കൊച്ചി. ഇടുക്കി ശാന്തന്‍പാറയില്‍ കാലങ്ങളായി ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്ന പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് (PWD Rest House) പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു വിഐപി മുറി ഉള്‍പ്പെടെ രണ്ട് മുറികളാണ് ഇവിടെയുള്ളത്. ഓണ്‍ലൈന്‍ ബുക്കിങ് ഓണ്‍ലൈന്‍ ആയിരിക്കും. 400 രൂപയാണ് വാടക. വിനോദ സഞ്ചാരികള്‍ക്കു കൂടി താമസ സൗകര്യം നല്‍കിയാല്‍ പൊതുമരാമത്ത് വകുപ്പിന് വരുമാനവും ലഭിക്കും.
തിരു-കൊച്ചി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വിശ്രമ കേന്ദ്രമാണിത്. അക്കാലത്ത് തമിഴ്‌നാട്ടിലേക്കുള്ള പ്രധാന റോഡ് നിര്‍മാണ സമയത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശാന്തന്‍പാറയില്‍ താമസിക്കാനായാണ് ഈ വിശ്രമ കേന്ദ്രം നിര്‍മിച്ചത്.
കരിങ്കല്‍ ഉപയോഗിച്ചാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാലപ്പഴക്കമേറിയിട്ടും കെട്ടിടത്തിന് കെട്ടുറപ്പ് നല്‍കുന്നത് ഇതാണ്. മേല്‍ക്കൂരയും തറയും തകര്‍ന്ന നിലയില്‍ വര്‍ഷങ്ങളായി വെറുതെ കിടക്കുകയായിരുന്നു. നാലു വര്‍ഷം മുമ്പ് അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും ആരും താമസിക്കാന്‍ എത്തിയിരുന്നില്ല. വീണ്ടും ഈ വിശ്രമ കേന്ദ്രം ജനുവരിയിലാണ് അറ്റക്കുറ്റപ്പണി നടത്തി നവീകരിച്ചത്.