മുന്നിൽ ഉള്ള ആളെ മാത്രം വിശ്വസിച്ചു നടന്നു. എങ്ങും നിൽക്കാനോ കാമറ എടുക്കാനോ കഴിയില്ല. നേരെ മുന്നിലുള്ള ആൾ കടന്നു പോയി കോടയിൽ അലിഞ്ഞാൽ ഞാൻ ഒറ്റപ്പെടും! ആ അന്തരീക്ഷത്തിൽ വഴികൂടി തെറ്റിയാലുള്ള അവസ്ഥ ഓർക്കാൻ വയ്യ. അനിശ്ചിതാവസ്ഥയിലെ ഒരു നൂലിന്മേൽ കളി ആയിരുന്നു പിന്നീടങ്ങോട്ടുള്ള നടപ്പ്. തണുപ്പും, ഈർപ്പവും കൂടിയുള്ള ആക്രമണത്തിൽ പ്രവർത്തന രഹിതമായ മൂക്കിനെ ചീത്ത വിളിച്ചോണ്ട് ആഞ്ഞു ശ്വാസം വലിച്ചു വായ് ഇരട്ടിപ്പണി എടുക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ ഇടത് വശത്ത് വീണ്ടുമൊരു വെള്ളക്കെട്ട് കണ്ടുതുടങ്ങി. അതും ഒരു തടാകമാണ് എന്ന് തോന്നുന്നു. സത്സർ എന്ന് പറയുന്നത് നാല് കിലോമീറ്ററുകളിലായി കിടക്കുന്ന ഏഴു തടാകങ്ങളുടെ ഒരു കൂട്ടം ആണ്. അതിലെ ഏതാണ് ഇതെന്നോ, ഇത് സത്സറിന്റെ ഭാഗം തന്നെയാണോ എന്നൊന്നും ഞങ്ങൾക്ക് എന്ന് ഒരു ധാരണയുമില്ല. എല്ലാവരുടെയും പാച്ചിൽ എങ്ങനെയെങ്കിലും ഈ കോടയിൽ നിന്നും പുറത്തുകടക്കാനാണ്.

കായൽക്കരയിൽ പാതിമുങ്ങി കിടക്കുന്ന പാറകളിലൂടെ നടന്നു പോകുന്നതിനിടെ നിശ്ചലമായ ആ തടാക ദൃശ്യം നോക്കി ഒരു നിമിഷം ഞാൻ നിന്നു. കോടയിൽ ഒരേപോലെ ആഴ്ന്നു കിടക്കുന്ന ആകാശവും, ജലവും, പാറക്കെട്ടുകളും. ചലനമില്ലാത്ത അവയെ വേർതിരിച്ചറിയാൻ വയ്യാത്ത വിധം ആഴ്ന്നു നിൽക്കുന്ന കോട.

ഞാൻ നിൽക്കുന്നത് ഭൂമിയുടെ അവസാന ചവിട്ടുപടികളിൽ ആണെന്ന് തോന്നി. അപ്പുറം ശൂന്യത ആണെന്നും! ക്യാമെറയെടുക്കാൻ തോന്നാതെ വെറുതെ നോക്കി നിന്ന നിമിഷങ്ങൾ.

“Where is the f**king camp?”

കൂടെ ഉണ്ടായിരുന്ന പഞ്ചാബിക്കാരിയുടെ ചോദ്യം കേട്ടാണ് ഞാൻ ഉണർന്നത്. വല്ലാത്തൊരു നിരാശ്ശയിൽ പൊട്ടിത്തെറിച്ച ചോദ്യം കേട്ടിട്ട് ഞങ്ങൾക്ക് ചിരി വന്നു. സ്നാക്ക് ബ്രേക്കോ, വെള്ളമോ ഒന്നും എടുക്കാതെ ഏകദേശം രണ്ടര മണിക്കൂർ ആയി ഉള്ള പാച്ചിലിൽ എല്ലാവരും ക്ഷമകെട്ടവരായി. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നയാൾ എന്റെ മുഖത്തു നോക്കി ഒരു സംശയത്തോടെ ചോദിച്ചു: “Are you ok?”

