KOCHI-VIETNAM നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി

കൊച്ചി. കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചു. വിയറ്റ്‌നാമിലെ പ്രധാന നഗരങ്ങളിലൊന്നായ ഹോ ചി മിന്‍ സിറ്റി(Ho Chi Minh City)യിലേക്കാണ് കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍. ആഴ്ചയില്‍ നാലു ദിവസം വിമാനങ്ങളുണ്ടാകും. വിയറ്റ്‌നമീസ് വിമാന കമ്പനിയായ വിയെറ്റ് ജെറ്റ് (VietJet) ആണ് സര്‍വീസുകള്‍ നടത്തുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്. 5555 രൂപയുടെ ഇക്കോണമി ടിക്കറ്റിനു പുറമെ ബിസിനസ്, സ്‌കൈബോസ് ടിക്കറ്റുകൾക്ക് പ്രത്യേക ഇളവുകളും അവതരിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കും ബുക്കിങിനും വിയറ്റ്‌ജെറ്റ് എയറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൊച്ചിയിൽ നിന്ന് രാത്രി 11.50 പുറപ്പെടുന്ന വിമാനം ഹോ ചി മിൻ സിറ്റിയിൽ പ്രാദേശിക സമയം 6.40ന് ഇറങ്ങും. 5.20 മണിക്കൂറാണ് യാത്രാ സമയം.

ഇതോടെ കൊച്ചിയില്‍ നിന്ന് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 45 ആയി ഉയര്‍ന്നു. നിലവില്‍ സിംഗപൂരിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളും, ക്വലലംപൂരിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകളും, ബാങ്കോക്കിലേക്ക് ആഴ്ചയില്‍ ആറു ദിവസം ഓരോ സര്‍വീസുകളുമാണ് കൊച്ചിയില്‍ നിന്ന് നേരിട്ടുള്ളത്.

വിയെറ്റ് ജെറ്റ് സര്‍വീസ് കൂടി ആരംഭിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് നേട്ടമായി. വിദേശത്തേക്ക് ബജറ്റ് വിനോദ യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് മികച്ച ഇടമാണ് വിയറ്റ്‌നാം. കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വിയറ്റ്‌നാം യാത്രകളും വര്‍ധിച്ചിട്ടുണ്ട്. പുതിയ ബജറ്റ് വിമാന സര്‍വീസ് വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാകും.

Legal permission needed