ഷിംല. പാരാഗ്ലൈഡിങ് ലോക കപ്പ് മത്സരങ്ങള്‍ക്കു മുന്നോടിയായുള്ള രാജ്യാന്തര പാരാഗ്ലൈഡിങ് ചാമ്പ്യന്‍ഷിപ്പിന് (Cross Country World Cup Paragliding Championship) ഹിമാചല്‍ പ്രദേശിലെ ബിര്‍ ബില്ലിങില്‍ തുടക്കമായി. ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനും (HPTDC) ബില്ലിങ് പാരഗ്ലൈഡിങ് അസോസിയേഷനും സംയുക്തമായാണ് ഈ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്.
സാഹസിക ടൂറിസം (Adventure Tourism) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളില്‍ യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യുഎഇ, ഇറാന്, വിയറ്റ്നാം, നേപ്പാള്‍ തുടങ്ങി 33 രാജ്യങ്ങളില്‍ നിന്നുള്ള 186 സാഹസികര്‍ പങ്കെടുക്കും. ഇതിനു പുറമെ, അടിയന്തര ആവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കുമായി ഇന്ത്യന്‍ വ്യോമ സേനയുടേയും കരസേനയുടേയും പാരാഗ്ലൈഡിങ് വിഭാഗവും രംഗത്തുണ്ട്.
ബിര്‍ ബില്ലിങ് വൈകാതെ തന്നെ പാരാഗ്ലൈഡിങ് ലോക കപ്പ് മത്സരങ്ങളും അരങ്ങേറും. 2015ല്‍ ആദ്യ ലോക കപ്പ് മത്സരങ്ങള്‍ നടന്നതും ഇവിടെയായിരുന്നു. കങ്ഡ ജില്ലയിലെ ബൈജ്നാഥിനടുത്തുള്ള ബിര്‍ ബില്ലിങ് മലയോര പ്രദേശം അതിമനോഹരമായ ഇടവും പാരാഗ്ലൈഡിങിന്റെ പ്രധാന കേന്ദ്രവുമാണ്. ഈ ചാമ്പ്യന്‍ഷിപ്പോടെ ഇവിടെ പാരാഗ്ലൈഡിങ് സീസണിന് തുടക്കമാകും.