“Yea I am” എന്ന് പെട്ടെന്ന് പറഞ്ഞെങ്കിലും എനിക്ക് സംശയമായി. എന്തിനാകും അവരങ്ങനെ ചോദിച്ചേ? ഇനി എന്തേലും കുഴപ്പമുണ്ടോ? കണ്ണാടി ഒക്കെ നോക്കിയിട്ട് കുറച്ചു ദിവസങ്ങളായി.

പാറകൾ മാറി ഉറച്ച നിലവും, പച്ചപ്പുല്ലും കണ്ടു തുടങ്ങി. മനുഷ്യർ താമസിച്ചതിന്റെ തരി അവശിഷ്ടങ്ങളും, കുഴികളും ഒക്കെ കണ്ടപ്പോ ക്യാമ്പ് അടുക്കാറായി എന്ന് മനസിലായി. കോട നേർത്ത് നേർത്തു വന്നു. ഒരു ഇറക്കം ഇറങ്ങി അരുവിയും, അതിലെ പാറകളും കടന്നാൽ ക്യാമ്പ് ആയി. കുറച്ച വല്യ പാറകൾ ആണ്. തുടർച്ച നോക്കി വന്നില്ലെങ്കിൽ ഇടക്ക് വഴിമുടങ്ങും. മുൻപേ പോയവരെ നോക്കി ഞാൻ ചാടി ചാടി കരയിലേക്കുള്ള അവസാന പാറയിലേക്ക് ചാടിയതും ദാ.. കിടക്കുന്നു..

ഇല്ല.. വീണില്ല..

കാലൊന്നു തെന്നിയതേ ഉള്ളു.

ശബ്ദം കേട്ട് ആരോ തിരിഞ്ഞു നോക്കി പറഞ്ഞു.

“ആരാം സെ..”

പടിക്കൽ വന്നു കുടം ഉടക്കാൻ പോയ എന്നെ ഓർത്തു എനിക്ക് തന്നെ ചിരി വന്നു.

ക്യാമ്പിൽ അധികമാരും എത്തിച്ചേർന്നിട്ടില്ല. ടെന്റിൽ ബാഗ് വച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി. തുടക്കത്തിൽ കൂടെ ഉണ്ടായിരുന്നവരെയൊന്നും പിന്നീട് ഞാൻ കണ്ടിട്ടില്ല. പിന്നിലെന്താകും സംഭവിച്ചിട്ടുണ്ടാകുക എന്ന് മുന്നോട്ടുള്ള പാച്ചിലിൽ ഓർത്തിരുന്നു. ആർക്കെങ്കിലും വഴിതെറ്റിക്കാണുമോ കുടുങ്ങി കാണുമോ എന്നൊക്കെ മനസ്സിൽ പേടി തോന്നി.

അധികം താമസിക്കാതെ തന്നെ ഓരോരുത്തരായി മലയിറങ്ങി വരുന്നത് കണ്ടു. ആശ്വാസമായി.

ആരുടെയും മുഖമത്ര പ്രസന്നമല്ല. അപ്രതീക്ഷിതമായി ഹിമാലയത്തിന്റെ ഒരു ക്ഷുഭിത ഭാവം കണ്ട ക്ഷീണമുണ്ട് എല്ലാവർക്കും. തെളിഞ്ഞിരുന്ന കാലാവസ്ഥ ആയിരുന്നെങ്കിൽ ട്രെക്കിലെ ഏറ്റവും ആയാസരഹിതമായ ദിവസം ഇന്നായിരുന്നേനെ. അത് തകിടം മറിയുകയും തുടർച്ചയായ രണ്ടു ദിവസത്തെ പ്രതികൂല കാലാവസ്ഥയും കാരണം വയ്യ.. മടുത്തു… എന്ന ഭാവം ആണ് ഞാൻ ഉൾപ്പെടെ പലരുടെയും മനസ്സിൽ.

