ന്യൂദല്‍ഹി. ഉടന്‍ യുകെയിലേക്ക് പറക്കാനുള്ള വഴി അന്വേഷിക്കുകയാണോ? India Young Professionals Scheme പ്രകാരം 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് യുകെ 3000 വിസകള്‍ അനുവദിക്കും. ബാലറ്റ് സംവിധാനത്തിലൂടെയാണ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്. ഇതു പ്രകാരം സൗജന്യമായി വിസയ്ക്ക് അപേക്ഷിക്കാന്‍ രണ്ടു ദിവസം മാത്രമെ സമയമുള്ളൂ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. വ്യാഴാഴ്ച (ഫെബ്രുവരി 22) ഉച്ചയ്ക്ക് 2.30ന് അവസാനിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് അറിയിച്ചു.
ഇന്ത്യ യംഗ് പ്രൊഫഷനല്‍സ് സ്കീമിന്റെ 2024ലെ ആദ്യ ബാലറ്റ് ആണിത്. ഈ സ്കീം പ്രകാരമുള്ള വിസ ലഭിച്ചാല്‍ യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യാം. ഈ വിസയ്ക്ക് അപേക്ഷിക്കണമെങ്കില്‍ ആദ്യം ബാലറ്റില്‍ ഇടം നേടണം. ഇതിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ക്ക് യുകെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ശേഷിയും (ബാങ്ക് നിക്ഷേപമായി 2530 പൗണ്ട് ഉണ്ടായിരിക്കണം) വിദ്യാഭ്യാസ യോഗ്യതകളും ഉണ്ടായിരിക്കണം. പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നീ വിവരങ്ങള്‍ ബാലറ്റിലുള്പ്പെടാന് നല്‍കേണ്ടത്.
ഈ ബാലറ്റില്‍ നിന്നാണ് 3000 അപേക്ഷകരെ തിരഞ്ഞെടുക്കുക. റാന്‍ഡം രീതിയിലാണ് ഈ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ടാഴ്ച്ചയ്ക്കകം അപേക്ഷകരെ ഇ-മെയില്‍ മുഖേന വിവരം അറിയിക്കും. ഇ-മെയില്‍ ലഭിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി വിസ അപേക്ഷ സമര്‍പ്പിക്കണം. 298 പൗണ്ടാണ് വിസ അപേക്ഷിക്കാനുള്ള ചെലവ്.
കൂടുതൽ വിവരങ്ങൾക്ക് യുകെ സർക്കാരിന്റെ വെബ്സൈറ്റ് സന്ദർശിക്കാം