✍️ ജാസ്മിൻ നൂറുന്നിസ
കുറേ നാളായി പ്ലാൻ ചെയ്ത യാത്രയാണ്. മൂന്ന് ദിവസത്തെ യാത്രയിലെ ആദ്യ ഡെസ്റ്റിനേഷൻ ബന്ദിപ്പൂർ ആണ്. ബന്ദിപ്പൂർ ജംഗിൾ സഫാരിയാണ് പ്രധാന ലക്ഷ്യം. വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് ബന്ദിപ്പൂർ സഫാരി പാർക്കിലെത്തി ടിക്കറ്റ് എടുക്കണം. അത്കൊണ്ടു തന്നെ പുലർച്ചെ അഞ്ചു മണിക്ക് എറണാകുളത്ത് നിന്ന് യാത്ര തുടങ്ങി. നിലമ്പൂര്‍- നാടുകാണി- ഗൂഡല്ലൂർ- മുതുമല പിന്നെ ബന്ദിപ്പൂർ ആണ് റൂട്ട്. മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കാടുകളും കടന്നു വേണം ബന്ദിപ്പൂരിലെത്താൻ. നിലമ്പൂർ കഴിയുന്നത് മുതൽ കാട് തുടങ്ങും. കാടിനെ ഇഷ്ട്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു വഴിയാണ് ഇത്. തേയിലക്കാടുകളും, ഗുഡല്ലൂർ ടൗണും പിന്നിട്ടാൽ പിന്നെ കാഴ്ച്ചകളുടെ വസന്തമാണ്.
റോഡിന് ഇരുവശത്തും കൊടും കാടാണ്. മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനം. കേരളത്തിൽ മുത്തങ്ങ എന്നും, തമിഴ്‌നാട്ടിൽ മുതുമല എന്നും, കർണാടകയിൽ ബന്ദിപ്പൂർ എന്നുമാണ് ഈ വനത്തിന് പേര്. വന്യജീവികളും സസ്യജാലങ്ങളുമെല്ലാം ഒന്ന്. മൂന്ന് സംസ്ഥാനങ്ങളിൽ ആയത് കൊണ്ട് മൂന്ന് പേരുകളിൽ അറിയപ്പെടുന്നു എന്നു മാത്രം. കൂടുതലും കാണുന്നത് ഇല പൊഴിയുന്ന വർഗ്ഗത്തിൽ പെട്ട മരങ്ങളാണ്. വേനൽ കാലത്ത് കാടിന് പല നിറങ്ങളാണ്. ഇല പൊഴിഞ്ഞ മരങ്ങളും, ഓറഞ്ചും, മഞ്ഞയും നിറത്തിൽ ഇലകളുള്ള മരങ്ങളും, വേനൽ വന്നത് പോലും അറിയാതെ പച്ചപ്പിൽ നിൽക്കുന്ന മരങ്ങളും, ഇതിനിടക്ക് വേനലും മഴയും ഒന്നും ബാധിക്കാതെ നിറയെ മഞ്ഞ പൂക്കളുമായി നിൽക്കുന്ന കണിക്കൊന്നകളും എല്ലാം ഉണ്ട്. അതിനിടയിലൂടെ ഓടി നടക്കുന്ന മാൻ കൂട്ടങ്ങളും, പല വർണങ്ങളിലുള്ള പക്ഷികളും. കാടിന് പലപ്പോഴും പല ഭംഗിയാണ്. വേനലിൽ ഉള്ള ഭംഗി അല്ല മഴക്കാലത്ത്. രണ്ട് സമയങ്ങളിലും കാട്ടിലൂടെയുള്ള യാത്രയ്ക്ക് ഒരു പ്രത്യേക ഫീൽ ആണ്. എത്ര നേരം കണ്ടാലും മതി വരാത്ത കാഴ്ച്ചകളാണ് കാട് നമുക്ക് സമ്മാനിക്കുന്നത്.
വഴിയിലെ മൃഗങ്ങളെയും, കാടിൻ്റെ ഭംഗിയുമെല്ലാം കണ്ട് ഏകദേശം രണ്ടു മണിയോട് കൂടി ബന്ദിപ്പൂർ ടൈഗർ റിസർവിലെത്തി. സഫാരി പാർക്കിന് അടുത്തുള്ള ഒരു റിസോർട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു, നാല് മണിക്കുള്ള സഫാരിക്ക് ടിക്കറ്റും എടുത്തു. ടിക്കറ്റ് നമുക്ക് ഓൺലൈൻ ആയും ബുക്ക് ചെയ്യാം. ബസ്സിലുള്ള സഫാരിക്ക് ഒരാൾക്ക് 610 രൂപയാണ് നിരക്ക്. ക്യാമറക്ക് പ്രത്യേകം ചാർജ് ഉണ്ട്. ഒരു ദിവസം അഞ്ച് സഫാരികളാണ് ഉള്ളത്. രാവിലെ 6.15 മുതൽ 9.30 വരെയും, ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 6.45 വരെയും. ഏകദേശം നാലു മണിയോട് കൂടി ബസ്സിൽ കയറി സീറ്റു പിടിച്ചു. അധികം താമസിയാതെ ബസ്സ് മെയിൻ റോഡിലൂടെ കുറച്ചു ദൂരം നീങ്ങി പിന്നീട് കാട്ടിലേക്ക് പ്രവേശിച്ചു.
