മൂന്നാർ. പന്നൽ ചെടികളുടെ കേരളത്തിലെ ആദ്യ ഉദ്യാനം ഇരവികുളം ദേശീയോദ്യാനത്തിൽ (Eravikulam National Park) ഈ ഓണത്തിന് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. നൂറിലേറെ ഇനം പന്നൽ ചെടികളുമായാണ് ഈ ഫേണറേറിയം (fernarium) ഒരുക്കിയിരിക്കുന്നത്. ഓർക്കിഡ് ചെടികളേയും വരയാടുകളേയും കാണാൻ രാജമലയിലെത്തുന്ന വിനോദ സഞ്ചാരികൾക്കിനി പന്നൽ വൈവിധ്യവും കാണാം. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിലെ ഓർക്കിഡേറിയത്തിനു സമീപം 500 ചതുരശ്ര അടിയിലാണ് പന്നൽ ചെടികളെ പ്രത്യേകം നട്ടുവളർത്തിയിരിക്കുന്നത്. മഴമറയ്ക്കുള്ളിൽ ഉൾവനത്തിനു സമാന അന്തരീക്ഷം പുനഃസൃഷ്ടിച്ചാണ് ഫേണറേറിയം ക്രമീകരിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും ചൂടും ഇതിനുള്ളിൽ യഥേഷ്ടം ലഭിക്കും. മിസ്റ്റ് ഇറിഗേഷൻ സംവിധാനമാണ് ചെടികൾ നനയ്ക്കാൻ ഒരുക്കിയിരിക്കുന്നത്.
സമ്പന്നമായ ജൈവവൈവിധ്യമുള്ള ഇരവികുളം ദേശീയോദ്യാനത്തിൽ നിന്ന് ശേഖരിച്ച 104 ഇനം പന്നൽ ചെടികളാണ് ഫേണറേറിയത്തിൽ നട്ടുവളർത്തുന്നത്. ഇതിനകം പകുതിയോളം ഇനങ്ങൾ നട്ടു കഴിഞ്ഞു. ഒരു മാസത്തിനകം ഇതു പൂർത്തിയാക്കാനാണു പദ്ധതി. കേരള കാർഷിക സർവകലാശാലയുടെ കോളജ് ഓഫ് ഫോറസ്ട്രിയുടെ സഹായത്തോടെയാണ് വിവിധ ഇനം പന്നൽ ചെടികൾ വനത്തിൽ നിന്ന് ശേഖരിക്കുന്നത്. ഇളം പ്രായമുള്ളവ തൊട്ട് 100 വർഷം വരെ പ്രായമുള്ള പന്നൽ ചെടികളും ഫേണറേറിയത്തിൽ നട്ടുപിടിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരുമാണ് ഇവ സംരക്ഷിക്കുന്നത്.
Also Read ഇടുക്കിയെ മിടുക്കിയാക്കുന്ന വെള്ളച്ചാട്ടങ്ങൾ
ആരോഗ്യമുള്ള വനത്തിന്റെ സൂചനയാണ് പന്നൽ ചെടികളുടെ സാന്നിധ്യം. ഇരവികുളം നാഷനൽ പാർക്കിലെ ആവാസവ്യവസ്ഥ പന്നൽ ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് ബോട്ടണിസ്റ്റ് ജോമി അഗസ്റ്റിൻ പറയുന്നു.
പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് പന്നൽച്ചെടികൾ (Ferns). ഇവയ്ക്ക് സപുഷ്പികളെ പോലെ യഥാർത്ഥ വേരുകളും തണ്ടുകളും ഇലകളുമുണ്ട്. എങ്കിലും ഇവയ്ക്ക് പൂക്കളും വിത്തുകളുമുണ്ടാവില്ല. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ സമൃദ്ധിയായി വളരുന്നു. മരത്തിന്റെ പുറംതൊലിയിലും കുന്നിൻചെരുവുകളിലും കുളങ്ങളുടേയും അരുവികളുടേയും തീരങ്ങളിലും പന്നൽ ചെടികളെ സാധാരണയായി കാണാനാകും. ചിലയിനം ചെടികൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നുണ്ട്.