കൊച്ചി. ഓണം ഉത്സവ സീസണും അവധിക്കാലവും പരിഗണിച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ ഓഗസ്റ്റ് 31 വരെ സന്ദർശകർക്കായി തുറന്നിടും. ഏഷ്യയിലെ ഏറ്റവും വലിയ കമാന രൂപത്തിലുള്ള അക്കെട്ടാണ് ഇടുക്കി ഡാമിലേക്ക്, മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ പോലെ എല്ലായ്പ്പോഴും പ്രവേശനമില്ല എന്നതിനാൽ കുടുംബ സമേതം ഒരു വൺ ഡേ ട്രിപ്പിനുള്ള അവസരം കൂടിയാണിത്. ഈ യാത്രയിൽ ഇടുക്കി, ചെറുതോണി ഡാമുകളും വൈശാലി ഗുഹയും കാണാം. ആവശ്യക്കാർക്ക് ആർച്ച് ഡാമിനു മുകളിലൂടെ ബഗ്ഗി കാറിൽ യാത്ര ചെയ്യുകയും ചെയ്യാം.
രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശന സമയം. ചെറുതോണി ഡാമിന്റെ കവാടത്തിലൂടെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. നടക്കാൻ പ്രയാസമുള്ളവർക്ക് ബഗ്ഗി ഉപയോഗിക്കാം. ഇതിന് എട്ടു പേർക്ക് 600 രൂപയാണ് നിരക്ക്.
മൊബൈൽ ഫോൺ, കാമറ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കൈവശം കരുതാൻ അനുവാദമില്ല. ഇവ പ്രവേശന കവാടത്തിലുള്ള ക്ലോക്ക് റൂമിൽ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ബുധനാഴ്ചകളിൽ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടക്കുന്നതിനാൽ അന്ന് സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.
ഇടുക്കി അണക്കെട്ട്
കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് (Arch Dam). ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(KSEB)നാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനംചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്‌പാദനശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭവൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്.
(വിവരങ്ങൾ: വിക്കിപീഡിയ)