ഇനി യാത്ര കൊടും കാട്ടിലൂടെ ആണ്. സ്വകാര്യ വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. ബസിലുള്ള ഗൈഡ് സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മറ്റും പറഞ്ഞു തന്നു. നിശബ്ദത പാലിക്കുക എന്നതാണ് പ്രധാന നിർദേശം. മൃഗങ്ങളെ കാണുമ്പോൾ വണ്ടി നിർത്തി അവയെ കാണുവാനുള്ള അവസരം തരുമെന്നും പറഞ്ഞു. ഈ നിർദേശങ്ങൾ ബസ്സിലും എഴുതി വച്ചിട്ടുമുണ്ട്. എന്നിട്ടും, ഒരു സംഘമായി കൂട്ടത്തിലുണ്ടായിരുന്ന ചിലർ യാത്ര തുടങ്ങിയപ്പോൾ തന്നെ ബഹളം തുടങ്ങി. ഗൈഡ് പലവട്ടം പറഞ്ഞിട്ടും അവർ അനുസരിക്കുന്നില്ല. മാത്രമല്ല ഗൈഡിനോട് തിരിച്ചു തർക്കിക്കാനും തുടങ്ങി. പിന്നെ ഡ്രൈവർ കുറച്ചു നേരം വണ്ടി നിർത്തിയിട്ട്, കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാണ് യാത്ര തുടർന്നത്.
ഇങ്ങനെ കാട്ടിലൂടെ ഉള്ള യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൃഗങ്ങൾ താമസിക്കുന്ന ആവാസ വ്യവസ്ഥയിലേക്ക് അവരുടെ അനുവാദം ഇല്ലാതെ അധിക്രമിച്ചു കടക്കുന്നവരാണ് നമ്മൾ എന്നതാണ്. അപ്പോൾ പാലിക്കേണ്ട മിനിമം മര്യാദ എങ്കിലും പാലിക്കണം. ബഹളം വെച്ചും, കൂകി വിളിച്ചും അവരെ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മൃഗങ്ങൾ മനുഷ്യ വാസമുള്ള സ്ഥലങ്ങളിലേക്ക് കടക്കുമ്പോൾ, മനുഷ്യർ അവയോട് ചെയ്യുന്നത് എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അപ്പോൾ നമ്മൾ, കാട്ടിൽ കയറി ചെയ്യുന്നത് അവർക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നമ്മളും ബോധവാന്മാരായിരിക്കണം. ആ ബസ്സിലുള്ള കുറച്ചു പേരുടെ ബഹളം, കൂടെ ഉള്ളവർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ യാത്രയുടെ ഒരു വൈബ് കുറച്ചു നേരത്തേക്കെങ്കിലും അവർ കാരണം നഷ്ടമായി.
ഓരോ മൃഗങ്ങളെ കാണുമ്പോഴും വണ്ടി നിർത്തുകയും, ഫോട്ടോയും, വിഡിയോയും എടുക്കാനുള്ള സമയം തരികയും, അത് ഏത് മൃഗമാണെന്ന് ഗൈഡ് പറഞ്ഞു തരികയും ചെയ്തു. ഉൽക്കാടിൻെറ ഭംഗി ശരിക്കും നമ്മളെ വിസ്മയിപ്പിക്കും. ഇത് വരെ കണ്ട ഭാവമല്ല ഇപ്പോൾ കാണുന്ന കാടിന്. നമ്മൾ ഉൾക്കാട്ടിലാണെന്ന തോന്നൽ തന്നെ ഒരു ഹരമാണ്. സാധാരണ ടൈഗർ റിസർവിലേക്ക് ഒരു സഫാരി ബുക്ക് ചെയ്യുമ്പോൾ എല്ലാവരുടെയും ആഗ്രഹം ഒരു കടുവയെയോ, പുലിയെയോ കാണണം എന്ന് തന്നെയാണ്. എൻ്റെ ആഗ്രഹവും അത് തന്നെ ആയിരുന്നു. പക്ഷെ കടുവയെ കാണുന്നത് തികച്ചും നമ്മുടെ ഭാഗ്യം ആണ്. ആ ഭാഗ്യം എന്തായാലും ഈ യാത്രയിൽ ഉണ്ടായില്ല. ഈ യാത്രയിൽ എന്നെ വിസ്മയിപ്പിച്ചത് പക്ഷികളാണ്. പല വർണ്ണത്തിൽ, പല ശബ്ദത്തിൽ, പല വലിപ്പത്തിൽ, കണ്ണിൻ മുന്നിലൂടെ, തലങ്ങും വിലങ്ങും പറന്ന് അകലുന്ന, ഒരുപാട് പക്ഷികളെ നമുക്ക് ഈ കാട്ടിൽ കാണാം. ഇങ്ങനെ ഉള്ള കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ പക്ഷികളെ കൂടി കാണാനും ആസ്വദിക്കാനും കഴിഞ്ഞാൽ യാത്രകൾ കൂടുതൽ മനോഹരമാക്കാം.
ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് സഫാരി അവസാനിച്ചു. ഒരുപാട് കാഴ്ച്ചകളും, അറിവും, സന്തോഷവും സമ്മാനിച്ച ഈ സഫാരിക്ക് ഒരിക്കൽ കൂടി വരണം എന്ന ആഗ്രഹത്തോടെ കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലേക്ക് യാത്ര തിരിച്ചു.
4 thoughts on “മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കാടുകളും കടന്നൊരു ബന്ദിപ്പൂർ സഫാരി”