മുംബൈയുടെ മുദ്രയായിരുന്ന പഴയ ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തൊഴിയുന്നു

മുംബൈ. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ മഹാനഗരത്തിന്റെ പ്രധാന മുദ്രകളിലൊന്നായിരുന്ന പഴയ ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. സെപ്തംബര്‍ 15ന് ആയിരിക്കും ഇവയുടെ അവസാന ഓട്ടം. മുംബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന മുകള്‍ ഭാഗം തുറന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഒക്ടോബര്‍ അഞ്ചിനും സര്‍വീസ് അവസാനിപ്പിക്കും. മറൈന്‍ ഡ്രൈവിലൂടെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കുള്ള ഈ ബസിന്റെ സര്‍വീസ് ടൂറിസ്റ്റുകളുടെ പ്രിയ റൈഡുകളിലൊന്നാണ്.

പഴയ ബസുകള്‍ക്കു പകരം പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ എസി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് മുംബൈ നഗരസഭയുടെ ഗതാഗത കമ്പനിയായ ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (BEST) തീരുമാനം. മാസങ്ങൾക്ക് മുമ്പാണ് ബെസ്റ്റ് പുതിയ ഡബിൾ ഡെക്കർ എസി ഇ-ബസുകളിൽ മുംബൈയിൽ ആദ്യമായി അവതരിപ്പിച്ചത്. ക്രമേണ ഇവയുടെ എണ്ണം വർധിപ്പിക്കാനാണ് പദ്ധതി. പ്രധാന ടൂറിസ്റ്റ് റൂട്ടുകളിലെല്ലാം ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ എസി ബസ് ഓടിക്കുമെന്ന് കമ്പനി അറിയിച്ചു. 18 പുതിയ ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ കൂടി വാങ്ങും. ഇതില്‍ 10 എണ്ണം സബര്‍ബന്‍ സര്‍വീസുകള്‍ക്കും എട്ടെണ്ണം സൗത്ത് മുംബൈയിലും ഉപയോഗിക്കും. സ്വിച്ച് എന്ന സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്ന് 200 പുതിയ ഇ-ബസുകൾക്ക് നേരത്തെ ബെസ്റ്റ് ഓർഡർ നൽകിയിരുന്നു.

ഒരു കാലത്ത് മുംബൈ നഗരത്തിലുടനീളം ഡബിള്‍ ഡക്കര്‍ ബസുകള്‍ മാത്രമാണുണ്ടായിരുന്നത്. സാധാരണ ബസുകള്‍ കൂടുതലായും സബര്‍ബന്‍ റൂട്ടുകളിലായിരുന്നു അക്കാലത്ത് സര്‍വീസ് നടത്തിയിരുന്നത്. ഒരേ സമയം 242 ഡബിള്‍ ഡക്കര്‍ ബസുകള്‍ വരെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നു. 2010ല്‍ ഇത് 122 ആയി കുറച്ചു. 2019ഓടെ വെറും 48 ആയും കുറച്ചു. ഇപ്പോല്‍ വെറും അഞ്ച് ഡബിള്‍ ഡക്കര്‍ ബസുകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.

മറൈന്‍ ഡ്രൈവിലൂടേയും ഗേറ്റ് വേ ഓഫ് ഇന്ത്യയിലൂടേയും കടന്നു പോകുന്ന ബാന്ദ്ര-വോര്‍ളി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് നഗരത്തിലെ പ്രധാന ഉല്ലാസ യാത്രകളിലൊന്നായിരുന്നു. നഗരത്തിന്റെ മനോഹര കാഴ്ചകള്‍ കണ്ടുള്ള ഈ യാത്ര നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു.

Legal permission needed