ഊട്ടി. നീലഗിരി ജില്ലയില്‍ കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിങ്കള്‍ (മെയ് 20) ഊട്ടിയിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജില്ലയില്‍ പലയിടത്തും വേനൽ മഴ കനത്തിട്ടുണ്ട്. നീലഗിരി മൗണ്ടന്‍ റെയില്‍പാതയില്‍ (Nilgiri Mountain Railway) കല്ലാര്‍, ഹിൽഗ്രോവ് സ്റ്റേഷനുകൾക്കിടയിൽ കനത്ത മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ പാറ റെയില്‍വേ ട്രാക്കിലേക്ക് വീണതിനെ തുടര്‍ന്ന് പൈതൃക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. പാറ നീക്കി ട്രാക്ക് അറ്റക്കുറ്റപ്പണികള്‍ക്കു ശേഷമെ ഇനി സര്‍വീസ് പുനരാരംഭിക്കൂ. മേട്ടുപ്പാളയത്തു നിന്ന് ശനിയാഴ്ച രാവിലെ 7.10ന് പുറപ്പെടേണ്ടിയിരുന്ന 06136 മേട്ടുപ്പാളയം-ഉദഗമണ്ഡലം ട്രെയിൻ ആണ് യാത്ര റദ്ദാക്കിയത്.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നീലഗിരി മേഖലയില്‍ അറ് സെന്റീമിറ്റര്‍ മുതല്‍ 20 സെന്റീമിറ്റര്‍ വരെ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ ഊട്ടിയിലേക്കും മേഖലയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വരുന്ന വിനോദ സഞ്ചാരികളോട് യാത്ര മാറ്റിവെക്കാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.