പനജി. ഏവിയേഷന്‍ വ്യവസായ രംഗത്തെ പ്രമുഖ മലയാളി സംരംഭകന് മനോജ് ചാക്കോ ചുക്കാന്‍ പിടിക്കുന്ന പുതിയ വിമാന കമ്പനി FLY 91 വാണിജ്യ സര്‍വീസിനു തുടക്കമിട്ടു. പ്രാരംഭ ഓഫറായി വെറും 1991 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലക്കുമാണ് സര്‍വീസുള്ളത്. വൈകാതെ ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ ജല്‍ഗാവ്, സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.
ചെറുപട്ടണങ്ങളെ കോര്‍ത്തിണക്കി ഹ്രസ്വദൂര ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഫ്ളൈ 91 നടത്തുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സര്‍വീസുകളാണ് ഇപ്പോഴുള്ളത്. സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച ഗോവയില്‍ നിന്ന് അഗത്തിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തിയിരുന്നു.
ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്ര നടത്തുന്നവരുടെ എണ്ണം കുതിച്ചുയരുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2030ഓടെ 30 കോടി യാത്രക്കാരായി ഉയരുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍. 10 വര്‍ഷം മുമ്പ് ഇത് വെറും ആറ് കോടി ആയിരുന്നു. ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസുകല്‍ താരതമ്യേന ഇപ്പോള്‍ കുറവാണ്. പുനെ, നന്ദേഡ് തുടങ്ങിയ പട്ടണങ്ങളിലേക്കും ഘട്ടംഘട്ടമായി ഫ്ളൈന 91 സര്‍വീസ് ആരംഭിക്കും. ടൂറിസം, അവധിക്കാല സീസണുകളില്‍ ചെറുപട്ടണങ്ങളിലേക്ക് യാത്രക്കാര്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍. ഇതും പുതിയ കമ്പനിക്ക് പ്രയോജകരമാകും.