ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കായി ഇറാന്‍ പ്രഖ്യാപിച്ച VISA FREE പ്രവേശനം അനുവദിച്ചു തുടങ്ങി. ഫെബ്രുവരി നാലു മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്. യുഎഇ, സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീസ്യ, സിങ്കപൂര്‍, ജപാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങി മറ്റു 33 രാജ്യക്കാര്‍ക്കും ഇറാന്‍ വിസയില്ലാതെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതായി ഡിസംബറിലാണ് ഇറാന്‍ പ്രഖ്യാപിച്ചത്.
ഈ സൗകര്യം വിമാന മാര്‍ഗം ഇറാനിലെത്തുന്നവര്‍ക്കു മാത്രമെ ലഭിക്കൂ. ടൂറിസം ആവശ്യത്തിനു വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്തതാണ് ഈ സംവിധാനം. ഇതു പ്രകാരം സാധാരണ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിമാന മാര്‍ഗം വിസ ഇല്ലാതെ ആറു മാസത്തിലൊരിക്കല്‍ ഇറാനിലെത്താം. ഓരോ തവണ എത്തുമ്പോഴും പരമാവധി 15 ദിവസം മാത്രമെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കൂ. ഈ കാലാവധി നീട്ടിത്തരികയുമില്ല.
ടൂറിസം അല്ലാത്ത, ബിസിനസ്, പഠന ആവശ്യങ്ങള്‍ക്കുള്ള മറ്റു വിസകള്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ ബാധകമാണ്. ആറു മാസത്തിനുള്ളില്‍ ഒന്നിലേറെ തവണ ഇറാനിലേക്ക് വരികയോ, ദീര്‍ഘകാലം ഇറാനില്‍ തങ്ങുകയോ ചെയ്യണമെങ്കില്‍ ഈ വിസ രഹിത പ്രവേശന സൗകര്യം ഉപയോഗിക്കാനാകില്ല. ഇതിനായി ഇന്ത്യയിലെ ഇറാന്‍ എംബസിയില്‍ നിന്ന് ആവശ്യമായ വിസ തരപ്പെടുത്തേണ്ടി വരും.
പരമ്പരാഗതമായി ഇന്ത്യയുമായി മികച്ച സൗഹാര്‍ദ്ദമുള്ള ഇറാന്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനും അതുവഴി ടൂറിസം വികസനവും ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം അവതരിപ്പിച്ചത്. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഇറാനില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. 2022ല്‍ 315 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 41 ലക്ഷത്തോളം വിദേശികളാണ് എത്തിയത്. 2023ല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.