കൊച്ചി. യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ലഘുഭക്ഷണങ്ങളടങ്ങിയ സ്‌നാക്‌സ് ബോക്‌സ് ഇനി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). പകരം ഗോര്‍മെയര്‍ (Gourmair) എന്ന ബ്രാന്‍ഡില്‍ കമ്പനി പുതുതായി അവതരിപ്പിച്ച മെനുവും ഇന്‍-ഫ്‌ളൈറ്റ് ഡൈനിങ് സേവനവും മുഖേന പണം നല്‍കി ഭക്ഷണം വാങ്ങാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഗോർമെയർ മെനുവിലെ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇന്നു (ജൂൺ 22) മുതൽ ജൂലൈ ആറ് വരെ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സഹോദര കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ ഈയിടെ ഗോര്‍മെയര്‍ മെനു അവതരിപ്പിച്ചിരുന്നു. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കും സേവനം വിപുലീകരിച്ചത്. ടാറ്റ വാങ്ങിയതിനു ശേഷം വരുന്ന പുതിയ മാറ്റങ്ങളുടെ ഭാഗമാണിതും. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനേയും എയര്‍ ഏഷ്യ ഇന്ത്യയേയും ഒന്നാക്കിയിരുന്നു.
എല്ലാ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലും ഇനി ഗോര്‍മെയര്‍ മെനു ആയിരിക്കും. ഇതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭക്ഷണത്തിനായി അധിക ചെലവ് കൂടി വഹിക്കേണ്ടി വരും. ടാറ്റ ഏറ്റെടുത്തതിനു ശേഷം എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഭക്ഷണം മെച്ചപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ കമ്പനി പുതുതായി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി വന്ന ഇളവുകളും കമ്പനി വെട്ടിക്കുറച്ചിരുന്നു. ചെലവ് കുറച്ച് വിപണി വിഹിതം വർധിപ്പിക്കുന്നതിനാണ് കമ്പനി ഊന്നൽ നൽകുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്നും കമ്പനി അറിയിച്ചു. കാര്‍ഡ് ഇല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആയാലും മതി. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിച്ചതെങ്കില്‍ അയാളുടെ അനുമതിപത്രവും കാര്‍ഡിന്റെ പകര്‍പ്പും കൈവശം കരുതണം. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ തടയുന്നതിനാണ് നടപടികള്‍ കര്‍ശനമാക്കിയതെന്ന് കമ്പനി പറയുന്നു.