കോഴിക്കോട്. ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനത്തിന് കേരളത്തിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ ജൂണ്‍ നാലിന് ആരംഭിക്കും. പുലര്‍ച്ചെ 1.45ന് ആദ്യ വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. സൗദി പ്രാദേശിക സമയം 5.45ന് ജിദ്ദ വിമാനത്താവളത്തിലിറങ്ങും. ആദ്യമായാണ് ഇത്തവണ കണ്ണൂരിൽ ഹജ് എംബാർകേഷൻ കേന്ദ്രം അനുവദിച്ചത്. ജൂണ്‍ നാലിനു തന്നെ രാവിലെ എട്ടരയ്ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് ആരംഭിക്കും. ഈ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ന് ജിദ്ദയിലിറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഈ രണ്ട് സര്‍വീസുകളും നടത്തുന്നത്. ജൂണ്‍ ഏഴ് മുതലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ് സര്‍വീസ്. സൗദി എയര്‍ലൈന്‍സാണ് ഇവിടെ നിന്നും തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ഹജ് വിമാന സര്‍വീസുകള്‍ കോഴിക്കോട് നിന്നാണ്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരും ഇവിടെ നിന്നാണ് പുറപ്പെടുക. 19 ദിവസങ്ങളിലായി 44 സര്‍വീസുകളാണ് ഇവിടെ നിന്നുള്ളത്. ചെറു വിമാനങ്ങളിലാണ് യാത്ര. ജൂണ്‍ 22നാണ് കേരളത്തില്‍ നിന്നുള്ള അവസാന ഹജ് വിമാനം.
ഹജ് ക്വാട്ട വര്‍ധിച്ചു, കേരളത്തില്‍ നിന്ന് 11,011 പേര്‍
കേരളത്തില്‍ നിന്നുള്ള ഹജ് വിമാന സീറ്റുകളുടെ എണ്ണം 10,684 ആണ്. അതേസമയം സംസ്ഥാനത്തിന്റെ ഹജ് ക്വാട്ട 11,011 ആയി ഉയര്‍ന്നു. കാത്തിരിപ്പു പട്ടികയില്‍ നിന്ന് 1,170 പേര്‍ക്കു കൂടി പുതുതായി അവസരം ലഭിച്ചതോടെയാണിത്. ഇവരില്‍ 327 പേര്‍ക്ക് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഹജ് വിമാനങ്ങളില്‍ യാത്ര ചെയ്യാനാകില്ല. ബദല്‍ മാര്‍ഗം സംബന്ധിച്ച് ഉടന്‍ വ്യക്തത ഉണ്ടായേക്കും. ഹജ് വിമാന സീറ്റുകള്‍ കൂട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇവര്‍ കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴി ഹജിനു പുറപ്പെടേണ്ടി വരും.