വിമാന ടിക്കറ്റ് നിരക്ക് കുറയും; ഇന്ധന വില കുറഞ്ഞതോടെ IndiGo നിരക്ക് കുറച്ചു

indiGo tripupdates

മുംബൈ. വിമാന ഇന്ധന (Aviation Turbine Fuel) വില കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ (IndiGo) ടിക്കറ്റ് നിരക്ക് കുറച്ചതോടെ വരും ദിവസങ്ങളില്‍ മറ്റു കമ്പനികളും നിരക്ക് കുറച്ചേക്കും. ഓരോ ടിക്കറ്റിലും അധികമായി ഈടാക്കിയിരുന്ന ഇന്ധന സെസ് ആണ് ഇന്‍ഡിഗോ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിയത്. ഇതോടെ ഒരു ടിക്കറ്റിന്മേല്‍ യാത്രാ ദൂരമനുസരിച്ച് 300 രൂപ മുതല്‍ 3500 രൂപവരെ കുറയും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഇന്‍ഡിഗോ ഈ അധിക ചാര്‍ജ് ഈടാക്കി തുടങ്ങിയത്. ഇപ്പോള്‍ വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് അധിക നിരക്ക് വെട്ടിക്കുറയ്ക്കാന്‍ ഇന്‍ഡിഗോ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാസത്തിനിടെ വിമാന ഇന്ധന (ATF) വിലയില്‍ 14.5 ശതമാനമാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. 16,206 രൂപയാണ് കുറച്ചത്. ദല്‍ഹിയില്‍ ഒരു കിലോ ലീറ്റര്‍ വിമാന ഇന്ധന വില ഇപ്പോള്‍ 1,01,993.17 രൂപയാണ്. ഒരു വിമാന കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനത്തോളം ഇന്ധന വിലയാണ്. ഈ വില ഗണ്യമായി കുറച്ചത് വിമാന കമ്പനികള്‍ക്ക് ഗുണകരമായി. 2023 ജൂലൈ ഒന്നു മുതല്‍ ഘട്ടങ്ങളായി 29,391.08 രൂപയാണ് ഒരു കിലോ ലീറ്ററിന്മേല്‍ വര്‍ധിപ്പിച്ചിരുന്നത്. തുടർച്ചയായി മൂന്നു മാസം ഇന്ധന വില കുറച്ചതോടെ ഈ വര്‍ധനയുടെ 45 ശതമാനവും കുറഞ്ഞു.

വിപണി വിഹതം കൊണ്ടും വിമാനങ്ങളുടെ എണ്ണം കൊണ്ടും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുറച്ചതോടെ കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് മറ്റു കമ്പനികളും ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

വിമാന ഇന്ധന വില ഇങ്ങനെ

കിലോ ലീറ്റര്‍ തോതിലാണ് വിമാന ഇന്ധന വില കണക്കാക്കുന്നത്. 1000 ലീറ്റര്‍ ആണ് ഒരു കിലോ ലീറ്റര്‍. ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഒരു കിലോ ലീറ്റര്‍ വിമാന ഇന്ധനത്തിന് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് വില. ദല്‍ഹി-1,01,993.17 രൂപ, കൊല്‍ക്കത്ത- 1,10,962.83 രൂപ, മുംബൈ- 95,372.43 രൂപ, ചെന്നൈ-1,06,042.99 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയേക്കാല്‍ കുറവാണ് ഒരു ലീറ്റര്‍ വിമാന ഇന്ധന വില.

Legal permission needed