കോഴിക്കോട്. യുനെസ്കോയുടെ ഇന്ത്യയിലെ ആദ്യ City of Literature ആയി കോഴിക്കോട് നഗരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാഹിത്യത്തിന് പ്രധാന്യമുള്ള സാംസ്കാരിക നഗരമെന്ന നിലയില്‍ 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിന് യുനെസ്കോ ഈ അംഗീകാരം നല്‍കിയത്. പുതിയ പദവി ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്ത നാലു വര്‍ഷം കോഴിക്കോട് വൈവിധ്യമാര്‍ന്ന സാംസ്കാരിക, സാഹിത്യ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങി നഗരത്തിലെ സമ്പന്ന ചരിത്ര പാരമ്പര്യമുള്ള ഇടങ്ങളെല്ലാം സാഹിത്യ, സാംസ്കാരിക പരിപാടികളുടെ കേന്ദ്രങ്ങളായി മാറും.
UNESCO യുടെ ഈ രാജ്യാന്തര അംഗീകാരം ലഭിക്കുന്നതിനു മുമ്പു തന്നെ കോഴിക്കോടിന് സാഹിത്യ ഭൂപടത്തില്‍ സ്വന്തമായി ഒരിടമുണ്ട്. ഇന്ത്യയിലെ ആദ്യ യുനെസ്കോ സാഹിത്യ നഗരമെന്ന അംഗീകാരം സാംസ്കാരിക ടൂറിസം രംഗത്ത് കോഴിക്കോടിന് പുത്തനുണര്‍വ്വേകും. കൂടാതെ സാഹിത്യ രംഗത്തെ അന്താരാഷ്ട്ര പ്രമുഖരെ ആകര്‍ഷിക്കാനും കോഴിക്കോടിന് കഴിയും.
സുസ്ഥിര നഗരവികസനത്തിന്റെ തന്ത്രപ്രധാന ഭാഗമായി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും നഗരങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും യുനെസ്കോ രൂപം നല്കിയ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി സാഹിത്യം, കല, സിനിമ, സംഗീതം, കരകൗശലവും പരമ്പരാഗത കലയും, പാചകകല, മാധ്യമ കലകള്‍ തുടങ്ങി വിഭാഗങ്ങളിലായി 2004 മുതലാണ് നഗരങ്ങള്‍ക്ക് അംഗീകാരം നല്കിത്തുടങ്ങിയത്.