മൈസൂരു. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മൈസൂരുവിലെ (Mysuru) ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്യൂ ആര് കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിങ് സംവിധാനം അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എച്.കെ പാട്ടീല്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ വെവ്വേറെ ടിക്കറ്റ് വാങ്ങുന്നതിനായി വരിയില്‍ ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. പലയിടത്തും പ്രവേശന കവാടത്തില്‍ നീണ്ട ക്യൂ ആണ്.
ക്യൂ ആര് കോഡുള്ള ടിക്കറ്റ് അവതരിപ്പിക്കുന്നതോടെ ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് തന്നെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. കുറഞ്ഞ നിരക്കിലുള്ള പാര്‍ക്കിങ് ഫീസും ഈ ടിക്കറ്റിലുള്പ്പെടുത്തുന്നത് സഞ്ചാരികള്‍ക്ക് ഏറെ സഹായകമാകും. ഇതുവഴി സമയം ലാഭിക്കുന്നതിനു പുറമെ കൊള്ളനിരക്ക് ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാമെന്നും മന്ത്രി പറഞ്ഞു.
മൈസൂരു ഇപ്പോള്‍ ദസറ (Dasara festival) ആഘോഷത്തിനുള്ള മുന്നൊരുക്കങ്ങളിലാണ്. തയാറെടപ്പുകള്‍ മന്ത്രി വിലയിരുത്തി. വിദേശികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ദസറ ആഘോഷ സീസണില്‍ മൈസൂരുവിലെത്തുന്നത്. ഇവരുടെ സഹായത്തിനായി ടൂറിസ്റ്റ് പൊലീസ് സര്‍വ്വസജ്ജരായി രംഗത്തുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സഹായത്തിനായി ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ടൂറിസ്റ്റ് പൊലീസിനെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ടൂറിസ്റ്റ് പൊലീസ് സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.