ന്യൂ ദല്‍ഹി. ഇന്ത്യയിലെ ആദ്യ പ്രാദേശിക സെമി-ഹൈസ്പീഡ് RapidX Train സര്‍വീസ് ദല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് (Delhi-Ghaziabad-Meerut RRTS) ശനിയാഴ്ച (ഒക്ടോബര്‍ 21) സര്‍വീസ് ആരംഭിക്കും. റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (Regional Rapid Transit System) എന്ന ഗണത്തിൽ വരുന്നതാണ് ഈ ട്രെയിൻ. വെള്ളിയാഴ്ച പ്രധാനമന്ത്രി സര്‍വീസ് ഉദ്ഘാടനം ചെയ്യും. RAPIDX എന്നായിരുന്നു ഈ ട്രെയിന്‍ സര്‍വീസിന് പേര് നല്‍കിയിരുന്നത്. ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി പേര് നമോ ഭാരത് (Namo Bharat) എന്നാക്കി മാറ്റുകയായിരുന്നു. സാഹിബാബാദ് മുതല്‍ ദുഹയ് ഡിപോ വരെയുള്ള ആദ്യഘട്ട സര്‍വീസാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക.
ആദ്യ സർവീസ് ഇങ്ങനെ
ഇന്ത്യയില്‍ തദ്ദേശീയമായ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത് റാപിഡെക്‌സ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണ്. 160 കിലോമീറ്റര്‍ വേഗതയിലായിരിക്കും സര്‍വീസ്. ആകെ 82 കിലോമീറ്ററാണ് ആര്‍ആര്‍ടിഎസ് സര്‍വീസ് ദൂരം. ഇതില്‍ മുന്‍ഗണാ സെക്ഷനായ സാഹിബാബാദ് മുതല്‍ ദുഹയ് ഡിപോ വരെയുള്ള 17 കിലോമീറ്റര്‍ പാതയിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ഈ സെക്ഷനില്‍ ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് എന്നിവയുള്‍പ്പെടെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.
ഓരോ 15 മിനിറ്റിലും സര്‍വീസ്
ഓരോ 15 മിനിറ്റിലും സര്‍വീസ് ഉണ്ടാകും. ഭാവിയില്‍ അഞ്ചു മിനിറ്റിന്റെ ഇടവേളകളില്‍ സര്‍വീസ് വിപുലീകരിക്കാനും കഴിയും. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് സര്‍വീസുണ്ടാകുക.
കോച്ചുകളും സൗകര്യങ്ങളും
പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. ഒരു ട്രെയ്‌നില്‍ ആറ് കോച്ചുകളുണ്ടാകും. ഒരു കോച്ച് പ്രീമിയം ഗണത്തിലുള്‍പ്പെടും. ഒരു കോച്ച് സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തതാണ്. കൂടാതെ മറ്റെല്ലാ കോച്ചുകളിലും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുതര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം സീറ്റുകളുമുണ്ടാകും.
യാത്രാ ടിക്കറ്റ് നിരക്ക്
സാഹിബാബാദ് മുതല്‍ ദുഹയ് ഡിപോ വരെയുള്ള യാത്രയ്ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രീമിയം കോച്ചില്‍ 100 രൂപയും. 90 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. മെട്രോ സ്റ്റേഷനുകളിലേതിനു സമാന സംവിധാനങ്ങളാണ് ആർആർടിഎസ് സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നത്.
റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ ദല്‍ഹിയില്‍ നിന്ന് മീററ്റിലേക്കുള്ള നിലവിലെ റോഡ് യാത്രാ സമയമായ നാലു മണിക്കൂര്‍ വെറും 55 മിനിറ്റായി കുറയും. ആദ്യഘട്ട സര്‍വീസ് ആരംഭിക്കുന്ന സാഹിബാബാദ്-ദുഹയ് ഡിപോ യാത്രാ സമയം വെറും 12 മിനിറ്റാണ്. 30,000 കോടി രൂപയിലേറെ ചെലവിട്ടാണ് ദല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് പദ്ധതി നടപ്പിലാക്കുന്നത്.
National Capital Region Transport Corporation (NCRTC) എന്ന കമ്പനിയാണ് ആർആർടിഎസിന് മേൽനോട്ടം വഹിക്കുന്നത്. കേന്ദ്ര സർക്കാരും, ദൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത സംരംഭമാണ് എൻസിആർടിസി.