ന്യൂദല്‍ഹി. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസമായി India-Cambodia നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. കംബോഡിയയുടെ ദേശീയ വിമാന കമ്പനിയായ Cambodia Angkor Air ജൂണ്‍ 16 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് കംബോഡിയയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ്. കംബോഡിയ-ഇന്ത്യ ടൂറിസം ഇയർ ആഘോഷിക്കുന്ന വർഷമാണിത്. കുറഞ്ഞ ചെലവില്‍ വിദേശ ടൂര്‍ പ്ലാന്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് കംബോഡിയ. ബജറ്റിലൊതുങ്ങുന്ന വിദേശ വിനോദസഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച രാജ്യമാണിത്.
കംബോഡിയ അങ്കോര്‍ എയറിന്റെ നേരിട്ടുള്ള സര്‍വീസുകള്‍ ഇവര്‍ക്ക് വലിയ അനുഗ്രഹമാകും. ന്യൂദല്‍ഹിയില്‍ നിന്ന് നോം പെന്നിലേക്ക് ആഴ്ചയില്‍ നാലു ദിവസം സര്‍വീസുണ്ടാകുമെന്നാണ് റിപോര്‍ട്ട്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കുമിത്. നോം പെന്നിൽ നിന്ന് 16.35ന് പുറപ്പെട്ട് ന്യൂദൽഹിയിൽ 19.50ന് എത്തിച്ചേരും. ന്യൂദൽഹിയിൽ നിന്ന് 20.50ന് പുറപ്പെട്ട് നോം പെന്നിൽ 02.50നും എത്തിച്ചേരും. 13,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് പുരോഗമിക്കുന്നു.
ധാരാളം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുള്ള കംബോഡിയ ഇന്ത്യക്കാരുടെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ്. പുതിയ സര്‍വീസ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ടൂറിസം വികസനത്തിനും കൂടുതല്‍ യാത്രാ സൗകര്യത്തിനും വഴിയൊരുക്കുമെന്ന് കംബോഡിയയുടെ ഇന്ത്യയിലെ അംബാസഡര്‍ കുവോങ് കോയ് പറഞ്ഞു.