വിമാനമിറങ്ങിയാല്‍ 30 മിനിറ്റിനകം പാസഞ്ചര്‍ ബാഗേജ് കയ്യിലെത്തണം; കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

indian airports trip updates

ന്യൂദല്‍ഹി. വിമാനം ലാന്‍ഡ് ചെയ്താൽ 30 മിനിറ്റിനകം യാത്രക്കാരുടെ ചെക്ക്ഡ്-ഇൻ പാസഞ്ചര്‍ ബാഗേജ് അവരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ Bureau of Civil Aviation Security (BCAS) വിമാന കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതു നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. വിമാനമിറങ്ങിയാല്‍ ആദ്യ 10 മിനിറ്റിനകം തന്നെ ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റിൽ/ബാഗേജ് കരോസലിൽ എത്തിയിരിക്കണം. അര മണിക്കൂറിനകം എല്ലാ ബാഗേജുകളും യാത്രക്കാരുടെ കൈകളിലുമെത്തിക്കണം എന്നാണ് നിര്‍ദേശം. ഫെബ്രുവരി 26നകം ഈ കര്‍ശന സമയക്രമം നടപ്പിലാക്കണമെന്നും വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള സുരക്ഷാ വിഭാഗമായ ബിസിഎഎസ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടു.

യാത്രക്കാരുടെ ബാഗേജുകള്‍ ലഭിക്കാന്‍ സമയം വൈകുന്നതു മൂലം വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതും അത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണ് കര്‍ശന സമയക്രമം നടപ്പിലാക്കാന്‍ കാരണം. ദല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ആഗമന ഹാളില്‍ വിവിധ വിമാന കമ്പനികള്‍ യാത്രക്കാരുടെ വരവിനേയും അവരുടെ ലഗേജുകളേയും കൈകാര്യം ചെയ്യുന്നതും, ഇതിനെടുക്കുന്ന സമയവും വിശദമായി പഠിച്ച ശേഷമാണ് ബ്യൂറോ ഓഫ് സിവിലിയന്‍ എവിയേഷന്‍ സെക്യൂരിറ്റി പുതിയ ഉത്തരവിട്ടത്.

വിമാനത്തിന്റെ എഞ്ചിന്‍ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തിയിരിക്കണമെന്നും 30 മിനിറ്റിനകം അവസാന ലഗേജും എത്തിരിക്കണമെന്നുമാണ് നിലവിലുള്ള പ്രവര്‍ത്തന ഗുണമേന്മാ ചട്ടങ്ങളിലുള്ളത്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇത് കര്‍ശനമായി പാലിക്കണമെന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസന. ഇവ 10 ദിവസത്തിനകം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിസിഎഎസ് ഫെബ്രുവരി 16നാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാശ എന്നീ വിമാന കമ്പനികള്‍ക്ക് കത്തയച്ചത്.

Legal permission needed