കൊച്ചി. ഗതാഗതി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനൂകൂല തീരുമാനമുണ്ടായതിനെ തുടർന്ന് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചതായി സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ബസുടമകളുടെ പ്രധാന ആവശ്യമായ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മീഷൻ റിപോർട്ട് ലഭിച്ചതിനു ശേഷമെ ഉണ്ടാകൂവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡിസംബർ 31നകം റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
27 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ യാത്രാ നിരക്കിളവ് നൽകേണ്ടതില്ലെന്ന് ബസുടമകളുടെ സംഘടനകളുടെ സംയുക്ത യോഗത്തിൽ ധാരണയായി. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറക്കും. വിദ്യാർത്ഥി നിരക്കിളവ് പ്രായം 27 ആക്കി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണം എന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. ഇതു കേന്ദ്ര നിയമപ്രകാരമായത് കൊണ്ട് ഇളവ് നൽകാനാവില്ല. ക്യാമറ ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തിൽ 5000 രൂപ വരെ സബ്സിഡിയായി അനുവദിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.