കാരാപ്പുഴ മുഖം മിനുക്കുന്നു; രാത്രി വരെ നീളുന്ന വിനോദങ്ങളും

കല്‍പ്പറ്റ. വയനാട്ടിലെ കാരാപ്പുഴ അണക്കെട്ട് ഉൾപ്പെടുന്ന മെഗാ ടൂറിസം കേന്ദ്രം മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തും. ഈ ടൂറിസം കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റാൻ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ വൈകാതെ തയാറാക്കാന്‍ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കാരാപ്പുഴയെ ഒരു സ്ഥിരം സായാഹ്ന വിനോദ കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇവിടെ വൈകീട്ട് ആറു മണി മുതല്‍ എട്ടു മണി വരെ പ്രവേശനം അനുവദിക്കും. ആംഫി തീയറ്റര്‍ നിർമിക്കും. പദ്ധതി പൂർത്തീകരിച്ചാൽ ജില്ലയിലെ ആദ്യ സായാഹ്ന വിനോദ കേന്ദ്രമായി കാരാപ്പുഴ മാറും. ഡാമില്‍ സോളാര്‍ ബോട്ടിങും ആരംഭിക്കും.

സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആകര്‍ഷകമാല്ലാത്ത റൈഡുകള്‍ നിര്‍ത്തുകയും വ്യത്യസ്തമായ പുതിയ റൈഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇവിടെ നിലവിലുള്ള നിർമിതികളും കെട്ടിടങ്ങളും കുട്ടികളുടെ പാർക്കും നവീകരിക്കും. സോവനീർ ഷോപ്പുകൾക്കും വെര്‍ച്വല്‍ റിയാലിറ്റി സെന്ററിനുമായി ഇവിടെയുള്ള അഞ്ചു മുറികൾ ലേലം ചെയ്യും. ഓണത്തിനു മുമ്പായി ഇവിടെ മില്‍മയുടെ ഔട്ട്‌ലെറ്റ് തുറക്കാനും വിനോദ സഞ്ചാരികള്‍ എത്തുന്ന വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമൊരുക്കാനും തീരുമാനമായിട്ടുണ്ട്.

Also Read വയനാട്ടിലേക്കാണോ? കണ്ടിരിക്കേണ്ട പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ അറിയൂ

വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 16 കി.മീ. അകലെ കാരാപ്പുഴയിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന അണക്കെട്ടും തടാകവും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നാണിത്. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവിലാണ് അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയ. നിരവധി തടാകങ്ങള്‍ ചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. പ്രകൃതി കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. ഫോട്ടോഗ്രഫിക്കും മികച്ച ഇടമാണ്.

ദേശീയപാത 212ൽ കാക്കവയലിൽ നിന്നും എട്ടു കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും അഞ്ച് കിലോമീറ്ററാണ് ദൂരം.

One thought on “കാരാപ്പുഴ മുഖം മിനുക്കുന്നു; രാത്രി വരെ നീളുന്ന വിനോദങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed