✍🏻 ആബിദ് അടിവാരം
MALAYSIA സഞ്ചാരികളെ മോഹിപ്പിക്കുന്ന നാടാണ്. കുറഞ്ഞ ബജറ്റിൽ സുഹൃത്തുക്കളോ കുടുംബവുമൊത്തോ യാത്ര പ്ലാൻ ചെയ്യാൻ മികച്ചൊരിടം. യാത്രികരെ ആകർഷിക്കുന്ന ഒട്ടേറെ സവിശേഷതകൾ ഇവിടെയുണ്ട്. നാട്ടിലോ ദുബായിലോ മറ്റു നഗരങ്ങളിലോ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ ചെലവാകുന്നതിന്റെ നാലിലൊന്ന് ചെലവിൽ മലേഷ്യയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കിട്ടും. ഗൾഫിലെ റോഡുകളും കെട്ടിടങ്ങളും നാട്ടിലെ കാറ്റും മഴയും വാഴയും തെങ്ങും എല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ് മലേഷ്യ.
കാലാവസ്ഥ കേരളത്തേക്കാൾ നല്ലതാണ്, മഴക്കാലവും വേനൽകാലവും ഇല്ല. കൊല്ലം മുഴുവനും മഴയുണ്ടാകും. കടുത്ത ചൂടോ തണുപ്പോ ഇല്ല, ശരാശരി താപനില 25 ഡിഗ്രിയാണ്. എണ്ണപ്പണം കൊണ്ട് ഗൾഫ് ഉണ്ടാക്കിയ പുരോഗതി, എണ്ണപ്പണമില്ലാതെ മലേഷ്യ ഉണ്ടാക്കിയിട്ടുണ്ട്, അവരുടെയും കാൽ നൂറ്റാണ്ടു മുമ്പ്. പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ, വെയിസ്റ്റ് മാനേജ്‌മെന്റ്, പൊതു ജീവിതം തുടങ്ങി പല വിഷയങ്ങളിലും നമുക്ക് കാണാനും പഠിക്കാനുള്ള പലതുമുണ്ട്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കോ ഗോവയിലേക്കോ ടൂർ പോകുന്ന ചെലവിൽ മലേഷ്യയിൽ വന്നു പോകാം.
കുറച്ചു സുഹൃത്തുക്കൾ ചേർന്നോ, കുടുംബമായോ മലേഷ്യയിലേക്ക് പോവുകയാണെങ്കിൽ എങ്ങനെ പോകണം? രണ്ടു വഴികളാണുള്ളത്. വിശദമായി പറയാം. ആദ്യത്തെ ഓപ്‌ഷൻ ടൂറിസ്റ്റ് കമ്പനികളുടെ പാക്കേജിൽ പോവുക. എന്നതാണ്. യാത്രയുടെ ഒരു ടെൻഷനും അടിക്കേണ്ട, എയർപോർട്ടിൽ എത്തിയാൽ മതി, ടൂർ കഴിഞ്ഞു തിരിച്ച് എയർപോർട്ടിൽ ഇറക്കും. ചിലർ വീട്ടിൽ നിന്ന് പിക്ക് ചെയ്ത് വീട്ടിൽ തിരിച്ചെത്തിക്കും. കമ്പനികൾ തമ്മിൽ മത്സരമുള്ളത് കൊണ്ട് കുറഞ്ഞ റേറ്റിൽ പാക്കേജുകൾ കിട്ടുമെന്നതാണ് ഗുണം.
ഈ യാത്രക്ക് പക്ഷെ ചില പരിമിതികൾ ഉണ്ട്. ഒന്നാമതായി നിങ്ങൾക്ക് ഒരു താല്പര്യവുമില്ലാത്ത കാഴ്ചയാണെങ്കിലും ടീമിന്റെ കൂടെ പോയി കാണേണ്ടി വരും. വലിയ ഗ്രൂപ്പുകൾ ആണെങ്കിൽ കൂടെയുള്ള പല അപരിചിതരോടുമൊപ്പം നിങ്ങൾക്ക് യഥാർത്ഥ നിങ്ങളായി ‘ആഘോഷിക്കാൻ’ കഴിയില്ല. നിങ്ങളൊരു അന്തർമുഖനാണെങ്കിൽ പറയാനുമില്ല.
