മീശപ്പുലിമല ട്രെക്കിങ്ങിനെത്തുന്നവര്‍ക്ക് കാഴ്ചാവിരുന്നൊരുക്കി വരയാടുകളും

മൂന്നാര്‍. മീശപ്പുലിമല (Meesapulimala) ട്രെക്കിങിനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചയായി വരയാടുകളുടെ സാന്നിധ്യം സജീവമായി. വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വമായ വരയാടുകളെ (Nilgiri Tahr) അടുത്തു കാണാനുള്ള അവസരമാണിപ്പോള്‍ മീശപ്പുലിമലയിലും. നീലഗിരി ജൈവമണ്ഡലത്തില്‍ മാത്രം കാണപ്പെടുന്ന വരയാടുകളുടെ സംരക്ഷണത്തിനുള്ള ദേശീയോദ്യാനമായ ഇരവികുളം നാഷനല്‍ പാര്‍ക്കിലാണ് (Eravikulam National Park) പ്രധാനമായും വരയാടുകളെ കാണാന്‍ കഴിയുക. ഈ ഉദ്യാനമേഖലയില്‍ ഉള്‍പ്പെടുന്ന രാജമലയില്‍ വരയാടുകളെ അടുത്തു കാണുന്നതിനായി വനംവകുപ്പ് സഞ്ചാരികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജമലയ്ക്കു പുറമെ വരയാടുകളെ അടുത്തു നിന്ന് കാണാന്‍ കഴിയുന്ന പ്രധാന ഇടമായി ഇപ്പോള്‍ മീശപ്പുലിമല മാറിയിരിക്കുന്നു. ഇവിട 50ലേറെ വരയാടുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

സാഹസികപ്രിയരായ വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ മീശപ്പുലിമലയില്‍ ഏതാനും മാസങ്ങളായി, മേഞ്ഞുനടക്കുന്ന വരയാടുകളെ സജീവമായി കാണപ്പെടുന്നുണ്ട്. മീശപ്പുലിമല ട്രെക്കിങ് ആരംഭിക്കുന്ന റോഡോ മാന്‍ഷന്‍ മുതല്‍ ട്രെക്കിങ് അവസാനിക്കുന്ന സ്ഥലം വരെ നിരവധി വരയാടുകളേയും കുഞ്ഞുങ്ങളേയും കാണാം.

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനു കീഴിലുള്ള ഇക്കോടൂറിസം പദ്ധതിയുടെ മീശപ്പുലിമല ട്രെക്കിങ് പാക്കേജിലൂടെ മാത്രമെ ഇവിടെ എത്തിച്ചേരാനാകൂ. മൂന്നാറില്‍ നിന്ന് 34 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഒരു ദിവസം 70 പേര്‍ക്ക് വരെയാണ് വനം വകുപ്പ് പ്രവേശനം അനുവദിക്കുക. 18 പേര്‍ക്ക് തങ്ങാവുന്ന റോഡോ മാന്‍ഷന്‍ എന്ന അതിഥി മന്ദിരവും 50 പേര്‍ക്കു വരെ തങ്ങാവുന്ന ബേസ് ക്യാമ്പിലെ ടെന്റുകളുമാണ് താമസ സൗകര്യം. റോഡോ മാന്‍ഷനിലെ താമസവും ഭക്ഷണവും ഉള്‍പ്പെടെ 3,245 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്.

Legal permission needed