ന്യൂ ദല്‍ഹി. ഓണം (Onam) സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ടിക്കറ്റ് നിരക്കു വര്‍ധന നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം വ്യോമായ മന്ത്രാലയം (Ministry of Civil Aviation) നിരസിച്ചു.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരത്തെ കത്തയിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വിമാന കമ്പനികൾക്കാണ് അധികാരം. ഓണം സീസണിൽ മറ്റു സമയത്തേക്കാൾ നിരക്ക് വർധന 9.77 ശതമാനം മാത്രമെ ഉള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യക്കാർ വർധിക്കുമ്പോൾ നിരക്കും വർധിക്കുന്ന ഡൈനമിക് പ്രസിങ് രീതിയാണ് വിമാന കമ്പനികൾ പിന്തുടരുന്നത് എന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുക മാത്രമെ നിരക്ക് വർധന മറികടക്കാൻ വഴിയുള്ളൂവെന്നും മുഖ്യമന്ത്രിക്കു നൽകിയ മറുപടിയിൽ കേന്ദ്ര മന്ത്രി അറിയിച്ചു.
നിരക്കു വർധനയ മറികടക്കാനും പ്രവാസികളെ സഹായിക്കുന്നതിനുമായി ചാർട്ടർ വിമാനങ്ങൾ അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി. ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നത് ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ചു കൊണ്ടാണെന്ന് മന്ത്രി അറിയിച്ചു.
ഇതേ ആവശ്യങ്ങളുന്നയിച്ച് നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കത്തയിച്ചിരുന്നു.