കുട്ടികളും പ്രായമുള്ളവരുമായി യാത്ര ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം അവരുടെ ഭക്ഷണമാണ്, നാലു നേരം തുടർച്ചയായി പുറത്ത് നിന്ന് കഴിച്ചാൽ വയർ അസ്വസ്ഥമാകും. അതോടെ യാത്ര കോഞ്ഞാട്ടയാകും. മാത്രമല്ല കുട്ടികൾക്ക് ഏതാണ്ട് മുതിർന്നവരുടെ അതെ നിരക്ക് നൽകേണ്ടിയും വരും.
ഇതിനെല്ലാമുള്ള പരിഹാരമാണ് രണ്ടാമത്തെ ഓപ്‌ഷൻ. ട്രിപ്പ് നാം സ്വയം കസ്റ്റമൈസ് ചെയ്യുക. നിങ്ങൾക്ക് മലേഷ്യയിലുള്ള ഏജന്റിന്റെ വിളിക്കാം (മലയാളികളുമുണ്ട്) നിങ്ങൾ എത്രപേർ വരുന്നു? ചെറിയ കുട്ടികൾ ഉണ്ടോ? പ്രായമായവർ ഉണ്ടോ? എത്ര ദിവസത്തേക്കാണ് യാത്ര? ഏതൊക്കെ സ്ഥലങ്ങളാണ് കാണാൻ ഉദ്ദേശിക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ ഏജന്റ് ചോദിച്ചറിയും. നിങ്ങൾക്ക് പറ്റിയ പാക്കേജ് തരും. വരാൻ ഏറ്റവും അനുയോജ്യമായ ദിവസങ്ങൾ പറഞ്ഞു തരും, ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ദിവസങ്ങളും എയർലൈൻസും സജസ്റ്റ് ചെയ്യും. ടിക്കറ്റ് ഓൺലൈനിൽ നിങ്ങൾക്ക് തന്നെ പർച്ചേസ് ചെയ്യാം. എയർപോർട്ടിൽ കാറുമായി ഡ്രൈവർ/ഗൈഡ് വരും, തിരിച്ച് എയർപോർട്ടിൽ വിടുന്നത് വരെ അയാളുടെ സേവനം ലഭ്യമായിരിക്കും. നിങ്ങളുടെ സ്വന്തം ‘ട്രിപ്പായി’ ഫീൽ ചെയ്യും. പാക്കേജ് ടൂറുപോലെ സമയബന്ധിതമല്ല, നിങ്ങളുടെ ഇഷ്ടത്തിനൊത്ത് യാത്രയും വിനോദവും. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാൽ പ്രശ്നമുള്ളവർക്ക് സർവിസ് അപ്പാർട്മെന്റുകൾ തരും, അടുപ്പും ഗ്യാസും പാത്രവുമുണ്ടാകും. കുട്ടികൾക്കോ മുതിർന്നവർക്കോ ഭക്ഷണം ഉണ്ടാക്കി കൊടുക്കാം പുറത്ത് പോകുമ്പോൾ ഭക്ഷണം കൊണ്ട് പോകാം.
പൊതുവെ ടൂർ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം: മിനിമം ബഡ്ജറ്റിൽ നിന്ന് ഇത്തിരികൂട്ടിപ്പിടിച്ചാൽ യാത്ര മനോഹരമാകും. ഉദാഹരണത്തിന് 30,000 രൂപക്ക് 4 ദിവസത്തെ മലേഷ്യൻ ട്രിപ്പ് ഉണ്ടെന്നിരിക്കട്ടെ, നിങ്ങൾ അതിലേക്ക് 10 ശതമാനം ആഡ് ചെയ്ത് 33,000 ആക്കിയാൽ കിട്ടുന്ന സർവീസിൽ 20 ശതമാനം വ്യത്യാസമുണ്ടാകും. 20 കൂട്ടിയാൽ സർവ്വീസ് 40 ശതമാനം മെച്ചപ്പെടും.