മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവം മേയ് അഞ്ചിന്

managaladevi temple trip updates

കുമളി. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന മംഗളാദേവി ക്ഷേത്രം ചിത്രപൗര്‍ണമി ഉത്സവത്തിനായി മേയ് അഞ്ചിന് തുറക്കും. ഭക്തർക്ക് നിയന്ത്രണങ്ങളോടെയാണ് പ്രവേശനം നൽകുന്നത്. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ഒന്നാം ഗേറ്റിലൂടെയാണ് പ്രവേശനം. അനുവദിക്കപ്പെട്ട സമയത്തിനു ശേഷം ആരെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലമുകളിലേക്ക് കയറ്റിവിടില്ല. വൈകീട്ട് 5.30നു ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല.

ഉത്സവ ദിവസം പുലർച്ചെ നാലിന് കേരളത്തിലേയും തമിഴ്നാട്ടിലേയും പൂജാരിമാരേയും സഹകർമിയെയും പൂജാ സാമഗ്രികളും ക്ഷേത്രത്തിലേക്ക് കൊണ്ടു പോകാൻ അനുവദിക്കും. ക്ഷേത്രത്തിലേക്കുള്ള ഭക്ഷണം ആറ് ട്രാക്ടറുകളിലായി അഞ്ചു മണിക്ക് കയറ്റിവിടും. ഒരു ട്രാക്ടറിൽ ആറു പേരിൽ കൂടുതൽ പാടില്ലെന്നാണ് നിബന്ധന. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളേയും ഈ വാഹനത്തിൽ അനുവദിക്കില്ല.

ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രം കുറ്റൻ കരിങ്കല്ലുകൾ അടുക്കിവച്ചുള്ള നിർമാണ ശൈലിയിലാണ് പണിതിരിക്കുന്നത്. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന് 13 കിലോമീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ചിത്രപൗര്‍ണമി നാളിൽ വർഷത്തിലൊരിക്കൽ മാത്രമെ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമുള്ളൂ. കേരളം, തമിഴ്നാട് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭക്തരുടെ വരവും പോക്കും നിയന്ത്രിക്കുന്നത്. ക്ഷേത്രം പൂർണമായും കേരള അതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്‌നാടിനും ഈ ക്ഷേത്രത്തിൽ അവകാശവാദമുണ്ട്. സംരക്ഷിത വനമേഖലയായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കാറുള്ളത്.

പെരിയാർ കടുവാ സങ്കേതത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ. ഇടതൂർന്ന വനങ്ങളിലൂടെയും ഉയർന്ന ഉയരത്തിലുള്ള പുൽമേടിലൂടെയുമാണ് യാത്ര. ക്ഷേത്ര പരിസരം അതിമനോഹരമായ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്ത് കാണാം. തമിഴ്‌നാട്-കേരള അതിർത്തിയിലെ ഒരു മലമുകളിലുള്ള ഈ ക്ഷേത്ര പരിസരത്തു നിന്നാൽ പശ്ചിമഘട്ടത്തിന്റെയും തമിഴ്‌നാട്ടിലെ ചെറിയ മലയോര ഗ്രാമങ്ങളുടെയും വിശാലദൃശ്യം ആസ്വദിക്കാം. ഇടതൂർന്ന പച്ചപ്പിൽ ചിതറിക്കിടക്കുന്ന ചെറിയ ഗ്രാമങ്ങളുടെ കാഴ്ച അതി മനോഹരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed