മുഴുപ്പിലങ്ങാട്‌ ഫ്‌ളോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നു

കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട്‌ ബീച്ചിൽ തയാറാക്കിയ ഫ്ളോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നു നൽകി. ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് സ്ഥാപിച്ച ആദ്യ ഫ്ളോട്ടിങ് ബ്രിജാണിത്. കടലിലേക്ക് 100 മീറ്റർ നടന്നു പോകാവുന്ന രീതിയിലാണ് പാലം ഒരുക്കിയിട്ടുള്ളത്. എട്ടിടങ്ങളിൽ കൂടി ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ബേപ്പൂർ ബീച്ചിൽ സ്വകാര്യ സംരംഭമായി തുടങ്ങിയ ഫ്ലോട്ടിങ് ബ്രിജ് നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. ഇതിനു ലഭിച്ച ആവേശമേറിയ പ്രതികരണമാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം ആരംഭിക്കാൻ പ്രേരണയായത്. കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈ വർഷം ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ദിവസം മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിജിൽ വലിയ ജനത്തിരക്കനുഭവപ്പെട്ടു. 120 രൂപ ടിക്കറ്റെടുത്താൽ 15 മിനിറ്റ് ബ്രിജിൽ ചെലവഴിക്കാം. ഒരേസമയം 100 പേരെ മാത്രമെ പാലത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. ഉയർന്നു പൊങ്ങുന്ന തിരമാലകളുടെ ഓളങ്ങൾക്കൊപ്പം ആടിയുലയുന്ന കടൽപ്പാലം സാഹസിക പ്രേമികൾ അല്ലാത്ത വിനോദ സഞ്ചാരികൾക്കും നല്ലൊരു അനുഭവമായിരിക്കും. പാലം ഒരുക്കിയത് തൂവൽ തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല.

മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഈ കടൽപ്പാലത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡ് എന്നിവയ്ക്കു പുറമെ, അവശ്യഘട്ടങ്ങളിൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളുടെ സേവനവും ഉണ്ട്.

മുഴപ്പിലങ്ങാട് ബീച്ചിൽ ഒരുക്കിയ കടൽനടപ്പാലം

PEG: Floating bridge opened at Muzhappilangad Drive In Beach, Kannur


Leave a Reply

Your email address will not be published. Required fields are marked *

Legal permission needed