AR Heritage Tour: കേരളത്തിലെ പൈതൃക പ്രദേശങ്ങൾ ഓഗ്മെന്‍റഡ് റിയാലിറ്റിയിലേക്ക്

തിരുവനന്തപുരം. വിനോദസഞ്ചാരികൾക്ക് ഓഗ്മെന്റഡ് റിയാലിറ്റി (Augmented Reality) സാങ്കേതികവിദ്യയുടെ സഹായത്തോടെ പൈതൃക സ്ഥലങ്ങളുടെ വിവര വിസ്മയക്കാഴ്ചകൾ മൊബൈലിൽ നേരിട്ടു കാണാവുന്ന പുതിയ പദ്ധതി വരുന്നു. കേരളത്തിലെ പൈതൃക പ്രദേശങ്ങളുടെ ചരിത്രവും പൈതൃകയും കാഴ്ചകളും എആർ ചലന ചിത്രങ്ങളായി ഇനി നിങ്ങളുടെ സ്മാർട്ഫോൺ സ്ക്രീനിൽ തെളിയും. ‘ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്’ എന്ന പുതിയ പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നൽകി. സ്മാർട്ഫോണിൽ ക്യാമറ ഉപയോഗിച്ച് ‘കേരള ടൂറിസം’ (Kerala Tourism) ആപ്പ് വഴി പൈതൃക പ്രദേശങ്ങളുടേയും കെട്ടിടങ്ങളുടെയും ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്നതാണ് ഈ പദ്ധതി. കേരള ടൂറിസം ആപ്പ് ഒരു ഗൈഡായി പ്രവർത്തിക്കും.

ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ എത്തുമ്പോള്‍ത്തന്നെ ഇവിടെ ഓഗ്മെന്‍റഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണില്‍ വരും. തുടര്‍ന്ന് ‘കേരള ടൂറിസം’ ആപ്പിലെ ക്യാമറ ഓണ്‍ ചെയ്താല്‍ ആ പ്രദേശത്തിന്‍റെ ചരിത്രവും ഐതിഹ്യവും കണ്‍മുന്നില്‍ തെളിയും. സ്ഥലത്തിന്‍റെ പേര്, പ്രത്യേകത, ചരിത്രം, ആ പ്രദേശവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ കാണാം. ശബ്ദസന്ദേശമായും വീഡിയോ, അനിമേഷന്‍ രൂപത്തിലും വിവരങ്ങള്‍ തെളിയും. പത്മനാഭക്ഷേത്രത്തിനു മുന്നിലാണ് ക്യാമറ എങ്കില്‍ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അല്‍പ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവോടെയുള്ള 360 ഡിഗ്രി വിഡിയോ കാണാം. 3ഡി അനിമേഷന്‍, നാവിഗേഷന്‍ മാപ് എന്നിവയുമുണ്ട്. സമീപത്തെ ഹോട്ടലുകള്‍, ശൗചാലയങ്ങള്‍ എന്നിവയും ആപ് കാട്ടിത്തരും.

പദ്ധതിക്കായി സർക്കാർ 60 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആറ് മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തില്‍ കേരളത്തിലെ മറ്റ് പൈതൃക പ്രദേശങ്ങളും ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed