ന്യൂ ദല്‍ഹി. ഇന്ത്യയില്‍ ആദ്യമായി In-flight Wi-Fi ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സേവനം Vistara എയർലൈനിൽ ലഭ്യമായിത്തുടങ്ങി. ദല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിസ്താരയുടെ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങളിലാണ് സൗജന്യ വൈ ഫൈ ലഭ്യമാക്കിയിരിക്കുന്നത്. സൗജന്യം പരിമിത കാലത്തേക്കു മാത്രമാണ്. എയര്‍ബസ് എ321 നിയോ വിമാനങ്ങളിലും ഉടന്‍ ഈ സേവനം ലഭ്യമാക്കുള്ള ശ്രമത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി. പുതിയ ഉപയോഗ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതോടെ സൗജന്യ ഇന്റര്‍നെറ്റ് അവസാനിക്കും. പിന്നീട് താരിഫ് അനുസരിച്ച് അധിക പണം നല്‍കേണ്ടി വരും.
വിമാന യാത്രയില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്ന ഈ സേവനം പല വിദേശ എയര്‍ലൈനുകളിലും നിലവില്‍ നല്‍കി വരുന്നുണ്ട്. ആകാശ യാത്രയിലും ഭൂമിയിലുള്ളവരുമായി കണക്ടഡായിരിക്കാന്‍ ഇതു സഹായിക്കും. വിമാന യാത്രയ്ക്കിടയിലും ജോലി തുടരാനും ഇമെയിലുകള്‍ അയക്കാനും മറുപടി നല്‍കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും ഉറ്റവരുമായി സംസാരിക്കാനും ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സേവനം സഹായിക്കും. ഭൂനിരപ്പില്‍ നിന്നും 35000 അടി ഉയരത്തിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും.