ഗവി കണക്റ്റഡ് ആകുന്നു; മൊബൈൽ, ഇന്റർനെറ്റ് കവറേജ് ഉടൻ

gavi tripupdates.in

പത്തനംതിട്ട. ഗവി നിവാസികളുടേയും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടേയും ഏറെ നീണ്ട കാത്തിരിപ്പിനൊടുവിയിൽ മൊബൈൽ കവറേജും ഇന്റർനെറ്റും ഉടൻ യാഥാർത്ഥ്യമാകും. മൊബൈൽ ടവറിന്റെ നിർമാണം പുരോഗമിക്കുകയാണ്. കമ്യൂണിക്കേഷൻ ആന്റ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള, പാർലമെന്റ് അംഗങ്ങളടങ്ങുന്ന ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ പലതവണ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കാൻ സാധിച്ചതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ആണ് മെബൈൽ ടവർ സ്ഥാപിക്കുന്നത്. ഇതിനുള്ള സാമഗ്രികകളും ഉപകരണങ്ങളും ഗവിയിലെത്തിച്ചിട്ടുണ്ട്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഗവി മേഖലയിലുള്ളത്. ഗോത്രവിഭാഗത്തിലുള്ളവരും ശ്രീലങ്കൻ വംശജരുമാണിവർ. ദിവസേനയുള്ള രണ്ട് കെഎസ്ആർടിസി സർവീസുകളാണ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം.

ഫോണിൽ പുറംലോകവുമായി ബന്ധപ്പെടാൻ സംവിധാനങ്ങളില്ലാതെയാണ് ഇവരുടെ ജീവിതം. കോവിഡ് കാലത്ത് വിദ്യാലയങ്ങളെല്ലാം ഓൺലൈൻ ആയപ്പോഴാണ് ഇവർ മൊബൈൽ കവറേജില്ലാത്തതിന്റെ പ്രയാസം ഏറ്റവും അനുഭവിച്ചത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഇവിടുത്തെ കുട്ടികൾക്ക് സ്കൂൾ പഠനത്തിന് ഏറെ പ്രയാസം നേരിട്ടിരുന്നു.

മതിയായ ടെലി കമ്യൂണിക്കേഷൻ സംവിധാനങ്ങളില്ലാത്തത് ഗവിയിലെ കെഎസ്ഇബി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ (KFDC), ശബരിമല സീസണിൽ കൊച്ചുപമ്പയിൽ ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം വളരെ പ്രയാസം നേരിട്ടിരുന്നു.

ബിഎസ്എൻഎൽ 2ജി, 3ജി സേവനങ്ങൾ സർവീസുകളാണ് ആരംഭിക്കുന്നത്. വൈകാതെ 4ജി കണക്റ്റിവിറ്റിയും ലഭ്യമാക്കും. അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പൊന്നമ്പലമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് കവറേജ് ലഭ്യമാക്കാൻ പുതിയ ടവറിന് ശേഷിയുണ്ട്.

Legal permission needed