ഇനി MVDയെ പേടിക്കേണ്ട, വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാം; വ്യവസ്ഥകള്‍ ഇങ്ങനെ

cooling film window tinting in india

കൊച്ചി. ഇനി MVDയെ പേടിക്കാതെ കാറുകളുടെ ഗ്ലാസിൽ കൂളിങ്/സൺ ഫിലിം പതിക്കാം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇങ്ങനെ ഫിലിം പതിച്ചതിന്റെ പേരില്‍ വാഹന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പിഴ ചുമത്താനോ നിയമനടപടികള്‍ സ്വീകരിക്കാനോ മോട്ടോര്‍ വാഹന വകുപ്പിന് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഉത്തരവ് വന്നതോടെ 2021 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം അനുവദനീയ തോതില്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള ഗ്ലാസുകളില്‍ കൂളിങ്/ സണ്‍ ഫിലിം പതിക്കാവുന്നതാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2019ല്‍ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനം സുതാര്യതയും, വശങ്ങളില്‍ 50 ശതമാനം സുതാര്യതയും ഉണ്ടായിരിക്കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റി ഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ പുതിയ മോട്ടോര്‍ വാഹന ചട്ടം അനുവദിക്കുന്നുണ്ട്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ ഫിലിം പതിപ്പിക്കുന്നത് സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കൂളിങ് ഫിലിം ഒട്ടിക്കുന്നത് നിയമപരമാണെന്ന് വ്യക്തമാക്കിയത്.

വാഹനങ്ങളിലെ ഗ്ലാസില്‍ ഫിലിം പതിപ്പിക്കുന്നത് നേരത്തെ സുപ്രീം കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്ക് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനു മുമ്പുള്ളതായതിനാല്‍ സാധുത ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫിലിം ഒട്ടിച്ചതിന് പിഴചുമത്തപ്പെട്ട വാഹന ഉടമയും, ഫിലിം ഒട്ടിക്കുന്ന ആലപ്പുഴയിലെ സ്ഥാപനവും നല്‍കിയ ഹരജിയിലാണ് വിധി. ഫിലിം ഒട്ടിച്ചു നല്‍കിയതിന് സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപനത്തിന് നോ്ട്ടീസ് നല്‍കിയിരുന്നു. ഈ നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

Legal permission needed