കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്ക് വരെ റോഡ്; കൂടുതലറിയാം

കൊല്‍ക്കത്ത. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വിനോദ യാത്ര പോകാവുന്ന വിദേശ രാജ്യമാണ് തായ്‌ലാന്‍ഡ്. കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസുകളും ലഭ്യമാണ്. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേര്‍ വിമാന മാര്‍ഗം തായ്‌ലാന്‍ഡിലേക്ക് പോയി വരുന്നുമുണ്ട്. റോഡ് മാര്‍ഗം യാത്ര ചെയ്യാവുന്ന, കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്ക് വരെ നീളുന്ന ഒരു പുതിയ പാത കൂടി വരുന്നു. ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് 2002ല്‍ വിഭാവനം ചെയ്ത ഈ രാജ്യാന്തര ഹൈവെ യാഥാര്‍ത്ഥ്യമാകാന്‍ ഇനി നാലു വര്‍ഷം കൂടി കാത്തിരിക്കണം. കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് വരെ 2800 കിലോമീറ്ററോളം നീളുന്ന ഈ പാത ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും (ASEAN) തമ്മിലുള്ള വ്യാപാരവും സഹകരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ഇത്രയും കാലം പൊതുശ്രദ്ധയിൽ ഇല്ലാതിരുന്ന ഈ ഹൈവെ പദ്ധതി ഈയിടെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ ചർച്ചയായതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മൂന്ന് രാജ്യങ്ങളിലേയും വാണിജ്യ മന്ത്രിമാർ ഈ പാത നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഈ സമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ത്രിരാഷ്ട്ര രാജ്യാന്തര ഹൈവേയുടെ ഏറിയ പങ്കും ഇന്ത്യയിലാണ്. ഏറ്റവും കുറഞ്ഞ ഭാഗം തായ്‌ലന്‍ഡിലും. കൊല്‍ക്കത്ത, സിലിഗുരി, ശ്രീറാംപൂര്‍, ഗുവാഹത്തി, കൊഹിമ, മൊറെ വഴി മ്യാന്‍മറിലേക്ക് പ്രവേശിച്ച് യംഗോണ്‍, മണ്ഡലായ്, കലെവ, താമു എന്നീ പട്ടണങ്ങള്‍ വഴി തായ്‌ലാന്‍ഡിലെത്തും. ഇവിടുത്ത പ്രധാന പട്ടണങ്ങളായ സുഖോതായ്, മായി സോത് വഴി തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ചേരും.

Also Read വിയറ്റ്നാം: കൃശഗാത്രിയാം സുന്ദരി

ഈ ഹൈവേയുടെ ഇന്ത്യയിലേയും തായ്‌ലാന്‍ഡിലെയും പാത നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. മ്യാന്‍മറില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മ്യാന്‍മറിലെ 121 കിലോമീറ്റര്‍ വരുന്ന കലെവ-യാര്‍ ഗി പാത നാലുവരിയായി ഉയര്‍ത്തുന്ന പണിയാണ് നടന്നു വരുന്നത്. ഇത് പൂര്‍ത്തീകരിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം സമയമെടുക്കുമെന്ന് മ്യാന്‍മര്‍ വാണിജ്യ മന്ത്രി ആങ് നയ്ങ് ഊ പറഞ്ഞു. ബംഗാൾ ഉൾക്കടൽ തീരം പങ്കിടുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക സാങ്കേതിക സഹകരണ കൂട്ടായ്മയായ BIMSTECന്റെ സുപ്രധാന പദ്ധതികളിലൊന്നാണീ ത്രിരാഷ്ട്ര ഹൈവെ.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed