കൊച്ചി. ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിക്ക് പുതിയ തിലകക്കുറിയായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ (Water Metro) യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. പ്രവര്‍ത്തനം തുടങ്ങി ആറു മാസം പിന്നിടുമ്പോഴാണ് നിര്‍ണായക നേട്ടം. കുടുംബ സമേതം യാത്രക്കെത്തിയ മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് 10 ലക്ഷം തികച്ച യാത്രക്കാരി. ഹൈക്കോര്‍ട്ട് ജങ്ഷന് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്കാണ് സന്‍ഹ യാത്ര ചെയ്തത്. വാട്ടര്‍ മെട്രോ സന്ഹയ്ക്ക് പ്രത്യേക ഉപഹാരം നല്കി.
ഒക്ടോബര്‍ 26നാണ് വാട്ടര്‍ മെട്രോ ആറു മാസം പൂര്‍ത്തിയാക്കുന്നത്. ചുരുങ്ങിയ കാലയളവിലാണ് ഒരു മില്യണ്‍ യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. ഹൈക്കോര്‍ട്ട് ജങ്ഷന്, വൈപ്പിന്‍, ബോള്‍ഗാട്ടി, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 12 ഇലക്ട്രിക്-ഹൈസ്പീഡ് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തി വരുന്നത്. ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിങ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പ്രധാന ടൂറിസം കേന്ദ്രം കൂടിയായ ഫോര്‍ട്ട് കൊച്ചിയില്‍ പുതിയ ടെര്‍മിനല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ സര്‍വീസുകളുണ്ടാകും.