തിരുവനന്തപുരം. കേരളത്തിലെ ആദ്യ Destination Wedding കേന്ദ്രം തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ ഒരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിന്റെ (Kerala Tourism) പൂര്‍ണ നിയന്ത്രണത്തില്‍ ശംഖുമുഖത്തെ ബീച്ച് പാര്‍ക്കിലാണ് വിവിധ സൗകര്യങ്ങളോടെ ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രം പണി പൂര്‍ത്തീകരണത്തോട് അടുക്കുന്നത്. ഈ മാസം 30ന് ഇവിടെ ആദ്യ വിവാഹം നടക്കുമെന്നാണ് റിപോര്‍ട്ട്. അതിഥികള്‍ക്ക് താമസ സൗകര്യങ്ങള്‍, തനത് കേരള വിഭവങ്ങളും കടല്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയുള്ള മെനു എന്നിവയെല്ലാം ഇവിടെ ലഭ്യമായിരിക്കും.
ഈ കേന്ദ്രം വരുന്നതോടെ ശംഖുമുഖം ബീച്ചും പരിസരവും സൗന്ദര്യവല്‍ക്കരിക്കാനും പദ്ധതിയുണ്ട്. അടുത്ത ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതൊടൊപ്പം ബീച്ചില്‍ നൈറ്റ്‌ലൈഫ് സൗകര്യവും ഒരുക്കുന്നുണ്ട്.
ശംഖുമുഖത്തെ ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ്. വിവാഹാഘോഷങ്ങള്‍ക്ക് ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഡെസ്റ്റിനേഷന്‍ വെഡിങ് പ്രോത്സാഹിപ്പിക്കുന്നത്. വിവിധ പഞ്ച നക്ഷത്ര റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇതിനായി സൗകര്യങ്ങളുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വെഡിങ് ഇവന്റുകള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്. ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ഈ വിപണി സാധ്യത മുതലെടുക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം.