പൊന്മുടിയില്‍ ലോക സൈക്കിളോട്ടക്കാരുടെ മാമാങ്കം; ആദ്യമായി ഇന്ത്യയിലെത്തിയ Asian Mountain Bike Championship 26 മുതല്‍

തിരുവനന്തപുരം. സാഹസിക സൈക്കിളോട്ടക്കാരുടെ ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കമായ Asian Mountain Bike Championship വ്യാഴാഴ്ച (ഒക്ടോബർ 26) മുതല്‍ പൊന്മുടിയില്‍ (Ponmudi Hill) ആരംഭിക്കും. മെര്‍ക്കിന്‍സ്റ്റന്‍ എസ്റ്റേറ്റിലെ ചെങ്കുത്തായ മലനിരകളില്‍ തേയിത്തോട്ടത്തിനു നടുവിലൂടെ ഒരുക്കിയ പ്രത്യേക ട്രാക്കിലാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പര്‍വ്വത സൈക്കിളോട്ടക്കാര്‍ മത്സരിക്കുക. 2024ല്‍ നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്‌സിന്റെ (Paris 2024 Summer Olympics) യോഗ്യതാ മത്സരം കൂടിയാണിത്. പൊന്മുടിയിലെ സാഹസിക ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയിലെത്തിക്കുന്നതാണ് ഈ ചാമ്പ്യന്‍ഷിപ്പ്.

മെര്‍ക്കിന്‍സ്റ്റന്‍ എസ്റ്റേറ്റിലെ ട്രാക്കില്‍ ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍, കൊറിയ, ഇന്തൊനേഷ്യ ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്തിയിരുന്നു. 30 പേരടങ്ങുന്ന ഇന്ത്യന്‍ ടീം ഒരു മാസമായി പൊന്മുടിയില്‍ പരിശീലനം നടത്തി വരികയായിരുന്നു. ഏഷ്യന്‍ റാങ്കിങ്ങില്‍ നിവലില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ പരിശീലകന്‍ കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പരിശീലകന്‍ ചന്ദ്രന്‍ ചെട്ട്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് മാസം മുമ്പാണ് പൊന്മുടിയിലെ ട്രാക്ക് നിര്‍മാണം ആരംഭിച്ചത്. തേയിലത്തോട്ടത്തിലെ നടവഴികളാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്കുകളാക്കി മാറ്റിയത്. നാലു കിലോമീറ്റര്‍ ദൂരത്തില്‍ വൃത്താകൃതിയിലാണ് ഈ ട്രാക്ക്. സാഹസിക കായിക മത്സരമായതിനാല്‍ എല്ലാവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

ചാമ്പ്യന്‍ ഷിപ്പില്‍ 1.2 കിലോ മീറ്റര്‍ ദൂരമുള്ള ഡൗണ്‍ഹില്‍ മത്സരവും 3.2 കിലോമീറ്റര്‍ ദൂരമുള്ള ക്രോസ് കണ്‍ട്രി മത്സരവുമാണുള്ളത്. ചെങ്കുത്തായ മലനിരകളിലൂടെ താഴെ നിന്നും മുകളിലേക്ക് അതിവേഗം സൈക്കിളോടിച്ച് ഒറ്റ ലാപ്പില്‍ ഫിനിഷ് ചെയ്യുന്നതാണ് ഡൗണ്‍ഹില്‍ മത്സരം. ഓരോ മത്സരാര്‍ത്ഥിയും പ്രത്യേകം മത്സരിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ 1.2 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാകുന്നയാളാണ് ജേതാവ്. പുരഷ, വനിതാ വിഭാഗങ്ങളിലായി അണ്ടര്‍ 18, എലീറ്റ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

വളഞ്ഞു പുളഞ്ഞു പോകുന്ന ട്രാക്കിലൂടെ ഏഴു ലാപ്പുകളിലായി 3.2 കിലോമീറ്റര്‍ ദൂരം കവര്‍ ചെയ്യുന്നതാണ് ക്രോസ് കണ്‍ട്രി. എല്ലാ മത്സരാര്‍ത്ഥികളും ഒന്നിച്ചാണ് ഓടിക്കുക. 40 പേര്‍ വരെ മത്സരിക്കും. ഏഴ് ലാപ്പുകളും ആദ്യം ഓടിച്ചെത്തുന്നയാളാണ് ജേതാവ്. പുരുഷ, വനിതാ വിഭാഗങ്ങളിലായി അണ്ടര്‍ 18, അണ്ടര്‍ 23, എലീറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.

Legal permission needed