നവകേരള ബസ് ഇനി KSRTC ഗരുഡ പ്രീമിയം; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ്
കോഴിക്കോട്. സംസ്ഥാന മന്ത്രിസഭ ഒന്നിച്ച് കേരളത്തിലുടനീളം യാത്ര നടത്തിയ നവകേരള ബസ് KSRTCയുടെ ഗരുഡ പ്രീമിയം ആയി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. മേയ് 5നാണ് ആദ്യ സർവീസ്. കോഴിക്കോട് നിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടലുപേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11:35 ന് ബെംഗളൂരുവിലെത്തി ഉച്ചയ്ക്ക് 2:30 ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് 10:05 ന് കോഴിക്കോട് എത്തിച്ചേരുന്നതാണ് സർവീസ്.
കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു (സാറ്റലൈറ്റ്, ശാന്തിനഗർ) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഓൺലൈൻ റിസർവേഷൻ സൗകര്യവുമുണ്ട്. സെസ് ഉൾപ്പെടെ 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള 5 ശതമാനം ആഡംബര നികുതിയും നൽകണം.
എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ബസിൽ കയറാൻ ഫുട്ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത ഹൈഡ്രോളിക് ലിഫ്റ്റ് ഉണ്ട്. ഇത് യാത്രക്കാർക്കു തന്നെ പ്രവർത്തിപ്പിക്കാവുന്നതാണ്. യാത്രക്കാർക്കായി ശുചിമുറി, വാഷ് ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനം, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ബസിലുണ്ട്.