ഇന്ത്യയില്‍ പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ airbnb

ന്യൂദല്‍ഹി. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പൈതൃക താമസ കേന്ദ്രങ്ങള്‍ ഒരുക്കാനും സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമുഖ ഓണ്‍ലൈന്‍ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോം ആയ എയര്‍ബിഎന്‍ബി (airbnb) ടൂറിസം മന്ത്രാലയവുമായി ധാരണയിലെത്തി. വിദേശ ടൂറിസ്റ്റുകള്‍ക്കായി മന്ത്രാലയം അവതരിപ്പിച്ച വിസിറ്റ് ഇന്ത്യ 2023 (Visit India 2023) പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം.

അധികമാരും എത്തിയിട്ടില്ലാത്ത വിനോദ സഞ്ചാര മേഖലകളില്‍ താമസ സൗകര്യമൊരുക്കാന്‍ തയാറുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും അവരുടെ ഹോംസ്റ്റേകളെ കൂടുതല്‍ ടൂറിസ്റ്റുകളിലെത്തിക്കാന്‍ സഹായിക്കുമെന്നും എയര്‍ബിഎന്‍ബി അറിയിച്ചു. സോള്‍ ഓഫ് ഇന്ത്യ (Soul of India) എന്ന പേരില്‍ ഒരു മൈക്രോസൈറ്റ് അവതരിപ്പിച്ച് ഇന്ത്യയുടെ സമ്പന്ന സംസ്‌കാരവും പൈതൃക നിര്‍മിതകളും രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനും എയര്‍ബിഎന്‍ബിക്ക് പദ്ധതിയുണ്ട്.

ടൂറിസം മന്ത്രാലയവുമായുള്ള കരാര്‍ പ്രകാരം എയര്‍ബിഎന്‍ബി വികസിച്ചു വരുന്ന വിനോദ സഞ്ചാര മേഖലകളിലെ ചെറുകിട ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഈ സഹകരണത്തിലൂടെ ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലെത്തിക്കാനും സഹായിക്കുമെന്ന് എയര്‍ബിഎന്‍ബി ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed