നീണ്ട കോവിഡ് ഇടവേളയ്ക്കു ശേഷം ഭൂട്ടാന്‍ (Bhutan) വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും വാതില്‍ തുറന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ്. പുതിയ ചില മാറ്റങ്ങള്‍ കൂടി ഇതോടൊപ്പം കൊണ്ടുവന്നതോടെ ഭൂട്ടാനിലേക്കുള്ള വിനോദയാത്ര അല്‍പ്പം ചെലവേറിയതായി മാറി. സുസ്ഥിര വികസ ഫീസ് (Sustainable Development Fee- SDF) എന്ന പേരില്‍ ഓരോ ടൂറിസ്റ്റിനും ഒരു രാത്രി എന്ന തോതില്‍ ഈടാക്കുന്ന ഫീസ് 200 യുഎസ് ഡോളറാക്കി ഉയര്‍ത്തി. മൂന്ന് പതിറ്റാണ്ടോളം കാലം ഈ ഫീസ് 65 ഡോളര്‍ മാത്രമായിരുന്നു. ഈ ഫീസ് സമ്പന്നരായി ടൂറിസ്റ്റുകളെ ആകർഷിക്കാനും, ടൂറിസം അന്തരീക്ഷം നശിപ്പിക്കാൻ സാധ്യതയുള്ള ബജറ്റ് വിനോദ യാത്രികരെ നിരുത്സാഹപ്പെടുത്താനും ഏർപ്പെടുത്തിയതാണ്. ഇപ്പോൾ ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ടൂറിസം മന്ത്രാലയം.
നാലു ദിവസത്തേക്കുള്ള ഫീസ് ഒന്നിച്ച് അടക്കുന്ന ടൂറിസ്റ്റുകളെ അടുത്ത നാലു ദിവസം കൂടി രാജ്യത്ത് തങ്ങാൻ അനുവദിക്കും. അതുപോലെ 12 ദിവസത്തേക്കുള്ള എസ് ഡി എഫ് അടയ്ക്കുന്നവർക്ക് ഒരു മാസം മുഴുവൻ തങ്ങാനും അനുമതി ലഭിക്കും. ഒരു വ്യവസ്ഥ മാത്രമെയുള്ളൂ. ഫീസ് യുഎസ് ഡോളറിലാണ് അടക്കേണ്ടത്. പക്ഷെ ഇന്ത്യൻ രൂപയിൽ പണമടക്കുന്ന ഇന്ത്യക്കാർക്ക് ഈ ഇളവ് ലഭിക്കില്ല. ജൂൺ മുതൽ ആരംഭിച്ച ഈ ഓഫർ 2024 അവസാനം വരെ തുടരും.
ഇതു വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ടൂറിസ്റ്റു കേന്ദ്രങ്ങളിലെ പരിസ്ഥിതി പരിപാലനം. കാർബൺ പുറന്തള്ളൽ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാൻ കർശമായ നടപടികളാണ് ഭൂട്ടാൻ സ്വീകരിച്ചു വരുന്നത്. ഭൂട്ടാനിലെ അതിമനോഹരവും ഹരിതസമൃദ്ധവുമായ മലനിരകൾ കയറുന്നതിനും ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 86000 ടൂറിസ്റ്റുകളെ സ്വീകരിക്കാനാണ് ഭൂട്ടാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ജനുവരി മുതൽ ഇതുവരെ 47000 ടൂറിസ്റ്റുകൾ ഇവിടെ എത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അഞ്ച് ശതമാനമാണ് ടൂറിസം മേഖലയുടെ സംഭാവന. ഇത് 20 ശതമാനമാക്കി ഉയർത്താനാണ് സർക്കാർ പദ്ധതി.
One thought on “ഭൂട്ടാനിൽ ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ തങ്ങാം; ഈ വഴി നോക്കൂ”