ഷിംല. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഹിമാചല്‍ പ്രദേശിലെ (Himachal Tourism) ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ്, പ്രവേശന ഫീസുകള്‍ പകുതിയായി വെട്ടിക്കുറച്ചു. കാന്‍ഗ്ര ജില്ലയിലെ ധര്‍മശാല ഫോറസ്റ്റ് സര്‍ക്കിളാണ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്രാദേശിക ടൂര്‍ ഗൈഡുമാര്‍ക്കുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന ത്രിയുണ്ട് (Triund Trek) അടക്കമുള്ള നിരവധി ട്രെക്കിങ് പാതകളാണ് ധര്‍മശാലയിലെ മലനിരകളിലുള്ളത്. സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈ നിരക്കിളവ് അനുഗ്രഹമാകും.
ട്രെക്കിങ് പാതകളില്‍ പ്രവേശിക്കുന്നതിന് ഒരാളില്‍ നിന്ന് ഈടാക്കുന്ന പ്രതിദിന പ്രവേശന നിരക്ക് 200 രൂപയില്‍ നിന്ന് 100 രൂപയാക്കി കുറച്ചു. രണ്ടു പേര്‍ക്കുള്ള ടെന്റിങ് നിരക്ക് 1100 രൂപയില്‍ നിന്ന് 550 രൂപയായും വനം വകുപ്പ് വെട്ടിക്കുറച്ചു. കൂടാതെ രജിസ്ട്രേഷനുള്ള ഗൈഡുമാരുടെ ഫീസ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ഗൈഡുമാരുടെ അംഗീകൃത സംഘടനയായ കൂടാതെ മിസലേനിയസ് അഡ്വഞ്ചര്‍ ആക്ടിവിറ്റീസ് ഓപറേറ്റേഴ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗൈഡുമാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞ കാന്‍ഗ്ര ജില്ലയില്‍, പ്രത്യേകിച്ച് ധര്‍മശാല മേഖലയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ടൂറിസം വ്യവസായികള്‍ ഈയിടെ പരാതിപ്പെട്ടിരുന്നു. ധര്‍മശാലയില്‍ ടൂറിസ്റ്റുകളുടെ വരവ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 10 മുതല്‍ 20 മുറികള്‍ വരെയുള്ള ചെറുകിട ഹോട്ടലുകളില്‍ ഈ സീസണില്‍ വെറും 10 ശതമാനം ബുക്കിങ് മാത്രമാണെന്ന് ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുവത്സര ആഘോഷ സമയത്തു പോലും 30 ശതമാനം മാത്രമെ ബുക്കിങ് ലഭിച്ചിട്ടുള്ളൂ.