കൊച്ചി. ഈ വർഷത്തെ അന്താരാഷ്ട്ര പാരാഗ്ലഡിങ് ഫെസ്റ്റിവൽ (International Paragliding Festival) വലിയ ആഘോഷമാക്കാൻ വാഗമൺ കുന്നുകളിൽ ഒരുക്കങ്ങൾ സജീവം. ഇന്ത്യക്കാർക്കു പുറമെ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സാഹസിക പറക്കൽ വിദഗ്ധരുടെ ഗംഭീര ആകാശ പ്രകടനത്തിന് മാർച്ച് 14 മുതൽ 17 വരെ വാഗമൺ സാക്ഷ്യം വഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവൽ കൂടിയാണിത്. സാഹസിക കായിക വിനോദ മേഖലയിൽ നിന്നുള്ള പ്രശസ്ത റൈഡർമാരും ചാമ്പ്യൻമാരും ഉൾപ്പെടെ നൂറിലേറെ ദേശീയ, അന്തർദേശീയ ഗ്ലൈഡർമാരാണ് പങ്കെടുക്കുന്നത്. യുഎസ്, യുകെ, ജർമനി, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, നേപ്പാൾ 15ലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഹിമാചൽ പ്രദേശ്, ഗോവ, ദൽഹി, മഹാരാഷ്ട്ര, കർണാകട, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സാഹസിക താരങ്ങളും പങ്കെടുക്കുന്നു.
ഇവരെല്ലാം ചേർന്ന് നാലു ദിവസം വാഗമൺ കുന്നുകളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗംഭീര ആകാശക്കാഴ്ചകളായിരിക്കും സമ്മാനിക്കുക. പൈലറ്റുമാരുടേയും ഗ്ലൈഡർമാരുടേയും ട്രയൽ പറക്കലുകളും ഉണ്ടാകും. ഇതു കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൌണ്‍സിലും ചേർന്നാണ് സംഘടിപ്പിക്കുന്നത്. പാരാഗ്ലൈഡിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയുമുണ്ട്.