കോഴിക്കോട്. കഴിഞ്ഞ മാസം മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലഡാക്കിലൂടെ നടത്തിയ 1300 കിലോമീറ്റർ സാഹസിക ബൈക്ക് റൈഡ് (Ladakh Bike Ride) സംഘത്തിലെ ആറു പേരിൽ ഒരാളായി കോഴിക്കോട്ടുകാരൻ മുർഷിദ്. ദിവസങ്ങൾക്കു മുമ്പ് രാഹുൽ ഈ സാഹസിക റൈഡിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോഴാണ് രാഹുലിനൊപ്പമുണ്ടായിരുന്ന അഞ്ച് റൈഡിങ് വിദഗ്ധരെ പലരും അറിയുന്നത്. അവരിൽ ഒരാളായിരുന്നു സാഹസിക ബൈക്ക് സ്റ്റണ്ട് മോട്ടോറിസ്റ്റായ മുർഷിദ് ബാൻഡിഡോസ്.
പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി കൂടി ഉൾക്കൊള്ളിച്ച് രാഹുൽ ഇന്ത്യയിലെ വിദഗ്ധരായ അഞ്ച് യുവ റൈഡർമാർക്കൊപ്പം ലഡാക്കിലൂടെ ആറു ദിവസം നീണ്ട സാഹസിക ബൈക്ക് റൈഡ് നടത്തിയത്. തന്റെ റൈഡിങ് ജീവിതത്തിലെ അവിസ്മരണീയ സാഹസിക റൈഡായിരുന്നു ഇതെന്ന് മുർഷിദ് പറയുന്നു. യാദൃശ്ചികമായല്ല മുർഷിദ് ഈ സംഘത്തിലെത്തുന്നത്. രാഹുലിന്റെ സംഘം വിദഗ്ധ റൈഡർമാർക്കായി നടത്തിയ അന്വേഷണത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലയാളി റൈഡർ എന്ന നിലയിൽ മുർഷിദിന് സംഘത്തിൽ ഇടം ലഭിച്ചത്. റേസിങ് താരങ്ങളും പരിശീലകരുമായ നിലേഷ്, ടെൻസിങ്, സിങ്, രാകേഷ് ബിഷ്ട് എന്നിവരായിരുന്നു സംഘത്തിലെ മറ്റു നാലു പേർ.
ആദ്യമായിട്ടാണെങ്കിലും സാഹസിക ബൈക്ക് റൈഡിങ് രാഹുൽ അതിശയിപ്പിക്കുന്ന വേഗത്തിലാണ് പഠിച്ചതെന്ന് മുർഷിദ് പറയുന്നു. മികച്ച മോട്ടോർ സൈക്കിൾ ഉൾപ്പെടെ പൂർണ റൈഡിങ് ഗിയറും രാഹുലിന് സ്വന്തമായുണ്ടായിരുന്നു. ഞങ്ങളിൽ നിന്ന് കൂടുതൽ അറിയാനും പഠിക്കാനുമായിരുന്ന രാഹുൽ യാത്രയുലടനീളം ശ്രമിച്ചത്. വേഗത്തിൽ പഠിച്ചെടുക്കാനുള്ള രാഹുലിന്റെ ജിജ്ഞാസയും ഊർജസ്വലതയും മികച്ച മാതൃകയാണെന്നും മുർഷിദ് പറഞ്ഞു.
ഓരോ ദിവസം 100 മുതൽ 200 കിലോമീറ്റർ വരെ ദൂരമാണ് റൈഡുണ്ടായിരുന്നത്. ലേയിൽനിന്ന് പാങ്കോങ് തടാകം, നുബ്ര വാലി, ലമയൂരു വഴി സംഘം ഒരുമിച്ച് 1,300 കിലോമീറ്റർ റൈഡ് നടത്തി. “തുടക്കക്കാരന്റെ ക്ഷീണമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇടവേളകളിൽ പ്രദേശവാസികളിലേക്ക് ഇറങ്ങി ചെന്ന് അവരുമായി സംസാരിക്കാനും കാര്യങ്ങൾ അന്വേഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി,” മുർഷിദ് പറഞ്ഞു.
ബൈക്ക് സ്റ്റണ്ട്കളിലൂടെയാണ് മുർഷിദ് ബഷീർ എന്ന മുർഷിദ് ബാൻഡിഡോസ് പ്രശസ്തനാകുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയമായ ബൈക്ക്സ്റ്റണ്ടും റേസും നടത്തി രാജ്യത്തെ മികച്ച ബൈക്ക് സ്റ്റണ്ടർമാരിൽ ഒരാൾ ആയി മാറി. ലോകപ്രശസ്ത ബൈക്ക് സ്റ്റണ്ട് പ്രൊഫഷണലായ ക്രിസ് ഫൈഫറിനൊപ്പം ബാംഗ്ലൂരിൽ സ്റ്റണ്ട് അവതരിപ്പിച്ചതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. ബാൻഡിറ്റ് ബൈക്കേഴ്സ് എന്ന പേരിൽ എന്ന പേരില് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഒരു സ്റ്റണ്ട് ടീം ഉണ്ടാക്കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനങ്ങളും രാജ്യാന്തര തലത്തിൽ മികച്ച റേസ് ഇവന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. മുർഷിദും സംഘവും നേതൃത്വം നൽകുന്ന ബാൻഡിഡോസ് ഡേട്ട് എക്സ്ട്രീം എന്ന പേരിൽ രാജ്യാന്തര നിലവാരത്തിലുള്ള റേസ് ഇവന്റ് കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്.യു ട്യൂബ്, ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹത്തിന്റെ വീഡിയോകളും വൈറലാണ്.