ബെംഗളൂരു. ഓണം സീസണിൽ കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കർണാടക ആർടിസി (Karnataka RTC) ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 32 പ്രത്യേക സർവീസുകൾ നടത്തും. ആവശ്യക്കാർ ഏറിയതിനെ തുടർന്ന് അധിക നിരക്ക് ഈടാക്കിയാണ് സർവീസ്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഓഗസ്റ്റ് 25നു മാത്രം 22 സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, ആലപ്പുഴ, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മൂന്നാർ, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ.
ഓഗസ്റ്റ് 24ന് അഞ്ച് ബസുകളും 23ന് മൈസൂരു-എറണാകുളം സ്പെഷ്യൽ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. 26ന് നാല് പ്രത്യേക ബസുകളാണ് കേരളത്തിലേക്കുള്ളത്. ബംഗളൂരു-കണ്ണൂർ ബസ് രാത്രി 9.13നും പാലക്കാട് ബസ് രാത്രി 9.47നും തൃശൂർ ബസ് 9.45നും പുറപ്പെടും. 26ന് മൈസൂരു-എറണാകുളം ബസ് രാത്രി 9.28നും പുറപ്പെടും. ഈ സർവിസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. തിരക്കിന് അനുസരിച്ച് 30 ശതമാനം അധികനിരക്കാണ് കർണാടക ആർടിസി ഈടാക്കുന്നത്.
23 മുതൽ 27 വരെയുള്ള പതിവ് സർവിസുകളിലെ ടിക്കറ്റുകൾ ഇതിനകം തീർന്നിട്ടുണ്ട്. ഇതോടെയാണ് പ്രത്യേക ബസുകൾ അനുവദിച്ചത്. കെഎസ്ആർടിസി (KSRTC) 25ന് 20 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി രണ്ട് പ്രത്യേക ബസുകളും അനുവദിച്ചു. ആഗസ്റ്റ് 25ന് രാത്രി 8.14നും 8.30നുമാണ് ഈ എ.സി മൾട്ടി ആക്സിൽ ബസുകൾ ബംഗളൂരുവിൽ നിന്ന് പുറപ്പെടുക. ശാന്തിനഗറിൽ നിന്ന് പുറപ്പെട്ട് തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. ആലപ്പുഴയിലേക്കുള്ള പ്രതിദിന സർവിസിനു പുറമെയാണിത്.