കണ്ണൂർ. കുറഞ്ഞ ചെലവിൽ ബോട്ട് സവാരി നടത്താൻ സഞ്ചാരികളെ ക്ഷണിച്ച് പറശ്ശിനിക്കടവ്. പറശ്ശിനിക്കടവ്-വളപട്ടണം പുഴകളിലൂടെയുള്ള ജലഗതാഗതവകുപ്പിന്റെ ഡബിൾ ഡെക്കർ ബോട്ട് യാത്രയാണ് കൊടും ചൂടിൽ ആശ്വാസമേകാൻ യാത്രാ പ്രേമികളെ കാത്തിരിക്കുന്നത്. അവധിക്കാലമായതോടെ ഇവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. പുഴയോര സഞ്ചാരം തന്നയാണ് ഏവരുടെയും ഇഷ്ട വിനോദം. കെ ടി ഡി സി സ്വകാര്യ ബോട്ടുകളെയും ഇവിടെയെത്തുന്നവർ ആശ്രയിക്കുന്നുണ്ട്.
കുറഞ്ഞ ചെലവിൽ അരമണിക്കൂർ (ഉല്ലാസ ബോട്ടുയാത്രക്ക് ) സർക്കുലർ സർവീസിനാണ് ഡക്കർ കേന്ദ്രീകരിക്കുന്നത്. വൈകീട്ട് 5.30നുള്ള വളപട്ടണം സർവീസ് ഒഴിവാക്കി പറശ്ശിനിക്കടവ് തന്നെ കേന്ദ്രീകരിച്ച് രാത്രി ഏഴുവരെ സർക്കുലർ സർവീസ് നടത്താനാണ് പുതുതായി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
പറശ്ശിനിക്കടവിൽ നിന്നും പുതിയ സർവീസ് തുടങ്ങുന്നതിന് വേണ്ടി ആലപ്പുഴയിൽ നിന്നാണ് എസ്-26 അപ്പർ ഡെക്കർ ബോട്ട് എത്തിച്ചത്. മുകൾത്തട്ടിലും യാത്രചെയ്യാവുന്ന ഡക്കറിൽ മുകൾ ഭാഗത്ത് 18-ഉം ഉൾഭാഗത്ത് 60-ഉം പേർക്ക് യാത്രചെയ്യാനുള്ള സൗകര്യമുണ്ട്.
ബോട്ടിൽ രാവിലെയും വൈകിട്ടും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് ഉല്ലാസയാത്രയും നടത്തും. റൂട്ടിൽ മാറ്റങ്ങൾ വരുത്തി നിലവിലുള്ള സമയക്രമം ഉറപ്പു വരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ബോട്ട് ഓടിക്കാനും ജലഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിന് സമീപത്തെ കോറളായി ദ്വീപ്, മുല്ലക്കൊടി എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസ് തുടങ്ങി.
ടിക്കറ്റ് നിരക്ക് 60-80
പറശ്ശിനിക്കടവ്-മാട്ടൂൽ വരെ താഴെ 60 രുപയും മുകളിൽ 80 രൂപയുമാണ് നിരക്ക്. വൈകീട്ട് നാലുമുതൽ വിനോദ സഞ്ചാരികൾക്ക് ഉല്ലാസയാത്രയായി ഒരു മണിക്കൂർ ദൈർഘ്യത്തിൽ മുല്ലക്കൊടി കോറളായി ദ്വീപ് വരെ സർവീസ് നടത്തി തിരിക്കും. ഇതിന് 80 രൂപയാണ് ടിക്കറ്റ് നിരക്ക്. 5.30 മുതൽ പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് സർക്കുലർ സർവീസ് തന്നെ ഇനി മുതൽ നടത്തും.