മറ്റു ക്യാമ്പുകളെ അപേക്ഷിച്ചു ഈ ക്യാമ്പ് അത്ര സുന്ദരമായ ഇടത്തായിരുന്നില്ല. ടൺ കണക്കിന് പാറകൾ അടർന്നു കിടക്കുന്ന മലകളുടെ ഇടയിൽ, ഒരു സൂപ്പ് ബൗളിന്റെ ഉള്ളിൽ എന്ന് തോന്നുന്ന ഇടം. വിദൂര കാഴ്ചകളില്ല. നാല് ദിക്കിലും പാറയടർന്നു കിടക്കുന്ന മലകൾ മാത്രം. ക്യാമ്പിൽ nഇന്ന് മുകളിലേക്ക് നോക്കാൻ ഭയം തോന്നി. നിലമൊന്നു അനങ്ങി വിറച്ചാൽ നാല് ദിക്ക് നിന്നും അടർന്നു ഉരുണ്ടു വീഴാൻ തയ്യാറായി കിടക്കുന്ന പറക്കുന്നുകളുടെ നടുവിൽ കിടന്നാണ് ഇന്ന് ഞങ്ങൾ കിടന്നുറങ്ങേണ്ടത്.

സമയം വെറും രണ്ടുമണി ആയിട്ടേ ഉള്ളു. ധാരാളം സമയമുണ്ട്. സത്സർ ഇരട്ട തടാകങ്ങൾ കാണാൻ പോകാൻ ആർക്കും താല്പര്യമുണ്ടായില്ല. അന്തരീക്ഷം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല എന്നത് തന്നെ കാരണം. നല്ല കാറ്റു വീശുന്നുണ്ട്. എല്ലാവരും നനഞ്ഞ ഉടുപ്പുകളും, ഷൂകളും ഉണക്കാനിട്ടു വിശ്രമിച്ചു.

ട്രെക്കിലെ നാലാം ദിനം ആയപ്പോഴേക്കും മനസ്സും, ചിന്തകളും പുറംലോകവുമായി എത്രയും അകന്നു പോയി എന്ന് ഞാൻ ആലോചിച്ചു. ഞാൻ വെറുതെ നെറ്റ് ഓൺ ആക്കി സ്‌ക്രീനിൽ നോക്കിയിരുന്നു, ഒന്നും സംഭവിക്കില്ല എന്നറിയാമെങ്കിലും. പുറം ലോകത്ത് എന്തൊക്കെ നടന്നു കാണാമെന്നു വെറുതെ ആലോചിച്ചു. അടുത്ത സുഹൃത്തുക്കളുടെയും, വീട്ടിലെയും വിവരങ്ങൾ അറിയാൻ പറ്റാത്തത് അല്പം വിഷമം തോന്നുന്ന കാര്യമാണ്. എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ എങ്ങനെയെങ്കിലും വിളി എത്താതിരിക്കില്ല. പക്ഷെ “മലമുകളിലേക്ക് നമ്മളെ തേടി വരുന്ന ഫോൺ വിളികൾ ഒരിക്കലും ശുഭ വർത്തകളുമായിട്ടായിരിക്കില്ല” എന്ന മാനേജരുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട്. ഫോൺ വിളികൾ ഒന്നും വരാതെ ഇരിക്കുന്നതിൽ തത്കാലം സന്തോഷിക്കുക ആണ് വേണ്ടത്.

Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

എല്ലാവരുമൊപ്പം ടെന്റിൽ ഇരുന്നു സംസാരിച്ചും കളിച്ചും സമയം പോക്കി. ഇടക്കെപ്പോഴോ എന്റെ മുഖത്തിന്റെ കാര്യം ഓർമ്മ വന്നത്. മൊബൈൽ ക്യാമെറയിൽ നോക്കിയപ്പോ ഫിൽറ്റർ കാരണം ഒടുക്കത്തെ ഗ്ലാമർ. സത്യാവസ്ഥ അറിയണമെങ്കി കണ്ണാടി തന്നെ വേണം. സഹ ടെൻഡുകാരിയുടെ കൈവശം ഉണ്ടായിരുന്ന കുട്ടികണ്ണാടിയിൽ എന്റെ തിരച്ചിൽ അവസാനിച്ചു. ശരിയാണ്. നേരെത്തെ അവരങ്ങനെ ചോദിച്ചതിൽ അത്ഭുതമൊന്നുമില്ല. വരണ്ടു കരിഞ്ഞുപോയ മുഖം. മൂക്കിന്റെയും, നെറ്റിയുടെയും തൊലിപ്പുറം തൊടുമ്പോൾ വിങ്ങുന്ന വേദന. ചിലയിടത്ത് തൊലിയടർന്നു തുടങ്ങിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ എല്ലാവരും സൺസ്‌ക്രീൻ ഒക്കെ ഇടുന്ന കണ്ടപ്പോൾ ആദ്യമൊന്നും ഞാൻ ഗൗനിച്ചിരുന്നില്ല. അത് ശ്രദ്ധിക്കാതിരുന്നതിന്റെ അനന്തര ഫലമാണിത്. ഇനിയിപ്പോ ഇതിനെ ‘ഹിമാലയൻ ടാൻ’ എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ചു അശ്വസിക്കാം.

നാളത്തെ യാത്ര ഗാംഗബലിലേക്കാണ്. ട്രെക്ക് ആരംഭിക്കുന്നത് ഒന്നര കിലോമീറ്ററോളമുള്ള boulders കടന്നിട്ടാണെന്ന് ഗൈഡ് പറഞ്ഞു. പാറകൾ നിറഞ്ഞ സ്ഥലത്തിനാണ് ബൗൾഡേഴ്സ് എന്ന് പറയുക. അത് പലതരം ഉണ്ട്. നദിക്ക് കുറകെ നമ്മൾ കണ്ടത് പോലെ ചെറിയ ഉരുളൻ പാറകൾ മുതൽ മലഞ്ചെരിവിലെ പടുകൂറ്റൻ പാറകൾ വരെ. അതിലൂടെ അല്പം ശ്രദ്ധയോടെ തന്നെ വേണം നടക്കാൻ. ചെറിയ വീഴ്ച പോലും അത്ര സുഖകരം ആയിരിക്കില്ല. പാറകളിൽ കൂടെ എങ്ങനെ നടക്കണം, കാലു കുത്തുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്നെല്ലാം ഗൈഡുകൾ വിശദീകരിച്ചു തന്നു.

ഭക്ഷണത്തിനു ശേഷം, ടെന്റിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ മെല്ലെ ഇയർഫോണിൽ പട്ടു ഇട്ടു. ചാർജ് പോകുമോ എന്ന പേടിയിൽ ഇന്ന് വരെ ഒന്നും ആവശ്യമില്ലാതെ ഉപയോഗിച്ചിരുന്നില്ല. ട്രെക്ക് ഏകദേശം മുക്കാൽ ഭാഗമെത്തിയിരിക്കുകയാണ്. ഇനി അധികം ടെൻഷൻ അടിക്കേണ്ട കാര്യമില്ല ചാർജിന്റെ കാര്യമോർത്ത്. പതിവ് പാട്ടുകൾ കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം. ട്രെക്കിൽ ആദ്യമായി ഒന്ന് ഗാഢമായി ഉറങ്ങാൻ കഴിഞ്ഞത് ആ അഞ്ചാം നാൾ ആണ്. (തുടരും)

2 thoughts on “Kashmir Great Lakes 5: ഗഡ്‌സറിൽ നിന്ന് സത്സറിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed