മൂന്നാര്‍. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSIA) രാജ്യത്തുടനീളം സ്ഥാപിക്കുന്ന 100 ഫുഡ് സ്ട്രീറ്റ് ഹബുകളിലൊന്ന് മൂന്നാറില്‍ വരുന്നു. കേരളത്തില്‍ നാലെണ്ണമാണ് അനുവദിച്ചത്. ഇവയില്‍ ആദ്യത്തേതാണ് മൂന്നാറില്‍ വരുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപയും അനുവദിച്ചു. പൂര്‍ണമായും പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഹബ് പ്രവര്‍ത്തിക്കുക. എന്‍എച്ച്എം വഴിയാണ് ഫണ്ട് നല്‍കുന്നത്.
മൂന്നാറിലെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷത്തില്‍ പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഹബ് സ്ഥാപിക്കുന്നത്. 20 ഭക്ഷണശാലകള്‍ അടങ്ങുന്നതാണ് ഈ ഹബ്. ഇവിടെയുള്ള ഭക്ഷണശാലകളുടെ ഉടമാവകാശം, വാടക നിശ്ചയിക്കല്‍ തുടങ്ങിയവ പഞ്ചായത്തിന്റെ ചുമതലയാണ്.
പഴയ മൂന്നാറില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഫുഡ് സ്ട്രീറ്റ് ഹബ് നിര്‍മിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഹബ് നിര്‍മാണം ഉടന്‍ ആരംഭിക്കും.