ന്യൂ ദല്‍ഹി. മെഡിക്കല്‍ ടൂറിസം മേഖലയ്ക്ക് സവിശേഷമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക വിസ (Ayush Visa) അവതരിപ്പിച്ചു. വിവിധ രീതികളിലുള്ള ചികിത്സകള്‍, സുഖചികിത്സ, വെല്‍നസ്, യോഗ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ അനുവദിക്കുക. ഇന്ത്യയിലെ പരമ്പരാഗത വൈദ്യ ചികിത്സാ രീതികളേയും മെഡിക്കല്‍ ടൂറിസത്തേയും പ്രോത്സാഹിപ്പിക്കുകയാണ് ഈ വിസയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
മെഡിക്കല്‍ ടൂറിസത്തിന് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് ഹീല്‍ ഇന്‍ ഇന്ത്യ (Heal in India) എന്ന പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആയുഷ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിരക്ഷാ, സുഖ ചികിത്സാ മേഖലയ വലിയ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025ഓടെ 70 ബില്യണ്‍ ഡോളറിന്റെ വിപണിയായി ഈ രംഗം വളരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ആയുര്‍വേദ രംഗത്ത് വലിയ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടും. ഇന്ത്യയിലെ പ്രധാന ആയുര്‍വേദ ചികിത്സാ കേന്ദ്രമായ കേരളത്തിനും ഇത് നേട്ടമാകും. ആയുവേദ പാരമ്പര്യ ചികിത്സയും സുഖചികിത്സയുമടക്കം നല്‍കുന്ന നിരവധി കേന്ദ്രങ്ങള്‍ക്കു പുറമെ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ള കേരളത്തിലേക്ക് വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ആയുഷ് വിസ സഹായമാകും.